(www.kl14onlinenews.com)
(15-Aug -2022)
ദുബൈ: പ്രതികൂല കാലാവസ്ഥ കാരണം ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ (DXB) 44 സര്‍വീസുകള്‍ റദ്ദാക്കി. 12 സര്‍വീസുകള്‍ ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്കും (DWC) രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കും പുനഃക്രമീകരിച്ചു. കാലാവസ്ഥാ മെച്ചപ്പെട്ടു വരുന്നതിനാല്‍ സര്‍വീസുകള്‍ സാധാരണ നിലയിലായിക്കൊണ്ടിരിക്കുകയാണെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ഞായറാഴ്‍ച ഉച്ചയ്‍ക്ക് ശേഷവും തിങ്കളാഴ്‍ച രാവിലെയുമുള്ള ചില സര്‍വീസുകളാണ് റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യേണ്ടി വന്നത്. ഞായറാഴ്‍ച രാവിലെ മുതല്‍ ശക്തമായ പൊടിക്കാറ്റാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്. ദൂരക്കാഴ്‍ച തടസപ്പെടുന്ന സാഹചര്യമുണ്ടായതോടെ വിമാന സര്‍വീസുകളെയും ബാധിച്ചു. ഞായറാഴ്‍ച 10 സര്‍വീസുകള്‍ ദുബൈയിലെ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്കും മറ്റ് വിമാനത്താവളങ്ങളിലേക്കും പുനഃക്രമീകരിക്കേണ്ടി വന്നതായി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചിരുന്നു.
വിമാനക്കമ്പനികളുമായി സഹകരിച്ച് എത്രയും വേഗം വ്യോമഗതാഗതം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണെന്നും പ്രസ്‍താവനയില്‍ പറയുന്നുണ്ട്. യാത്രക്കാര്‍ അതത് വിമാനക്കമ്പനികളുടെ വെബ്‍സൈറ്റുകള്‍ നേരിട്ട് പരിശോധിച്ച് വിമാന സര്‍വീസുകളുടെ സമയം ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും ദൂരക്കാഴ്‍ച ഇന്നലെ 500 മീറ്ററില്‍ താഴെയായി കുറഞ്ഞുവെന്ന് യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദുബൈയിലെ പല സ്ഥലങ്ങളിലും പൊടിക്കാറ്റ് മൂലം ദൂരക്കാഴ്‍ച 500 മീറ്ററിലും താഴെയായതോടെ ബുര്‍ജ് ഖലീഫയും ഐന്‍ ദുബൈയും ഉള്‍പ്പെടെയുള്ളവയുടെ ദൂരക്കാഴ്‍ച അസാധ്യമായി. അതേസമയം അഞ്ച് എമിറേറ്റുകളില്‍ ഇന്ന് ഇന്ന് ശക്തമായ മഴ ലഭിക്കുകയും ചെയ്‍തു. യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം പൊടി നിറഞ്ഞ കാലവസ്ഥയും മഴയും അടുത്ത നാല് ദിവസം കൂടി തുടരും.
Post a Comment