(www.kl14onlinenews.com)
(15-Aug -2022)
ബാംഗ്ലൂർ :
സ്വാതന്ത്ര്യദിനത്തില്‍ അമീര്‍ അഹമ്മദ് സര്‍ക്കിളില്‍ പതിപ്പിച്ച വീര്‍ സവര്‍ക്കറുടെ പോസ്റ്ററുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ ശിവമോഗയിലെ ഗാന്ധി ബസാര്‍ മേഖലയില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു
. പ്രേം സിംഗ് എന്നയാള്‍ക്കാണ് കുത്തേറ്റത്. ഇയാളെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിവമോഗയിലെ സവര്‍ക്കറുടെ പോസ്റ്ററിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
'ശിവമോഗയില്‍ ഒരു അനിഷ്ട സംഭവം നടന്നിട്ടുണ്ട്. സവര്‍ക്കര്‍ ഫോട്ടോ വിഷയവുമായി ബന്ധപ്പെട്ടതാണെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ പൂര്‍ണ്ണമായ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.'- കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. കര്‍ണാടക പോലീസ് ശിവമോഗ ജില്ലയുടെ ചില ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടകളെല്ലാം അടപ്പിച്ചു.
സവര്‍ക്കറുടെ പോസ്റ്റര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏതാനും മുസ്ലീം യുവാക്കള്‍ക്കെതിരെ തിങ്കളാഴ്ച രാവിലെ ഹിന്ദു അനുകൂല പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. സമാനമായ സംഭവത്തില്‍, മംഗലാപുരത്തെ സൂറത്ത്കല്‍ ജംഗ്ഷനില്‍ ഹിന്ദുത്വ സൈദ്ധാന്തികനായ സവര്‍ക്കറുടെ പേരെഴുതി സ്ഥാപിച്ച ബാനര്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) പ്രവര്‍ത്തകര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് നീക്കം ചെയ്തിരുന്നു.
സൂറത്ത്കല്‍ വര്‍ഗീയ സംഘര്‍ഷ മേഖലയായതിനാലാണ് വിഷയം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് എസ്ഡിപിഐ പ്രാദേശിക നേതാവ് പറഞ്ഞു. സര്‍ക്കിളിന് സവര്‍ക്കറുടെ പേരിടുന്നതിനെ എസ്ഡിപിഐ എതിര്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി
Post a Comment