(www.kl14onlinenews.com)
(27-Aug -2022)
കാസർകോട്: തെരുവുനായ് ശല്യത്തിനെതിരായുള്ള എ.ബി.സി. പദ്ധതി സംസ്ഥാന സര്‍ക്കാറില്‍നിന്ന് അംഗീകാരം കിട്ടിയാലുടന്‍ നടപ്പാക്കാൻ ജില്ല പഞ്ചായത്ത് ഭരണസമിതി യോഗ തീരുമാനം. പഞ്ചായത്തുകള്‍ ചുമതല ഏറ്റെടുത്ത് നടപ്പാക്കുന്ന പദ്ധതിയില്‍ ജില്ല പഞ്ചായത്തും സഹകരിക്കും.
തെരുവു നായ്ക്കൾക്ക് ബ്ലോക്ക് അടിസ്ഥാനത്തില്‍ പാര്‍പ്പിടം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ആലോചനായോഗം ചേരും. ജില്ലയില്‍ ആരോഗ്യമേഖലയില്‍ (അലോപ്പതി, ആയുര്‍വേദം, ഹോമിയോ) മരുന്നുകള്‍ ലഭ്യമാക്കും. അറ്റകുറ്റപ്പണികള്‍ ആവശ്യമായ മേഖലകളില്‍ ത്വരിതഗതിയില്‍ ആരംഭിക്കും.
റോഡുനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്റ്റിമേറ്റ് എത്രയും വേഗം നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബര്‍ 15ഓടെ ആരംഭിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് യോഗം നിര്‍ദേശം നല്‍കി.
ജില്ലയുടെ സാമ്പത്തിക സ്ഥിതി അവലോകന റിപ്പോര്‍ട്ട് തയാറാക്കാന്‍ കേരള കേന്ദ്ര സര്‍വകലാശാലയെ ചുമതലപ്പെടുത്തി. പഴം-പച്ചക്കറി സംസ്‌കരണവും മൂല്യവർധിത ഉൽപന്നങ്ങള്‍ നിര്‍മിക്കുന്നതും കുടുംബശ്രീ ഏറ്റെടുക്കും. വയോജനങ്ങള്‍ക്ക് പോഷകാഹാരം നല്‍കാന്‍ ജെറിയാട്രിക് ഭക്ഷണം നിര്‍മിക്കാന്‍ ജില്ലയില്‍ ന്യൂട്രിമിക്‌സ് ഉണ്ടാക്കുന്ന സംഘങ്ങളുടെയും ന്യൂട്രീഷ്യനിസ്റ്റിന്റെയും വയോജന സംഘടന പ്രതിനിധികളുടെയും യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്നവരുടെ അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതുമായി ബന്ധപ്പെട്ട് ബഡ്‌സ് സ്‌കൂളുകളുടെയും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയിലെ സന്നദ്ധ പ്രവര്‍ത്തകരുടെയും യോഗം സെപ്റ്റംബര്‍ പത്തിനുള്ളില്‍ ചേര്‍ന്ന് 15നുള്ളില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
ജില്ല പഞ്ചായത്തിന്റെ കീഴിലുള്ള സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിവരുകയാണ്. അറ്റകുറ്റപ്പണികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ യോഗം നിര്‍ദേശം നല്‍കി. സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ അവശേഷിക്കുന്ന ജില്ല പഞ്ചായത്ത് സ്‌കൂളുകളിലും അനുബന്ധ സ്ഥാപനങ്ങളിലും പ്ലാന്റ് സ്ഥാപിക്കാനുള്ള ടെൻഡര്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ. ശകുന്തള, എസ്.എന്‍. സരിത, ഗീതാ കൃഷ്ണന്‍, ഷിനോജ് ചാക്കോ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാന്‍, ജാസ്മിന്‍ കബീര്‍, സി.ജെ. സജിത്ത്, ജമീല സിദ്ദീഖ്, കെ. കമലാക്ഷി, നാരായണ നായ്ക്, എം. ഷൈലജ ഭട്ട്, എം. മനു, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. സൈമ, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപന്‍, വിവിധ നിര്‍വഹണോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ല പഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് സെപ്റ്റംബറില്‍ തുടക്കം
കാസർകോട്: ജില്ല പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. വിശദ വിവര റിപ്പോര്‍ട്ട് ആവശ്യമായ പദ്ധതികള്‍ക്ക് അംഗീകൃത ഏജന്‍സി വഴി ഡി.പി.ആർ. തയാറാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. സംയുക്ത പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളുടെ യോഗം വിളിച്ച് ചേര്‍ക്കും.
ഇതിനായി ജില്ലതല നിര്‍വഹണ ഉദ്യോഗസ്ഥന്‍മാരെയും നവകേരളം കര്‍മപദ്ധതി ജില്ലതല കോഓഡിനേറ്റര്‍ കെ. ബാലകൃഷ്ണനെയും ചുമതലപ്പെടുത്തും. പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാന്‍ അംഗീകൃത ഏജന്‍സികളെ ആശ്രയിക്കാനും ഇതിനായി ഏജന്‍സികള്‍ക്ക് കത്തയക്കാനും തീരുമാനിച്ചു.
Post a Comment