കാലം മാറി; ഇനി പാക് ബാറ്റിങ് നിരയെ ഇന്ത്യന്‍ ബോളര്‍മാര്‍ വെല്ലുവിളിക്കും

(www.kl14onlinenews.com)
(27-Aug -2022)

കാലം മാറി; ഇനി പാക് ബാറ്റിങ് നിരയെ ഇന്ത്യന്‍ ബോളര്‍മാര്‍ വെല്ലുവിളിക്കും
ദുബായ് :
ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ അത്രയും ആവേശം നല്‍കുന്ന പോരാട്ടങ്ങള്‍ ലോകകായികത്തില്‍ തന്നെ വിരളമാണ്. ഇന്ത്യയുടെ ബാറ്റിങ്ങും പാക്കിസ്ഥാന്റെ ബോളിങ്ങും തമ്മിലാണ് കാലാകാലങ്ങളായി ഏറ്റുമുട്ടുന്നത്. അത് ഇന്നും മാറാതെ തുടരുന്നു. എന്നാല്‍ 2021 ട്വന്റി 20 ലോകകപ്പില്‍ മാത്രം ഈ ട്രെന്‍ഡിനൊരു മാറ്റമുണ്ടായി.

ലോകകപ്പുകളില്‍ ആദ്യമായി പാക്കിസ്ഥാനെതിരെ ഇന്ത്യ പരാജയം രുചിച്ചു. 152 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയ ഇന്ത്യക്ക് പ്രതിരോധിക്കാനായില്ല. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി എന്നീ കൊമ്പന്മാര്‍ അടങ്ങിയ ബോളിങ് നിര ബാബര്‍ അസം-മുഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ടിന് മുന്നില്‍ തലകുനിച്ചു. പാക്കിസ്ഥാന് പത്ത് വിക്കറ്റ് ജയം.


ജസ്പ്രിത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ അഭാവത്തില്‍ പാക്കിസ്ഥാന്‍ ബാറ്റിങ് നിരയെ എങ്ങനെ വീഴ്ത്തുമെന്ന വെല്ലുവിളി ഇന്ത്യയ്ക്ക് മുന്നിലുണ്ട്.

ബാബര്‍ എന്ന പേരില്‍ ചുരുങ്ങുന്നതല്ല പാക്കിസ്ഥാന്‍ ബാറ്റിങ്

ടോപ് സ്കോറര്‍ ബാബര്‍ അസം (303 റണ്‍സ്) ആയിരുന്നെങ്കിലും കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെ സെമി ഫൈനല്‍ വരെ എത്തിച്ചത് പലതാരങ്ങളുടെ വ്യക്തിഗത സംഭാവനകളുടെ ഫലമായിരുന്നു.


മുഹമ്മദ് റിസ്വാനും ബാബറിനേക്കാള്‍ ഒട്ടും പുറകിലായിരുന്നില്ല. 281 റണ്‍സുമായി ടോപ് സ്കോറര്‍മാരില്‍ മൂന്നാം സ്ഥാനത്ത്. ഇരു ബാറ്റര്‍മാരും 2021 ന് ശേഷം ട്വന്റി 20 യില്‍ ആയിരത്തിലധികം റണ്‍സ് നേടിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പൂരാന്‍ മാത്രമാണ് സമാന നേട്ടം കൈവരിച്ച മറ്റൊരു താരം.

ഓസ്ട്രേലിയക്കെതിരെ ഫക്കര്‍ സമാനും വെടിക്കെട്ട് ബാറ്റിങ്ങാണ് ലോകകപ്പില്‍ പുറത്തെടുത്തത്. സെമി ഫൈനലില്‍ ഫക്കറിന്റെ പ്രഹരശേഷി 170 ന് മുകളിലായിരുന്നു.

ഫിനിഷര്‍ റോളിലെത്തിയ ആസിഫ് അലിയും തന്റെ മികവ് പുറത്തെടുത്തിരുന്നു. ഗ്രൂപ്പ് സ്റ്റേജില്‍ ന്യൂസിലന്‍ഡിനെതിരെ 12 പന്തില്‍ 27 റണ്‍സ്, അഫ്ഗാനിസ്ഥാനെതിരെ ഏഴ് പന്തില്‍ 25 റണ്‍സും താരം നേടി. 2021 ശേഷം ട്വന്റി 20യില്‍ ആസിഫിന്റെ പ്രഹരശേഷം 150 ന് മുകളിലാണ്.

സ്ഥിരതയോടെ മികച്ച ഫോമില്‍ തുടരുന്ന ബാബര്‍ അസമാണ് പാക്കിസ്ഥാന്റെ ഏറ്റവും വലിയ പോസിറ്റീവ്.

ലോകകപ്പിന് മുന്‍പ് ഇന്ത്യ ബോളര്‍മാര്‍ക്കുള്ള പരീക്ഷണം

ആധുനിക ക്രിക്കറ്റിലെ ഏറ്റവും വ്യത്യസ്തനായ ബോളറാണ് ജസ്പ്രിത് ബുംറ. താരമില്ലാതെ ലോകകപ്പിന് ഇന്ത്യ ഇറങ്ങുന്നത് സങ്കല്‍പ്പിക്കാന്‍ സാധിക്കില്ലാത്ത ഒന്നാണ്. 2021 മുതല്‍ ശ്രദ്ധ നേടിയ ഹര്‍ഷല്‍ പട്ടേലും ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളുടെ ഭാഗമാണ്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് രണ്ട് താരങ്ങള്‍ക്കും ഏഷ്യ കപ്പ് നഷ്ടമാകും. ഇരുവരുടേയും അസാന്നിധ്യത്തില്‍ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, ആവേശ് ഖാന്‍ ത്രയമായിരിക്കും ബോളിങ് നിരയെ നയിക്കുക. ഹാര്‍ദിക് പാണ്ഡ്യകൂടെ ചേരുന്നതോടെ ബോളിങ് നിര കൂടുതല്‍ കരുത്താകും.

ട്വന്റി 20 ബോളിങ് നിരയെ കുറച്ച് കാലമായി നയിക്കുന്നത് ഭുവി തന്നെയാണ്. വീണ്ടും ഉത്തരവാദിത്വം ഭുവിയിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ലോകകപ്പിന് ശേഷം 23 വിക്കറ്റുകളാണ് ട്വന്റി 20 യില്‍ ഭുവി നേടിയത്.

ആവേശ്-ഭുവി സഖ്യമായിരിക്കും ഏഷ്യ കപ്പിലുണ്ടാകുക. 12 കളികളില്‍ നിന്ന് 11 വിക്കറ്റുമാത്രമുള്ള ആവേശിന് ട്വന്റി 20 ലോകകപ്പില്‍ ഇടം പിടിക്കാനുള്ള സുവര്‍ണാവസരം കൂടിയാണ് ഏഷ്യ കപ്പ്. അര്‍ഷദീപാവട്ടെ ഡെത്ത് ഓവറുകളില്‍ ബുംറയ്ക്ക് സമാനമാണ്. 6.33 ആണ് താരത്തിന്റെ ട്വന്റി 20 എക്കൊണോമി.

ഇന്ത്യയ്ക്കായി അരങ്ങേറുന്നതിന് മുന്‍പ് ഐപിഎല്ലിലും അര്‍ഷദീപ് മികവ് പുലര്‍ത്തിയിരുന്നു. ട്വന്റി 20 ലോകകപ്പില്‍ ബുംറ-ഭുവി-അര്‍ഷദീപ് ത്രയത്തെ ആയിരിക്കും ഇന്ത്യ ഉപയോഗിക്കുക.

അതിനാല്‍ തന്നെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് ഇത്തവണ പുതിയ മാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Post a Comment

Previous Post Next Post