(www.kl14onlinenews.com)
(16-Aug -2022)
തിരുവനന്തപുരം: കെഎസ്ആർടിസി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതിയുടെ രണ്ടാമത്തെ ബസ് സർവ്വീസ് തൃശ്ശൂർ ജില്ലയിൽ ഈ മാസം 19 ന് തുടക്കം കുറിക്കും. ഗ്രാമവണ്ടി പദ്ധതിയുടെ തൃശ്ശൂർ ജില്ലയിലെ ഔദ്യോഗിക ഉദ്ഘാടനം പൂവ്വത്തൂർ ബസ് സ്റ്റാന്‍ഡില്‍ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു നിര്‍വ്വഹിക്കും.
കെഎസ്ആർടിസി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പൊതുഗതാഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും, ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് ആരംഭിക്കുന്ന പ്രത്യേക കെഎസ്ആർടിസി ബസ് സർവ്വീസാണ് ഗ്രാമവണ്ടി പദ്ധതി.
ഉൾപ്രദേശങ്ങളിലേക്ക് ഇന്ധന ചിലവിന് പോലും വരുമാനമില്ലാത്ത സർവ്വീസുകളാണ് ഗ്രാമവണ്ടി സർവ്വീസ് ആക്കി മാറ്റുന്നത്. ഈ സർവ്വീസ് നടത്തുന്ന ഈ ബസുകൾക്ക് ഡീസലോ, അതിന് വേണ്ടിയുളള തുകയോ മാത്രം തദ്ദേശ സ്ഥാപനങ്ങൾ നൽകിയാൽ മതിയാകും. ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിംഗ് ,സുരക്ഷ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്‍റനന്‍സ്,സ്പെയർപാർടുസുകൾ, ഇൻഷ്വറൻസ് എന്നിവയുടെ ചിലവ് കെഎസ്ആർടിസിയും വഹിക്കും.
തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമെ, സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഗ്രാമവണ്ടി ബസുകൾ സ്പോൺസർ ചെയ്യാനാകും. സ്പോൺസൺ ചെയ്യുന്നവരുടെ പരസ്യങ്ങൾ ബസുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും. മലപ്പുറം ജില്ലയിലെ എടവണ്ണ, ആലപ്പുഴയിലെ പത്തിയൂർ, കോഴിക്കോട് ചാത്തമംഗലം എന്നിവടങ്ങളിലും ഉടൻ തന്നെ ഗ്രമാവണ്ടി സർവ്വീസുകൾ ആരംഭിക്കും.
Post a Comment