യുവാവിനെ ലോഡ്ജിൽ കെട്ടിയിട്ട് കവര്‍ച്ച, ഭീഷണിപ്പെടുത്തി പണം തട്ടൽ, സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

(www.kl14onlinenews.com)
(24-Aug -2022)

യുവാവിനെ ലോഡ്ജിൽ കെട്ടിയിട്ട് കവര്‍ച്ച, ഭീഷണിപ്പെടുത്തി പണം തട്ടൽ, സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി : യുവാവിനെ ലോഡ്ജ് മുറിയിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങളും പണവും കവർന്ന സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ ജിതിൻ, ഭാര്യ ഹസീന, അൻഷാദ് എന്നിവരാണ് പിടിയിലായത്. ഓഗസ്റ്റ് മാസം എട്ടിനാണ് കവർച്ച നടന്നത്. ഒന്നാം പ്രതിയായ ഹസീന ജോലി ആവശ്യപ്പെട്ടാണ് വൈക്കം സ്വദേശിയായ യുവാവിനെ സമീപിച്ചത്. തൃപ്പൂണിത്തുറയിൽ ഹോം നേഴ്സിംഗ് സർവ്വീസ് നടത്തുകയാണ് യുവാവ്. ജോലി അവസരങ്ങൾ ഉണ്ടെന്ന് അറിയിച്ച് യുവാവ് ഹസീനയ്ക്ക് വാട്സ്ആപ്പിൽ മെസേജ് ചെയ്തു.

കുറച്ച് ദിവസങ്ങളുടെ പരിചയത്തിൽ ഹസീന യുവാവിനോട് പണം വേണമെന്ന് ആവശ്യപ്പെട്ടതിൻ പ്രകാരമാണ് ലോഡ്ജിൽ പോയതെന്ന് പൊലീസ് പറഞ്ഞു. ഓൺലൈനായി അയച്ച് നൽകാമെന്ന് പറഞ്ഞെങ്കിലും ഹസീന സമ്മതിച്ചില്ല. ലോൺ എടുത്തിട്ടുള്ളതിനാൽ അക്കൗണ്ടിലെത്തിയാൽ പണം ബാങ്കുകാർ പിടിക്കുമെന്ന് പറഞ്ഞ് നേരിട്ട് നൽകാൻ ആവശ്യപ്പെട്ടു. പണം നൽകാനായി യുവാവ് സംഭവം നടന്ന ലോഡ്ജിലെത്തി. ഇരുവരും സംസാരിച്ചിരിക്കുന്നതിനിടെ ഹസീനയുടെ ഭർത്താവ് ജിതിനും അനസും അൻഷാദും ഇവിടേക്കെത്തുകയും യുവാവിനെ കസേരയോടെ കെട്ടിയിടുകയുമായിരുന്നു.

ശബ്ദമുണ്ടാക്കാതിരിക്കാൻ വായിൽ തോർത്ത് തിരുകി മർദ്ദിക്കുകയും ചെയ്തു. കൈയ്യിലുണ്ടായിരുന്ന സ്വർണ്ണമാല, മോതിരം കൈച്ചെയിൻ എന്നിവ അവർ ഊരിയെടുത്തു. ഇയാളുടെ പക്കലുണ്ടായിരുന്ന 30000 രൂപയും കവർച്ച ചെയ്തു. എടിഎം പിൻ നമ്പർ ഭീഷണിപ്പെടുത്തി എടുക്കുകയും അതിൽ നിന്ന് 10000 രൂപ പിൻവലിക്കുകയും ചെയ്തു. കൂടാതെ ഫോൺ തട്ടിയെടുത്ത് അത് പെന്റാ മേനകയിലെ കടയിൽ വിറ്റ് പണമാക്കി. ഇതിനെല്ലാം പുറമെ യുവാവിനെ ഭീഷണിപ്പെടുത്തി ഹസീന ഓൺലൈൻ വഴി 15000 രൂപ കൂടി വാങ്ങിച്ചെടുത്തുവെന്നും പൊലീസ് പറഞ്ഞു.

സംഭവം പുറത്തു പറഞ്ഞാൽ സോഷ്യൽ മീഡിയ വഴി അപമാനിക്കുമെന്നായിരുന്നു ഭീഷണി. അതുകൊണ്ടുതന്നെ ആദ്യം പരാതിപ്പെടാൻ യുവാവ് ഭയന്നു. എന്നാൽ പിന്നീട് ഇയാൾ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ്, സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഹസീനയെയും ജിതിനെയും അൻഷാദിനെയും പിടികൂടി. മറ്റൊരു പ്രതിയായ അനസ് ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തിരിച്ചിൽ തുടരുകയാണ്.

Post a Comment

Previous Post Next Post