(www.kl14onlinenews.com)
(24-Aug -2022)
കൊച്ചി :ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. പരാതിക്കാരിയുടെ അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. കേസ് ഇനി പരിഗണിക്കുന്ന തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടു. സിവിക്കിന് ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി ഉത്തരവിനാണ് സ്‌റ്റേ. കേസിന്റെ രേഖകൾ വിളിച്ചുവരുത്തുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് ഉത്തരവ്.
സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചത് അപ്രസക്തമായ വസ്തുതകൾ പരിഗണിച്ചാണെന്ന് കോടതി വിലയിരുത്തി. ഹർജിയിൽ കോടതി പിന്നീട് വിശദമായ വാദം കേൾക്കും. കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ ഹർജിയിൽ സിവിക്കിന് കോടതി നോട്ടീസ് അയച്ചിരുന്നു. സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യത്തിനെതിരെ മൂന്ന് ഹർജികളാണ് ഹൈക്കോടതിയിലുള്ളത്.
മുൻകൂർ ജാമ്യം അനുവദിച്ച ഒന്നാമത്തെ പീഡനക്കേസിലാണ് കോടതിയുടെ ഇടപെടൽ. കോഴിക്കോട് കോടതി ഉത്തരവിലെ പരാമർശങ്ങൾ സ്ത്രീവിരുദ്ധമാണെന്നും സുപ്രീം കോടതി മാർഗനിർദ്ദേശങ്ങൾക്ക് എതിരാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ജാമ്യ ഉത്തരവിൽ വസ്ത്രവുമായി ബന്ധപ്പെട്ടുള്ളത് അനാവശ്യ പരാമർശമാണെന്നും ഹൈക്കോടതി വിലയിരുത്തി.
ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രമാണ് പരാതിക്കാരി ധരിച്ചതെന്നും സെഷൻ 354 പ്രകാരം പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്നുമാണ് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ പറയുന്നത്. പരാതിക്കാരിയുടെ ചിത്രങ്ങളും ജാമ്യാപേക്ഷയ്‌ക്കൊപ്പം സിവിക് ചന്ദ്രൻ ഹാജരാക്കിയിരുന്നു. 354 പ്രകാരം കേസ് എടുക്കണമെങ്കിൽ ഒരു സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്തിയതിന് ആവശ്യമായ തെളിവുകൾ ഉണ്ടാകണമെന്നും കോടതി പറഞ്ഞിരുന്നു.
Post a Comment