'പ്രകോപനങ്ങളില്‍ വശംവദരാകരുത്'; സിപിഎം ജില്ലാ കമ്മറ്റി ഓഫീസ് ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി

(www.kl14onlinenews.com)
(27-Aug -2022)

'പ്രകോപനങ്ങളില്‍ വശംവദരാകരുത്'; സിപിഎം ജില്ലാ കമ്മറ്റി ഓഫീസ് ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം:
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനെതിരായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികളെ പിടികൂടാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയെന്നും പ്രകോപനങ്ങളില്‍ വശംവദരാകരുതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഓഫിസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ കമ്മറ്റി ഓഫീസ് സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ ആക്രമണത്തില്‍ ആര്‍എസ്എസിനെ പഴിച്ച് സിപിഎം രംഗത്തെത്തിയിരുന്നു. വഞ്ചിയൂരില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണിതെന്ന് സംശയിക്കുന്നതായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. സംഘര്‍ഷമുണ്ടാക്കാന്‍ മനഃപൂര്‍വ്വം നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ആക്രമണമെന്നും അദ്ദേഹം ആരോപിച്ചു.

വഞ്ചിയൂരിലെ എല്‍ഡിഎഫ് ജാഥയ്ക്കുള്ളിലേക്ക് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ ബാക്കിയാണ് ഈ സംഭവം. നിരന്തരം സിപിഎം ഓഫീസുകള്‍ ആക്രമിക്കുന്നതിന് പിന്നില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായത്. മൂന്ന് ബൈക്കുകളിലെത്തിയവര്‍ ഓഫീസിന് നേരെ കല്ലെറിഞ്ഞെന്നാണ് ജീവനക്കാര്‍ നല്‍കുന്ന വിവരം. ഇത് കണ്ട് സുരക്ഷയ്ക്കുണ്ടായിരുന്ന പൊലീസുകാര്‍ ഓടിയെത്തിയെങ്കിലും അക്രമികള്‍ സ്ഥലം വിട്ടു. കഴിഞ്ഞ ദിവസത്തെ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണോയെന്നതും പരിശോധിച്ചു വരികയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.

കല്ലേറില്‍ഓഫീസിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളുടെ ചില്ലുകള്‍ തകര്‍ന്നിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കാറിനാണ് കേടുപാട് സംഭവിച്ചത്. ബൈക്കില്‍ ആറുപേരുണ്ടായിരുന്നുവെന്നാണ് സൂചന. ഇവര്‍ ഓഫീസിന് മുമ്പിലെത്തി ബൈക്കില്‍ ഇരുന്നുകൊണ്ടു തന്നെ കല്ലെറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇത് സംബന്ധിച്ച സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായും സൂചനയുണ്ട്.

Post a Comment

Previous Post Next Post