(www.kl14onlinenews.com)
(12-Aug -2022)
എൻഎസ്എസ്
കാസർകോട് :
സ്വാതന്ത്ര്യദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ബേക്കൽകോട്ട ശുചീകരിച്ച് കാസറഗോഡ് ഗവണ്മെന്റ് കോളേജ് എൻ എസ് എസ് യൂണിറ്റ്. കേന്ദ്ര ഗവണ്മെന്റിന്റെ ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായാണ് കണ്ണൂർ യൂണിവേർസിറ്റി എൻ എസ് എസ് സെൽ, ഡിസ്ട്രിക്ട് യൂത്ത് വെൽഫയർ ബോർഡ്, ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, ബേക്കൽ റിസോർട്സ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യൻ ദേശീയതയുടെ പ്രതീകമായ ത്രിവർണപതാക കയ്യിലേന്തിക്കൊണ്ടുള്ള തിരംഗ യാത്രയോടെയാണ് പരിപാടി ആരംഭിച്ചത്. പള്ളിക്കര ജംഗ്ഷനിൽ നിന്നും ആരംഭിച്ച തിരംഗ യാത്രയെ ആഘോഷപൂർവ്വം ബേക്കൽകോട്ട വരവേറ്റു. കാസറഗോഡ് ജില്ലയിലെ വിവിധ എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ബേക്കൽകോട്ടയുടെ ശുചീകരണം നടന്നത്. ശുചീകരണത്തിനും ഉച്ചഭക്ഷണത്തിനും ശേഷം വോളണ്ടിയർസിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ പോരാട്ടങ്ങളും ഇന്ത്യയുടെ ശ്രേഷ്ഠമായ പൈതൃകവും പ്രതിഫലിക്കുന്നതാണ് ഓരോ കലാപ്രകടനങ്ങളും. ചരിത്രമുറങ്ങുന്ന ബേക്കൽകോട്ടയിലെ ഇന്നത്തെ ദിനം വളണ്ടിയർമാർക്ക് കൈമാറിയത് ചരിത്രത്തിന്റെയും സ്വാതന്ത്ര്യത്തിന്റേയും പുത്തൻ തിരിച്ചറിവുകളാണ്.
Post a Comment