'സര്‍ക്കാരിന് കീഴില്‍ പൊലീസ് ക്വട്ടേഷന്‍ സംഘമായി മാറി'; യൂത്ത് കോണ്‍ഗ്രസിനെ വേട്ടയാടുന്നെന്ന് ഷാഫി പറമ്പില്‍

(www.kl14onlinenews.com)
(12-Aug -2022)

'സര്‍ക്കാരിന് കീഴില്‍ പൊലീസ് ക്വട്ടേഷന്‍ സംഘമായി മാറി'; യൂത്ത് കോണ്‍ഗ്രസിനെ വേട്ടയാടുന്നെന്ന് ഷാഫി പറമ്പില്‍
തിരുവനന്തപുരം: സിപിഐഎം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേട്ടയാടുന്നതായി ഷാഫി പറമ്പില്‍. പൊലീസിന്റെ ഒത്താശയോടെയാണ് സിപിഐഎം അക്രമം നടത്തുന്നതെന്ന് ഷാഫി പറമ്പില്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

സിപിഐഎം നിര്‍ദ്ദേശത്തിന് അനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. കോട്ടയത്ത് പഞ്ചായത്ത് മെമ്പറുടെ അക്രമത്തിന് കൂട്ട് നിന്നത് പൊലീസാണെന്നും അക്രമം നടത്തിയ പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നും ഷാഫി ആരോപിച്ചു.
ഇടതുപക്ഷ സര്‍ക്കാരിന്റെ കീഴില്‍ പൊലീസ് ക്വട്ടേഷന്‍ സംഘമായി മാറി. എസ്പി ഓഫീസിലടക്കം അക്രമത്തിന് സാധ്യത ഉണ്ടെന്ന് അറിയിപ്പ് ലഭിച്ചിട്ടും പൊലീസ് സുരക്ഷ നല്‍കിയിരുന്നില്ല. ഇത്തരത്തില്‍ സഖാക്കളുടെ പണിയെടുക്കുന്ന ആളുകളെ കാക്കിയണിയിച്ച് സര്‍ക്കാര്‍ ശമ്പളം കൊടുക്കുകയാണെന്നും അക്രമത്തിന് കൂട്ട് നിന്ന പൊലീസുകാരെ സസ്പെന്റ് ചെയ്യണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനം കണ്ട ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രിയാണ് പിണറായി വിജയനെന്നും അതിലുപരി സംസ്ഥാനത്തെ ആരോഗ്യ മേഖല പൂര്‍ണ്ണ പരാജയമാണെന്നും സിനിമാ പോസ്റ്ററിലെ പരസ്യം പോലും സിപിഐഎമ്മിന് അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Post a Comment

Previous Post Next Post