വോട്ടര്‍ പട്ടികയുമായി ആധാര്‍ ബന്ധിപ്പിക്കല്‍, ജില്ലയിൽ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

(www.kl14onlinenews.com)
(26-Aug -2022)

വോട്ടര്‍ പട്ടികയുമായി ആധാര്‍ ബന്ധിപ്പിക്കല്‍,
ജില്ലയിൽ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു
കാസർകോട് :
ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെടുത്തുന്ന നടപടികള്‍ ജില്ലയില്‍ ആരംഭിച്ചു. കളക്ടറേറ്റില്‍ ഇതിനായി ആരംഭിച്ച ഹെല്‍പ് ഡെസ്‌ക് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടറുടെ ആധാര്‍ നമ്പറും വോട്ടര്‍ പട്ടികയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കി കള്ളവോട്ടുകള്‍ തടയുന്നതിനും തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ സുതാര്യമാക്കുന്നതിനും ആധാര്‍ ബന്ധിപ്പിക്കല്‍ മുഖേന കഴിയും. അതിനാല്‍ പരമാവധി ആളുകള്‍ ഈ യജ്ഞത്തില്‍ പങ്കെടുത്ത് ആധാര്‍ ബന്ധിപ്പിക്കല്‍ നടത്തണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
കളക്ടറേറ്റിലെ പ്രധാന കവാടത്തിലും ഇലക്ഷന്‍ വിഭാഗത്തിലും ജില്ലാതല സഹായ കേന്ദ്രം പ്രവര്‍ത്തിക്കും. താലൂക്ക് ഓഫീസുകളിലും സഹായ കേന്ദ്രങ്ങളുണ്ടാകും. ആധാര്‍ കാര്‍ഡും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുമായി സഹായ കേന്ദ്രങ്ങളിലെത്തി വോട്ടര്‍ക്ക് ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാം. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വെബ് പോര്‍ട്ടലായ www.nvsp.in വഴിയും വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്പ് വഴിയും വോട്ടര്‍മാക്ക് തങ്ങളുടെ ആധാര്‍ നമ്പര്‍ തെരെഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം. ഓണ്‍ലൈനായി ആധാര്‍ ലിങ്ക് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസറുടെ സേവനം ലഭിക്കും. എഡിഎം എ.കെ.രമേന്ദ്രന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.നവീന്‍ ബാബു, ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ സിറോഷ്.പി.ജോണ്‍, എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ ശശിധരന്‍ പിള്ള, ജില്ലാ ലോ ഓഫീസര്‍ കെ.മുഹമ്മദ് കുഞ്ഞി എന്നിവര്‍ പങ്കടുത്തു.

Post a Comment

Previous Post Next Post