കുമ്പള സിഎച്ച്സി യുടെ എലിപ്പനി ബോധവത്കരണ ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചു

(www.kl14onlinenews.com)
(20-Aug -2022)

കുമ്പള സിഎച്ച്സി യുടെ എലിപ്പനി ബോധവത്കരണ ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചു
കാസർകോട്: 
എലിപ്പനി മുലമുള്ള മരണം തടയുന്നതിന് ബോധവത്ക്കരണം ലക്ഷ്യമിട്ട് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം നിര്‍മ്മിച്ച ' 'ലെപ്റ്റോ' എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദര്‍ശനം ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ. ദിവാകരറൈ അധ്യക്ഷനായി.
എലിപ്പനി ബാധിച്ച് മരിച്ച ചളിയിലും, തൊഴുത്തിലും പണിയെടുക്കുന്ന കൂലിപ്പണിക്കാരന്റെ കഥ പറയുന്നതാണ് ചിത്രം. രോഗം നേരത്തെ കണ്ടെത്താതെ സ്വയം ചികിത്സ നടത്തുകയും, രോഗം ഗുരുതരമാവുമ്പോള്‍ ആശുപത്രിയില്‍ എത്തുകയും ചെയ്യുന്ന പ്രവണത നിലവില്‍ കൂടി വരികയാണ്.
രോഗലക്ഷണം കാണുന്ന സമയത്ത് തന്നെ രോഗം കണ്ടെത്തിയാല്‍ നൂറുശതമാനവും ചികിത്സിച്ചു ഭേദമാക്കാം. രോഗപ്രതിരോധത്തിനായി ഡോക്സി ഗുളിക 200 മി.ഗ്രാം ആഴ്ചയില്‍ ഒരുതവണയായി 6 ആഴ്ചത്തേക്ക് ചളിയിലും, തൊഴുത്തിലും പണിയെടുക്കുന്നവര്‍ കഴിക്കണം. ഗുളിക സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭിക്കും.
കുമ്പള സി.എച്ച്.സിയിലെ ജീവനക്കാരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്‌റഫിന്റേതാണ് സിനിമയുടെ ആശയം. ജോജി ടി ജോര്‍ജ് സംവിധാനവും, സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ ബിന്ദു ജോജി കഥയും തിരക്കഥയും, ഫാറൂക്ക് ഷിറിയ ക്യാമറയും എഡിറ്റിംഗും, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.സി ബാലചന്ദ്രന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളിംഗും നിര്‍വ്വഹിച്ചു. 5 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം സോഷ്യല്‍ മീഡിയിലൂടെ പ്രചരിപ്പിച്ചാണ് ബോധവത്ക്കരണം നടത്തുന്നത്.
ചടങ്ങില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്‌റഫ്, ബി.സി കുമാരന്‍, ജോജി ടി ജോര്‍ജ്, മസൂദ് ബോവിക്കാനം, ബിന്ദു ജോജി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍പെക്ടര്‍ സി.സി.ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post