കേരളത്തിന് ‘സന്തോഷ’പ്പെരുന്നാള്‍; പെനാലിറ്റി ഷൂട്ടൗട്ടില്‍ ബംഗാളിനെ വീഴ്ത്തി ഏഴാം കിരീടം

(www.kl14onlinenews.com)
(02-May -2022)

കേരളത്തിന് ‘സന്തോഷ’പ്പെരുന്നാള്‍; പെനാലിറ്റി ഷൂട്ടൗട്ടില്‍ ബംഗാളിനെ വീഴ്ത്തി ഏഴാം കിരീടം

മഞ്ചേരി: സന്തോഷ് ട്രോഫി കലാശപ്പോരില്‍ കേരളത്തിന് കിരീടം. അധികസമയത്തും ഇരുടീമുകളും തുല്യത പാലിച്ചതോടെ പെനാലിറ്റി ഷൂട്ടൗട്ടിലാണ് കേരളം കിരീടം ചൂടിയത്. കേരളം അഞ്ച് അവസരവും ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ബംഗാളിന് ഒരെണ്ണം പിഴച്ചു.
സഞ്ജു, ബിബിന്‍ അജയന്‍, ജിജൊ ജോസഫ്, ടികെ ജെസിന്‍, ഫസ്ലുറഹ്മാന്‍ എന്നിവരാണ് കേരളത്തിനായി ലക്ഷ്യം കണ്ടത്. ദിലിപ് ഒറോണ്‍, ബാബ്ലു ഒറന്‍, തന്മയ് ഘോഷ്, പ്രിയന്ത് സിങ് എന്നിവര്‍ ബംഗാളിനായും പെനാലിറ്റി ലക്ഷ്യത്തിലെത്തിച്ചു. സജല്‍ ബാഗാണ് പെനാലിറ്റി പാഴാക്കിയത്.

സന്തോഷ് ട്രോഫി ഫൈനലില്‍ അധികസമയത്തും കേരളവും ബംഗാളും ഒപ്പത്തിനൊപ്പമായിരുന്നു. 97-ാം മിനിറ്റില്‍ ദിലിപ് ഒറോണാണ് ഹെഡറിലൂടെയാണ് ബംഗാളിനെ മുന്നിലെത്തിച്ചത്. സുപ്രിയ പണ്ഡിറ്റിന്റെ മികച്ച ക്രോസാണ് ഗോളിന് വഴിവച്ചത്.
ഗോള്‍ വഴങ്ങിയതോടെ കേരളം കൂടുതല്‍ ശ്രമങ്ങളുമായി ബംഗാള്‍ ഗോള്‍ മുഖം ആക്രമിച്ചു. 117-ാം മിനിറ്റില്‍ മുന്നേറ്റങ്ങള്‍ ഫലം കണ്ടു. പകരക്കാരനായി ഇറങ്ങിയ സഫ്നാഥാണ് ഹെഡറിലൂടെ കേരളത്തിനായി സമനില ഗോള്‍ നേടി.

നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായിരുന്നില്ല. തുടര്‍ന്ന് മത്സരം അധികസമയത്തേക്ക് നീങ്ങുകയായിരുന്നു. ആദ്യ പകുതിയില്‍ ബംഗാളിന്റെ ആധിപത്യമായിരുന്നെങ്കില്‍ രണ്ടാം പകുതിയില്‍ കേരളം തിളങ്ങി. ഗോള്‍ പോസ്റ്റിന് തൊട്ടടുത്ത് പോലും മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും കേരളം പാഴാക്കി.

ഗോള്‍ രഹിതം ആദ്യ പകുതി


മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമണ ഫുട്ബോളാണ് ഇരുടീമുകളും കാഴ്ച വയ്ക്കുന്നത്. ആദ്യ 12 മിനിറ്റിനുള്ളില്‍ തന്നെ ബംഗാളിന് അനുകൂലമായി രണ്ട് കോര്‍ണര്‍ ലഭിച്ചു. കേരളത്തിന്റെ പ്രതിരോധനിര അപകടമൊഴിവാക്കി.
18-ാം മിനിറ്റില്‍ കേരളത്തിന് അനുകൂലമായ ഫ്രിക്കിക്ക് ലഭിച്ചു. എന്നാല്‍ നായകന്‍ ജിജൊ ജോസഫ് തൊടുത്ത ഷോട്ട് ബംഗാള്‍ ഗോളി പ്രിയന്ത് കുമാര്‍ സിങ് കൈപ്പിടിയിലൊതുക്കി.
23-ാം മിനിറ്റില്‍ ബംഗാളിന്റെ മൊഹിതോഷിന് ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ലഭിച്ചെങ്കിലും പാഴായി. മത്സരത്തിലെ തന്നെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നായിരുന്നു. മൊഹിതോഷ് അവസരം പാഴാക്കിയത് ബംഗാള്‍ പരിശീലകനെ ചൊടിപ്പിച്ചു.
32-ാം മിനിറ്റില്‍ ബംഗാള്‍ ഗോളി പ്രിയന്ത് മാത്രം മുന്നില്‍ നില്‍ക്കെ കേരളത്തിന് അവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. 35-ാം മിനിറ്റിലും ആദ്യ ഗോളിനായി കേരളത്തിന് പന്ത് ലഭിച്ചു. സഞ്ജു തൊടുത്ത ഷോട്ട് പ്രിയന്ത് ഉജ്വല സേവിലൂടെ രക്ഷപ്പെടുത്തി.
കേരളത്തിന്റെ ആക്രമണത്തിന് അതെ നാണയത്തില്‍ തിരിച്ചടിക്കാനൊരുങ്ങുന്ന ബംഗാളിനെയാണ് കളത്തില്‍ കണ്ടത്. മൊഹിതോഷ് പോസ്റ്റിന്റെ ഇടതു വശത്ത് നിന്ന് തൊടുത്ത ഷോട്ട് കേരള ഗോളി മിഥുന്‍ തടഞ്ഞിട്ടു

കേരളത്തിന്റെ രണ്ടാം പകുതി

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോളിനായുള്ള ശ്രമമാണ് കേരളം നടത്തുന്നത്. ആദ്യ അഞ്ച് മിനിറ്റില്‍ തന്നെ രണ്ട് അവസരം സൃഷ്ടിച്ചെങ്കിലും ബംഗാള്‍ ഗോളി പ്രിയന്ത് കുമാര്‍ ഗോള്‍ നിഷേധിച്ചു.
59-ാം മിനിറ്റില്‍ ബംഗാള്‍ പ്രതിരോധത്തിന്റെ പിഴവില്‍ നിന്ന് നായകന്‍ ജിജോയ്ക്ക് ഗോളവസരം. താരം തൊടുത്ത ഷോട്ട് ബംഗാള്‍ ഗോളിയെ മറികടന്നെങ്കിലും വലയിലെത്തിയില്ല. 64-ാം മിനിറ്റില്‍ ടികെ ജെസിന്‍ തൊടുത്ത ഷോട്ടും ലക്ഷ്യം കണ്ടില്ല.
65 മിനിറ്റുകള്‍ക്ക് ശേഷം തണുപ്പന്‍ സമപനമാണ് ഇരുടീമുകളുടേ ഭാഗത്തു നിന്നും ഉണ്ടായത്. ലോങ് ബോളുകള്‍ കളിച്ച് കേരളവും ബംഗാളും ഗോള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും കാര്യമായ മുന്നേറ്റങ്ങള്‍ ഉണ്ടായില്ല.
78-ാം മിനിറ്റില്‍ ബംഗാളിന്റെ ഫര്‍ദീന്‍ മൊല്ല വലതു വിങ്ങില്‍ നിന്ന് ലഭിച്ച ക്രോസില്‍ തല വച്ചെങ്കിലും ഗോള്‍ പോസ്റ്റിന് മുകളിലൂടെ പന്ത് പറന്നു. കേരളത്തിന്റെ പ്രതിരോധത്തിലെ വീഴ്ചയാണ് ബംഗാളിന് അവസരമൊരുക്കിയത്.
90-ാം മിനിറ്റില്‍ ജിജൊ ജോസഫിന്റെ പാസില്‍ ഷിഖിലിന്റെ ഷോട്ട്. ഒരിക്കല്‍ക്കൂടി ബംഗാള്‍ ഗോളി കേരളത്തിനും ഗോളിനുമിടയില്‍ വില്ലനായി. തൊട്ടുപിന്നാലെ തന്നെ ഷിഖിലിന് വീണ്ടും അവസരം ലഭിച്ചെങ്കിലും നഷ്ടപ്പെടുത്തി.

കേരളം ഇതുവരെ

ഗ്രൂപ്പ് ഘട്ടത്തില്‍ മേഘാലയയോട് വഴങ്ങിയ അപ്രതീക്ഷിത സമനില മാറ്റി നിര്‍ത്തിയാല്‍ ടൂര്‍ണമെന്റില്‍ കേരളം മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. ആക്രമണ ഫുട്ബോള്‍ എന്ന പരിശീലകന്‍ ബിനൊ ജോര്‍ജിന്റെ തന്ത്രം ഇതുവരെ വിജയിച്ചു.
സെമി ഫൈനലില്‍ താരതമ്യേന കരുത്തരല്ലാത്ത കര്‍ണാടകയായിരുന്നു കേരളത്തിന്റെ എതിരാളികള്‍. മഞ്ചേരിയില്‍ ഗോള്‍ മഴ പെയ്ത മത്സരത്തില്‍ മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്കായിരുന്നു ആതിഥേയരുടെ ജയം.
30-ാം മിനിറ്റില്‍ കളത്തിലെത്തി 15 മിനിറ്റുകൊണ്ട് നേടിയ ഹാട്രിക് അടക്കം അഞ്ച് ഗോള്‍ അടിച്ചു കൂട്ടിയ ജെസിനായിരുന്നു കേരളത്തിനായി തിളങ്ങിയത്. ജിനൊയുടെ ജെസിന്‍ തന്ത്രത്തില്‍ കര്‍ണാടക വീണെന്നു തന്നെ പറയാം.

ബംഗാള്‍ ഇതുവരെ

വേഗക്കളിക്ക് പേരുകേട്ട മണിപ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ബംഗാള്‍ ഫൈനലില്‍ പ്രവേശിച്ചത്. 33-ാം കിരീടം നേടാനിറങ്ങുന്ന ബംഗാളിനെ നേരിടുക കേരളത്തിന് എളുപ്പമായേക്കില്ല.
ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗാള്‍ കേരളത്തിനോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അടിമുടി മാറിയ ബംഗാളിനെയായിരുന്നു കണ്ടത്. കളിച്ച മത്സരങ്ങളിലെല്ലാം ആധിപത്യം പുലര്‍ത്താന്‍ അവര്‍ക്കായിരുന്നു.

Post a Comment

Previous Post Next Post