കോപ്പ അമേരിക്ക: ബ്രസീൽ - അർജന്റീന സ്വപ്ന ഫൈനൽ; ലോക ഫുട്‍ബോളിലെ 'എൽ-ക്ലാസിക്കോ'യിൽ വിജയം ആര് നേടും

(www.kl14onlinenews.com) (09-July-2021)

കോപ്പ അമേരിക്ക: ബ്രസീൽ - അർജന്റീന സ്വപ്ന ഫൈനൽ; ലോക ഫുട്‍ബോളിലെ 'എൽ-ക്ലാസിക്കോ'യിൽ വിജയം ആര് നേടും


കോപ്പ അമേരിക്കയിൽ ആവേശക്കടലിരമ്പം. കോപ്പ അമേരിക്ക കിരീടപ്പോരാട്ടം ആവേശകരമായ ഫിനിഷിലേക്കാണ് എത്തി നിൽക്കുന്നത്. യൂറോ കപ്പിനിടയിൽപ്പെട്ട് കോപ്പയുടെ ആവേശം ഒന്ന് മങ്ങിയെങ്കിലും ക്ലൈമാക്സിൽ കോപ്പയുടെ ഉയിർത്തെഴുന്നനില്പിനാണ് ഫുട്‍ബോൾ ലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ലോക ഫുട്‍ബോളിലെ എൽ-ക്ലാസ്സിക്കോ പോരാട്ടത്തിനാണ് കോപ്പ വേദിയാകാൻ പോകുന്നത്. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 5:30ന് വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഈ പോരാട്ടത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ചിരവൈരികളായ അർജന്റീനയും ബ്രസീലും ഫൈനലിൽ ഏറ്റുമുട്ടും എന്നുറപ്പായതോടെയാണ് കോപ്പയിൽ ആവേശം വീണ്ടും നിറഞ്ഞത്. ഇരു ടീമുകൾക്കും ലോകമെമ്പാടുമുള്ള ആരാധകരുടെ കണക്കെടുക്കുമ്പോൾ ആവേശം നിറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇരു ടീമുകളും ഏറ്റുമുട്ടിയ മത്സരങ്ങൾ എല്ലാം തന്നെ അങ്ങേയറ്റം വീറും വാശിയും നിറഞ്ഞ മത്സരങ്ങൾ ആയിരുന്നു. ഒരു മേജർ ടൂർണമെന്റിൽ ബ്രസീൽ അർജന്റീന ഫൈനൽ പോരാട്ടത്തിനായി ആരാധകരും നാളേറെയായി കാത്തിരിക്കുന്നു. ഒടുവിൽ ഒരു പതിറ്റാണ്ടിനിപ്പുറം അവരുടെ ആഗ്രഹം സാധ്യമാകാൻ പോകുന്ന

2007ല്‍ നടന്ന കോപ്പ അമേരിക്ക ഫൈനൽ പോരാട്ടത്തിൽ ബ്രസീൽ അർജന്റീനയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തുവിട്ട മത്സരത്തിന് ശേഷം ഇപ്പോഴാണ് മറ്റൊരു കലാശ പോരാട്ടത്തിൽ ഇരുവരും നേർക്കുനേർ വരുന്നത്. നോക്കൌട്ട് മത്സരങ്ങളിലും സൗഹൃദ മത്സരങ്ങളിലും ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ടായിരുന്നു എങ്കിലും ഫൈനലിൽ കണ്ടുമുട്ടാനുള്ള അവസരം ഒരുങ്ങിയത് ഇപ്പോഴാണ്. ഇരുവരും അവസാനം നേർക്കുനേർ വന്ന മത്സരം 2019 കോപ്പ സെമി ഫൈനലായിരുന്നു. അന്ന് വിജയം കാനറികൾക്കൊപ്പമായിരുന്നു.

ആദ്യ കാലങ്ങളില്‍ നേര്‍ക്കുനേര്‍ വന്ന ഫൈനലുകളിലെല്ലാം ബ്രസീലിന് മേൽ വ്യക്തമായ ആധിപത്യം അർജന്റീനക്കായിരുന്നു. പക്ഷെ തൊണ്ണൂറുകൾക്ക് ശേഷം ശേഷം നടന്ന ഫൈനലുകളിൽ ബ്രസീലിനെ വീഴ്ത്താനായിട്ടില്ല എന്നത് അവരുടെ മനസ്സിൽ ഒരു മുറിപ്പാടായി അവശേഷിക്കുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും നേർക്കുനേർ വന്ന കോപ്പ ഫൈനലുകളിലെ കണക്കുകൾ അർജന്റീനക്കൊപ്പമാണ്. പത്ത് ഫൈനലുകളില്‍ ഇരുടീമുകളും നേർക്കുനേർ വന്നപ്പോള്‍ എട്ടിലും വിജയം അര്‍ജന്‍റീനക്കൊപ്പമായിരുന്നു. തൊണ്ണൂറുകൾക്ക് ശേഷം നടന്ന രണ്ട് ഫൈനലുകളില്‍ മാത്രമാണ് ബ്രസീലിന് വിജയിക്കാനായത്. ആകെയുള്ള കോപ്പ വിജയങ്ങളുടെ കണക്കെടുത്താലും അര്‍ജന്‍റീനയാണ് മുന്നില്‍. 14 തവണ അര്‍ജന്‍റീന കിരീടം നേടിയപ്പോള്‍ ബ്രസീലിന് കപ്പടിക്കാന്‍ കഴിഞ്ഞത് ഒന്‍പത് തവണയാണ്.

പക്ഷെ ഈ കണക്കുകൾക്ക് ഒക്കെ വളരെ പഴക്കമുണ്ട്. തൊണ്ണൂറുകൾക്ക് ശേഷമുള്ള കളിക്കണക്കുകൾ നോക്കുകയാണെങ്കിൽ അർജന്റീനക്ക് നിരാശയാകും ഫലം. 91ലും 93ലും കിരീടം നേടിയ ശേഷം അര്‍ജന്‍റീനക്ക് കോപ്പ അമേരിക്ക കിട്ടാക്കനിയാണ്. അതേസമയം തൊണ്ണൂറുകൾക്ക് ശേഷം ബ്രസീൽ ടീമിന്റെ കരുത്ത് വർധിക്കുന്നതായാണ് കാണാൻ കഴിയുക. 1989 തൊട്ട് 2019 വരെയുള്ള കണക്കെടുത്താൽ ഇതിൽ ബ്രസീല്‍ കോപ്പ കിരീടം നേടിയത് ആറു തവണയാണ്. നിലവിലെ ചാമ്പ്യന്മാരാണ് അവർ എന്നത് കൂടി ഇതിനോടൊപ്പം ചേർത്ത് വായിക്കാം. അർജന്റീന പക്ഷെ ഇക്കാലയളവിൽ നാല് വട്ടമാണ് ഫൈനലിൽ വീണത്. അതുകൊണ്ട് അവരുടെ മികവ് പൂർണമായും നഷ്ടപ്പെട്ടു എന്ന് നമുക്ക് പറയാൻ കഴിയില്ല.

ബ്രസീൽ നിരയിൽ സൂപ്പർ താരം നെയ്മറാണെങ്കിലും ഒരു ടീം എന്ന നിലയിലാണ് അവർ മുന്നേറുന്നത്. ഒരു കൂട്ടം മികച്ച താരങ്ങളാണ് അവർക്ക് സ്വന്തമായുള്ളത്. അതുകൊണ്ട് തന്നെ ഒരു താരത്തെ കേന്ദ്രീകരിച്ചുള്ള കളിയല്ല അവരുടേത്. തികച്ചും ആധികാരികമായ കളി പുറത്തെടുത്ത് കൊണ്ടാണ് അവർ ഈ ഫൈനലിന് യോഗ്യത നേടിയത്.

മറുവശത്ത് അർജന്റീനയാവട്ടെ ലയണൽ മെസ്സി എന്ന കേന്ദ്രബിന്ദുവിനെ ചുറ്റിപ്പറ്റിയാണ് കളിക്കുന്നത്. മെസ്സിയെക്കൂടാതെ മികച്ച താരങ്ങൾ വേറെയുണ്ടെങ്കിലും മിക്കപ്പോഴും മെസ്സിയുടെ പ്രകടനത്തെ ആശ്രയിച്ചാണ് അവർ മുന്നേറുന്നത്. ഈ ടൂർണമെന്റിൽ മെസ്സി തകർപ്പൻ ഫോമിൽ മുന്നേറുന്നു എന്നത് തന്നെയാണ് അർജന്റീനയുടെയും മുന്നേറ്റത്തിന്റെ കാരണം.

തന്റെ രാജ്യാന്തര കരിയറിൽ അർജന്റീനക്കൊപ്പം ഒരു കിരീടമില്ല എന്ന കുറവ് നികത്താൻ ഉറച്ച് തന്നെയാണ് മെസ്സി ഇറങ്ങുക. തങ്ങളുടെ പ്രിയ ക്യാപ്റ്റന് കിരീടം നേടിക്കൊടുക്കാൻ ഉറച്ച് തന്നെയാണ് അർജന്റീന താരങ്ങളും നിൽക്കുന്നത്. മറുവശത്ത് കിരീടം നിലനിർത്താൻ നെയ്മറും സംഘവും ഇറങ്ങുമ്പോൾ അങ്ങേയറ്റം നിലവിലെ കണക്കുകൾ എല്ലാം തന്നെ നിഷ്പ്രഭമാകുമെന്ന് ഉറപ്പാണ്. മനോഹരമായ കളി കാഴ്ചവെക്കുന്ന ടീം കിരീടം നേടട്ടെ എന്ന് ആശിക്കാം.

1 Comments

Post a Comment

Previous Post Next Post