ജെഎന്‍യു: മുഖംമൂടി അക്രമികളെക്കുറിച്ച് സൂചന ലഭിച്ചു, ഉടന്‍ പിടികൂടുമെന്ന് പൊലീസ്

(www.kl14onlinenews.com) (09-Jan-2020)

ജെഎന്‍യു: മുഖംമൂടി അക്രമികളെക്കുറിച്ച് സൂചന ലഭിച്ചു, ഉടന്‍ പിടികൂടുമെന്ന് പൊലീസ്

ഡൽഹി: ഡൽഹി ജവർഹർലാൽ നെഹ്റു സർവകലാശാലയിൽ കടന്നുകയറി വിദ്യാർഥികൾക്കു നേരെ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്നു പേരെ തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ്. ആരെയൊക്കെ ആക്രമിക്കണമെന്ന് കൃത്യമായ ആസൂത്രണത്തോടെയാണ് അക്രമികൾ എത്തിയതെന്നും കാമ്പസിനകത്തുനിന്ന് ഇവർക്ക് സഹായം ലഭിച്ചിരുന്നതായും പോലീസ് പറയുന്നു. എന്നാൽ ഇവരെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തതായി റിപ്പോർട്ടില്ല.


കാമ്പസിനുള്ളിൽ അതിക്രമം കാട്ടിയവരുടെ ദൃശ്യങ്ങളിലുള്ള മുഖംമൂടി ധാരികളായ മൂന്നുപേരെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായാണ് പോലീസ് അവകാശപ്പെടുന്നത്. വനിത ഉൾപ്പെടെയുള്ളവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്നാണ് പോലീസ് പറയുന്നത്. ആരെയൊക്കെ ആക്രമിക്കണം എന്ന കാര്യത്തിൽ ഇവർ മുൻകൂട്ടി തീരുമാനിച്ചിരുന്നു. എന്നാൽ ഇവർ ആരാണെന്നതു സംബന്ധിച്ചോ ഏതു സംഘടനയിൽപ്പെട്ടവരാണെന്നോ ഉള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ആരെയും കസ്റ്റഡിയിലെടുക്കാനോ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറായിട്ടില്ല.

തനിക്കെതിരെ വധശ്രമമാണ് നടന്നതെന്ന് വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അക്രമികളിൽ ഒരാൾ സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് ഡീനാണെന്നും മറ്റുചിലർ എ.ബി.വി.പി. പ്രവർത്തകരാണെന്നും വസന്ത്കുഞ്ച് നോർത്ത് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. 
മുപ്പതോളം പേരടങ്ങുന്ന അക്രമിസംഘമാണ് വളഞ്ഞിട്ട് മർദിച്ചതെന്നും ഇരുമ്പുദണ്ഡ് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും അറസ്റ്റ് വൈകുന്നതായുമുള്ള വിമർശനം നിരവധി കോണുകളിൽനിന്ന് ഉയരുന്നതിനിടെയാണ് പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടെ, അക്രമത്തിന്റെ ഉത്തരവാദിത്വം ഹിന്ദു രക്ഷാ ദൾ എന്ന തീവ്ര വലത് സംഘടന ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളെ തിരിച്ചറിഞ്ഞതായി അവകാശപ്പെട്ട് പോലീസ് രംഗത്തെത്തിയിരിക്കുന്നത്.

Post a Comment

أحدث أقدم