ജെഎന്‍യു ആക്രമണം; മോദിക്കും അമിത്ഷാക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന

(www.kl14onlinenews.com) (07-Jan-2020)

ജെഎന്‍യു ആക്രമണം;
മോദിക്കും അമിത്ഷാക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന

ഡൽഹി :
ജെ.എൻ.യു വിദ്യാർഥികൾക്കെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ശിവസേന. ഇത്തരം ക്രൂരമായ രാഷ്ട്രീയം രാജ്യത്ത് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും ഇപ്പോള്‍ അവര്‍ക്ക് ആവശ്യമുള്ളതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ശിവസേന ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി “ഹിന്ദു-മുസ്‍ലിം കലാപം” കാണാനായിരുന്നു ബി.ജെ.പിയുടെ ആഗ്രഹമെങ്കിലും അത് സംഭവിച്ചില്ലെന്ന് ശിവസേന മുഖപത്രമായ ‘സാമ്ന’ യിലെ മുഖപ്രസംഗത്തില്‍ പറഞ്ഞു.

പൗരത്വ നിയമ വിഷയത്തിൽ ബി.ജെ.പി പ്രതിരോധത്തിലായതോടെ, പ്രതികാരത്തിലൂന്നിയ പല കാര്യങ്ങൾ രാജ്യത്ത് നടക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എൻ.യു) വിദ്യാർഥികൾക്കെതിരായ ആക്രമണത്തെ 26/11 മുംബൈ ഭീകരാക്രമണവുമായി താരതമ്യം ചെയ്ത ശിവസേന, “ഭിന്നിപ്പിക്കൽ രാഷ്ട്രീയം” രാജ്യത്തിന് അപകടകരമാണെന്നും കുറ്റപ്പെടുത്തി. ജെ.എൻ‌.യുവിലെ “അജ്ഞാതരായ” ആക്രമണകാരികൾക്കെതിരെ കേസെടുക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം പരിഹാസ്യമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ജെ.എന്‍.യുവില്‍ മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാ സംഘം ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ശിവസേന പറഞ്ഞു.

ഞായറാഴ്ച, മുഖംമൂടി ധരിച്ച അക്രമി സംഘം ജെ.എൻ.യു കാമ്പസിൽ അതിക്രമിച്ച് കയറി വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിച്ചിരുന്നു. വടികളും കല്ലുകളും ഇരുമ്പ് കമ്പികളും ഉപയോഗിച്ചായിരുന്നു ആക്രമണം. അക്രമത്തിൽ 34 ഓളം പേർക്ക് പരിക്കേറ്റു. “ജെ.എൻ.യു ആക്രമണം രാജ്യത്ത് ഒരിടത്തും കാണാത്തതാണ്... മോദിക്കും അമിത് ഷായ്‌ക്കും എന്താണോ വേണ്ടത്, അതാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാജ്യം അപകടത്തിലാണ്. ഭിന്നിപ്പിക്കൽ രാഷ്ട്രീയം രാജ്യത്തിന് അപകടകരമാണ്,” ശിവസേന പറഞ്ഞു. 2008 നവംബർ 26 ന് മുംബൈയിൽ ആക്രമണം നടത്തിയ തീവ്രവാദികളും മുഖംമൂടി ധരിപ്പിച്ചാണെത്തിയതെന്നും ഇതു തന്നെയാണ് ജെ.എൻ.യുവിൽ കണ്ടതെന്നും ഇത്തരം ഘടകങ്ങൾ തുറന്നുകാട്ടേണ്ടതുണ്ടെന്നും ശിവസേന ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post