(www.kl14onlinenews.com)
(23-APR-2025)
ശ്രീനഗർ: ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിൽ കൊലപ്പെട്ടവരിൽ കൊച്ചിയിൽ നിന്നുള്ള നാവിക സേന ഉദ്യോഗസ്ഥനും. ഹരിയാന സ്വദേശി വിനയ് നർവാളാണ് (26) കൊല്ലപ്പെട്ടത്. ഈ മാസം 16ന് വിവാഹിതനായ വിനയ് നർവാൾ ഭാര്യക്കൊപ്പം ഹണിമൂൺ ആഘോഷിക്കാനാണ് കശ്മീരിലെത്തിയത്.
വിനയുടെ ഭാര്യ സുരക്ഷിതയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. രണ്ട് വർഷം മുമ്പാണ് വിനയ് നാവികസേനയിൽ ചേർന്നത്. ആദ്യ പോസ്റ്റിംഗ് കൊച്ചിയിലായിരുന്നു. ചൊവ്വാഴ്ച്ചയാണ് രാജ്യത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കൊണ്ട് ജമ്മുകശ്മീരിലെ പഹൽഗാമില്‍ വന്‍ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
ഹിമാൻഷിയുടെ കണ്‍മുന്നില്‍വെച്ച് വിനയിനെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. മെയ് 1ന് തന്റെ 27-ാം ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഇതിനായി ഹരിയാനയിലെ കുടുംബം വലിയ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് വിവരം. മൃതദേഹം ബുധനാഴ്ച വൈകുന്നേരം കർണാലിലെ ജന്മനാട്ടിൽ എത്തിക്കും.
വിവാഹത്തോട് അനുബന്ധിച്ച് അവധിയിലായിരുന്ന വിനയ് അടുത്ത മാസം ജോലിയിൽ തിരിച്ചെത്തേണ്ടതായിരുന്നു. മെയ് 3ന് ഭാര്യയോടൊപ്പം കൊച്ചിയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. മധുവിധു യാത്രയ്ക്കായി വിദേശത്തേക്ക് പോകാൻ അനുമതി നിഷേധിച്ചതിനെത്തുടർന്നായിരുന്നു അദ്ദേഹം ഭാര്യയ്ക്കൊപ്പം കശ്മീരിലേക്ക് പുറപ്പെട്ടത്. സ്വിറ്റ്‌സർലൻഡിലേക്ക് പോകാൻ അനുമതി ലഭിച്ചിരുന്നെങ്കിൽ അദ്ദേഹം ഇന്ന് ജീവനോടെയുണ്ടാകുമായിരുന്നെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചിട്ടുണ്ട്. വിനയ് നർവാളിന്റെ മുത്തച്ഛനുമായി അദ്ദേഹം ഫോണിൽ സംസാരിച്ച് അനുശോചനം പങ്കുവച്ചു. കർണാൽ എംഎൽഎ ജഗ്മോഹൻ ആനന്ദും അസാന്ദ് എംഎൽഎ യോഗേന്ദർ സിങ് റാണയും വിനയ് നർവാളിൻ്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ നേരിൽ കണ്ടു.
إرسال تعليق