സൗദി സന്ദർശനം വെട്ടിച്ചുരുക്കി മോദി ഇന്ത്യയിലെത്തി; വിമാനത്താവളത്തിൽ അടിയന്തര യോഗം ചേർന്നു

(www.kl14onlinenews.com)
(23-APR-2025)

സൗദി സന്ദർശനം വെട്ടിച്ചുരുക്കി മോദി ഇന്ത്യയിലെത്തി; വിമാനത്താവളത്തിൽ അടിയന്തര യോഗം ചേർന്നു

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് മടങ്ങിയെത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായും പ്രധാനമന്ത്രി ചർച്ച നടത്തി. ഭീകരാക്രമണത്തിനുപിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചിരുന്നു. അമിത് ഷാ ശ്രീനഗറിൽ എത്തിയിട്ടുണ്ട്. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ജനറൽ മനോജ് സിൻഹയുമായി ഷാ അടിയന്തര സുരക്ഷാ അവലോകന യോഗം നടത്തി. ഇന്ന് ഭീകരാക്രമണം നടന്ന പഹൽഗാമിലേക്ക് പോയേക്കും. 

ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 26-ആയി ഉയർന്നു. മരിച്ചവരിൽ ഒരുമലയാളിയുമുണ്ട്. കൊച്ചി ഇടപ്പള്ളി മങ്ങാട്ട് റോഡിൽ താമസിക്കുന്ന രാമചന്ദ്രൻ (68)ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പഹൽഗാമിൽ ആക്രമണം നടന്നത്. വിനോദസഞ്ചാരികൾക്കുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

പഹൽഗാമിലെ പുൽമേട് ആസ്വദിക്കുകയായിരുന്ന വിനോദസഞ്ചാരികൾക്ക് നേരെ രണ്ടോ മൂന്നോ ഭീകരർ വെടിവയ്ക്കുകയായിരുന്നുവെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരിൽ ചിലരുടെ നില ഗുരുതരമാണ്. ഈ വർഷം വിനോദസഞ്ചാരികൾക്ക് നേരെയുള്ള ആദ്യത്തെ ഭീകരാക്രമണമാണിത്. കഴിഞ്ഞ വർഷം മേയിൽ പഹൽഗാമിലെത്തിയ വിനോദസഞ്ചാരികൾക്കുനേരെ ഭീകരാക്രമണം നടന്നിരുന്നു. അന്ന് രണ്ട് വിനോദസഞ്ചാരികൾക്ക് പരുക്കേറ്റു.

ഭീകരാക്രമണത്തിനുപിന്നാലെ ജമ്മു മേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ പ്രതിഷേധിച്ച് സനാതൻ ധരം സഭയുടെ കിഷ്ത്വാർ യൂണിറ്റ് ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Post a Comment

أحدث أقدم