ജാമ്യം നൽകിയാൽ ക്രമസമാധാന പ്രശ്‌നമുണ്ടാകും; ഷഹബാസ് കൊലപാതകത്തിൽ പ്രതികൾക്ക് ജാമ്യമില്ല

(www.kl14onlinenews.com)
(25-APR-2025)

ജാമ്യം നൽകിയാൽ ക്രമസമാധാന പ്രശ്‌നമുണ്ടാകും; ഷഹബാസ് കൊലപാതകത്തിൽ പ്രതികൾക്ക് ജാമ്യമില്ല

താമരശ്ശേരി: താമരശ്ശേരി ഷഹബാസ് കൊലപാതകത്തിൽ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യമില്ല. ജാമ്യം നല്‍കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടാകുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിദ്യാർത്ഥികൾക്ക് ജാമ്യം നൽകിയാൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. അത് കുട്ടികളുടെ ജീവന് ഭീഷണി ആയി തീരുമെന്നും കോടതി വ്യക്തമാക്കി.

ട്യൂഷന്‍ സെന്ററിലുണ്ടായ യാത്രയയപ്പുചടങ്ങിലെ പ്രശ്‌നങ്ങള്‍ക്കൊടുവില്‍ സാമൂഹികമാധ്യമങ്ങളിലൂടെ പോര്‍വിളിയുയര്‍ത്തിയ ശേഷം നടത്തിയ സംഘര്‍ഷത്തിനിടെയാണ് മുഹമ്മദ് ഷഹബാസിനെ ഒരുസംഘം വിദ്യാര്‍ഥികള്‍ ആസൂത്രിതമായി മര്‍ദിച്ച് കൊലപ്പെടുത്തിയതെന്നാണ് കേസ്. വെഴുപ്പൂര്‍ റോഡിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പഠിച്ചിരുന്ന ആറ് എസ്എസ്എല്‍സി വിദ്യാര്‍ഥികളാണ് നിലവില്‍ കേസിലെ കുറ്റാരോപിതര്‍. കേസില്‍ വിദ്യാര്‍ഥികളെ മാത്രമാണ് പ്രതിചേര്‍ത്തിരിക്കുന്നതെന്നും സംഭവത്തില്‍ മുതിര്‍ന്നവരുടെ പങ്ക് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഇല്ലെന്നുമാണ് പോലീസ് പറയുന്നത്. ചില രക്ഷിതാക്കള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് ഷഹബാസിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു

അതേസമയം കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കുറ്റാരോപിതര്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുമെന്നിരിക്കെ, മേയ് 29-നകം കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്‍പാകെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളിലാണ് താമരശ്ശേരി പൊലീസ് ഇപ്പോഴുള്ളത്. ഒപ്പം കേസില്‍ ഒട്ടേറെ ഡിജിറ്റല്‍ തെളിവുകള്‍ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്. അക്രമദൃശ്യങ്ങളടങ്ങിയ ഒട്ടേറെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണസംഘം ശേഖരിച്ചത്. കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും മൊബൈല്‍ഫോണുകള്‍ പരിശോധിച്ച് അവയില്‍ നിന്നയച്ച സന്ദേശങ്ങള്‍ സംബന്ധിച്ച് സൈബര്‍സെല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുമുണ്ട്.

Post a Comment

Previous Post Next Post