(www.kl14onlinenews.com)
(23-APR-2025)
ന്യൂഡൽഹി: പാക്കിസ്ഥാൻ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ തയിബ (എൽഇടി) യുടെ നിഴൽ ഗ്രൂപ്പായ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി കേന്ദ്ര ഏജൻസികളുടെ വൃത്തങ്ങൾ അറിയിച്ചു. 2023 ജനുവരിയിലാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം ആഭ്യന്തര മന്ത്രാലയം ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്.
2019 ൽ ലഷ്കറെ തയിബയുടെ ഒരു നിഴൽ ഗ്രൂപ്പായാണ് ടിആർഎഫ് നിലവിൽ വന്നത്. ഭീകര പ്രവർത്തനങ്ങൾക്കായിയി ടിആർഎഫ് ഓൺലൈൻ മീഡിയത്തലൂടെയാണ് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. ഭീകര പ്രവർത്തനങ്ങൾ, ഭീകരരെ റിക്രൂട്ട് ചെയ്യൽ, ഇന്ത്യയിലേക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം, പാക്കിസ്ഥാനിൽ നിന്ന് ജമ്മു കാശ്മീരിലേക്ക് ആയുധങ്ങളും മയക്കുമരുന്നുകളും കടത്തൽ തുടങ്ങിയ പ്രവർത്തനങ്ങളിലെല്ലാം ഈ ഗ്രൂപ്പ് സജീവ പങ്കാളിത്തമുള്ളതാണ്. ഭീകര സംഘടനകളിൽ ചേരാനായി ജമ്മു കശ്മീർ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ടിആർഎഫ് പ്രചാരണങ്ങൾ നടത്തിയിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു.
ടിആർഎഫ് കമാൻഡറായ ഷെയ്ഖ് സജ്ജാദ് ഗുലിനെ ഭീകരവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 2020 മുതലാണ് ടിആർഎഫ് ഭീകര ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു തുടങ്ങിയത്. കശ്മീരിൽ സജീവമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകളായ ലഷ്‌കറെ തയിബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നിവയിൽനിന്ന് വ്യത്യസ്തമായി താഴ്‌വരയിൽ വ്യത്യസ്ത ആക്രമണങ്ങൾ നടക്കുമ്പോഴെല്ലാം ടിആർഎഫ് മാത്രമാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. 2022 ൽ താഴ്‌വരയിൽ കൊല്ലപ്പെട്ട ഭീകരരിൽ ഏറ്റവും കൂടുതൽ പേർ ടിആർഎഫിൽ പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.
ലഷ്കറെ തയിബയ്ക്ക് പാക്കിസ്ഥാൻ നൽകിയ പുതിയ പേരാണ് ടിആർഎഫ് എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ലഷ്‌കറിനും ജെയ്‌ഷെ മുഹമ്മദിനും മതപരമായ അർത്ഥങ്ങളുണ്ടായിരുന്നു. പാക്കിസ്ഥാൻ അത് ആഗ്രഹിച്ചില്ല. കശ്മീർ ഭീകരവാദത്തെ തദ്ദേശീയമായി ലോകത്തിനു മുന്നിൽ കാണിക്കാൻ അവർ ആഗ്രഹിച്ചു. അതിനാൽ, 'റെസിസ്റ്റൻസ്' എന്ന പേർ അവർ തിരഞ്ഞെടുത്തു,”ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
إرسال تعليق