(www.kl14onlinenews.com)
(23-APR-2025)
പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീർ സർക്കാർ
ശ്രീനഗർ: ചൊവ്വാഴ്ച പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീർ സർക്കാർ. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ശക്തമായ നിലപാട് അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ആക്രമണത്തിൽ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ചുള്ള സൂചനകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ ഈ നീക്കം. ഭീകരാക്രമണത്തിൽ സർവകക്ഷി യോഗം വിളിക്കാനും തീരുമാനമായി. കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് വൈകിട്ട് ആറ് മണിക്ക് ഡൽഹിയിൽ ചേരും. സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും മറ്റും കേന്ദ്രസർക്കാർ പ്രതിപക്ഷ നേതാക്കളോട് വിശദീകരിച്ചേക്കും. കേന്ദ്രമന്ത്രിയെ നിയോഗിക്കാനും യോഗത്തിൽ തീരുമാനം ഉണ്ടായേക്കും.
ഭീകരാക്രമണത്തിൽ വിശദീകരണവുമായി പാകിസ്ഥാൻ രംഗത്തെത്തിയിരുന്നു. തങ്ങൾക്ക് പങ്കില്ലെന്നും എല്ലാ ഭീകരതയെയും തങ്ങൾ എതിർക്കുമെന്നുമാണ് പാകിസ്ഥാൻ്റെ വിശദീകരണം. പാകിസ്ഥാൻ പ്രതിരോധ വകുപ്പ് മന്ത്രിയാണ് വിശദീകരണവുമായി രംഗത്ത് വന്നത്. ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്നുള്ള സൂചനകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ബൈസരൻ വാലിയിൽ നടന്നത് ലഷ്കർ – ഐഎസ്ഐ ആസൂത്രിത ആക്രമണമെന്നാണ് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. ലഷ്കർ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം പഹൽഗാമിനടുത്തുള്ള വിനോദസഞ്ചാര പുൽമേടായ ബൈസരനിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ഭീകരാക്രമണം നടന്നത്. അവിടെ ആയുധധാരികളായ തീവ്രവാദികൾ ഒരു കൂട്ടം സാധാരണക്കാർക്ക് നേരെ വെടിയുതിർത്തു. അവരിൽ ഭൂരിഭാഗവും മനോഹരമായ ‘മിനി സ്വിറ്റ്സർലൻഡ്’ സന്ദർശിക്കുന്ന വിനോദസഞ്ചാരികളായിരുന്നു.
إرسال تعليق