(www.kl14onlinenews.com)
(07-APR-2025)
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാനെ കടക്കെണിയിൽ മുക്കിയത് ലോൺ ആപ്പുകളാണെന്ന് അഫാന്റെ മാതാവ് ഷെമിയുടെ വെളിപ്പെടുത്തൽ. കൂട്ടക്കൊലപാതകത്തിന്റെ തലേദിവസം തുടർച്ചയായി ഫോൺകോളുകൾ വന്നിരുന്നു. വീട് വിറ്റാൽ തീരുന്ന പ്രശ്‌നം മാത്രമാണ് ഉണ്ടായിരുന്നത്. 25 ലക്ഷം രൂപയുടെ ബാധ്യതയാണ് തങ്ങൾക്കുണ്ടായിരുന്നതെന്നും ഷെമി പറഞ്ഞു.
അന്ന് സംഭവിച്ച പലതിനെക്കുറിച്ചും പകുതി ബോധം മാത്രമാണ് ഉള്ളത്. അഫാൻ തന്നെ ബോധരഹിതയാക്കാൻ എന്തോ നൽകിയെന്നു സംശയിക്കുന്നുവെന്നും ഷെമി പറഞ്ഞു. ഉമ്മ ക്ഷമിക്കണമെന്ന് പറഞ്ഞു മകൻ കഴുത്തിൽ ഷാൾ കുരുക്കുകയായിരുന്നെന്നും അവർ വെളിപ്പെടുത്തി.
കൂട്ടക്കൊലപാതക ദിവസം മൂന്ന് കൂട്ടർക്ക് പണം തിരികെ കൊടുക്കണമായിരുന്നു.ലോൺ ആപ്പിൽ വായ്പ തുക തിരിച്ചടയ്ക്കണമായിരുന്നു. 50,000 രൂപ ബന്ധുവിനു തിരികെ കൊടുക്കേണ്ടത് 24 നായിരുന്നു. ജപ്തി ഒഴിവാക്കാൻ ബാങ്കിൽ പണം തിരിച്ചു അടയ്ക്കേണ്ടതും 24 നായിരുന്നു. ഇക്കാര്യങ്ങളിൽ അഫാൻ വിഷമത്തിലായിരുന്നുവെന്നും ഷെമി പറഞ്ഞു.
അഫാനോട് ക്ഷമിക്കാൻ കഴിയില്ല
അഫാനോട് ജീവിതത്തിൽ ക്ഷമിക്കാൻ കഴിയില്ലെന്നും ഷെമി പറഞ്ഞു. ഞങ്ങളുടെ കുടുംബവും ജീവിതവും തകർത്തു. എന്റെ പൊന്നു മോനെ കൊന്നവനാണെന്നും അവനോട് എങ്ങനെ ക്ഷമിക്കുമെന്നും ഷെമി ചോദിച്ചു.
അഫാന് ബന്ധുക്കളിൽ ചിലരോട് വിയോജിപ്പ് ഉണ്ടായിരുന്നുവെന്നും ഷെമി പറഞ്ഞു. വൈരാഗ്യം ഉള്ളതായി അറിയില്ല. കൊല്ലപ്പെട്ട പിതൃസഹോദരൻ ലത്തീഫിനോട് എതിർപ്പ് പേരുമലയിലെ വീട് വിൽക്കാൻ തടസ്സം നിന്നതിനാണ്. സൽമ ബീവിയോട് വലിയ സ്‌നേഹമായിരുന്നു. മാല പണയം വെയ്ക്കാൻ സൽമ ബീവിയോട് ചോദിച്ചിരുന്നു. എന്നാൽ നൽകില്ലെന്നു സൽമ ബീവി പറഞ്ഞതായും ഷെമി പറഞ്ഞു.
ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. രാവിലെ പത്തിനും വൈകിട്ട് ആറിനും ഇടയിൽ മൂന്നു വീടുകളിലായാണ് പ്രതി 5 കൊലപാതകങ്ങൾ നടത്തിയത്. പേരുമലയിലെ അഫാന്റെ വീട്ടിൽ നിന്ന് 25 കിലോമീറ്റർ അകലെ താമസിക്കുന്ന മുത്തശി സൽമാബീവിയെയാണ് അഫാൻ ആദ്യം കൊലപ്പെടുത്തിയത്.
തുടർന്നാണ് പേരുമലയിലെ വീട്ടിൽ നിന്ന് 9 കിലോമീറ്റർ അകലെ പിതൃസഹോദരൻ അബ്ദുൽ ലത്തീഫ്, ഭാര്യ സജിതാബീവി എന്നിവരെ കൊലപ്പെടുത്തിയത്. പിന്നാലെ സ്വന്തം വീട്ടിലെത്തി സഹോദരൻ അഹ്‌സാനെയും ഫർസാനയെയും കൊലപ്പെടുത്തി. അമ്മ ഷമിയെ തലയ്ക്കടിച്ചു ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തു. കൊലപാതക ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.
إرسال تعليق