(www.kl14onlinenews.com)
(23-Mar-2025)
ഐപിഎൽ പതിനെട്ടാം സീസണിലെ ആദ്യ ജയം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്. കൊൽക്കത്ത മുൻപിൽ വെച്ച 175 റൺസ് 16.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ആർസിബി മറികടന്നു. നിലവിലെ ചാംപ്യന്മാരായ കൊൽക്കത്തയ്ക്ക് സ്വന്തം തട്ടകത്തിൽ തോൽവിയോടെ തുടക്കം. 36 പന്തിൽ നിന്ന് 59 റൺസോടെ വിരാട് കോഹ്ലി പുറത്താവാതെ നിന്നു.
ഫിൽ സോൾട്ടിന്റേയും കോഹ്ലിയുടേയും തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ട് ആണ് ആർസിബിയുടെ ജയം അനായാസമാക്കിയത്. ഇരുവരും ചേർന്ന് പവർപ്ലേയിൽ 80 റൺസ് അടിച്ചെടുത്തു. 95 റൺസ് ഓപ്പണിങ്ങിൽ കണ്ടെത്തിയാണ് ഈ സഖ്യം പിരിഞ്ഞത്. 31 പന്തിൽ നിന്ന് 56 റൺസ് എടുത്ത സോൾട്ടിനെ വരുൺ ചക്രവർത്തി മടക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും ആർസിബി ഓപ്പണിങ് സഖ്യം കൊൽക്കത്തയെ മാനസികമായി തകർത്തിരുന്നു.
ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലിന് കാര്യമായൊന്നും ചെയ്യാനായില്ല. ക്യാപ്റ്റൻ രജത് 16 പന്തിൽ നിന്ന് 34 റൺസ് കണ്ടെത്തി. അഞ്ച് ഫോറും ഒരു സിക്സുമാണ് രജത്തിന്റെ ബാറ്റിൽ നിന്ന് വന്നത്. ലിവിങ്സ്റ്റൺ 5 പന്തിൽ നിന്ന് 15 റൺസ് നേടി. കൊൽക്കത്തയ്ക്ക് വേണ്ടി വരുൺ അറോറ, വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
ഇംപാക്ട് പ്ലേയറായി വൈഭവ് അറോറയെ കൊണ്ടുവന്ന കൊൽക്കത്തയുടെ നീക്കങ്ങളെല്ലാം കോഹ്ലിക്കും ഫിൽ സോൾട്ടിനും മുൻപിൽ പാളി. തന്റെ ആദ്യ രണ്ട് ഓവറിൽ തന്നെ 32 റൺസ് ആണ് വൈഭവ് വഴങ്ങിയത്. വരുൺ ചക്രവർത്തിയുടെ ഒരു ഓവറിൽ ആർസിബി അടിച്ചെടുത്തത് 21 റൺസ്. സ്പെൻസറിനെതിരെ തുടരെ സിക്സ് പറത്തി ഉൾപ്പെടെ കോഹ്ലി താൻ മിന്നും ഫോമിലാണ് എന്ന് വ്യക്തമാക്കി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രുനാൽ പാണ്ഡ്യയാണ് കളിയിലെ താരം.
നേരത്തെ ടോസ് നേടിയ ആർസിബി കൊൽക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രഹാനെയുടെ അർധ ശതകമാണ് കൊൽക്കത്തയെ തുണച്ചത്. സുനിൽ നരെയ്നും രഹാനെയും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തി. എന്നാൽ രഹാനെ മടങ്ങിയതിന് പിന്നാലെ വന്ന റിങ്കു സിങ്, റസൽ ഉൾപ്പെടെയുള്ള ബാറ്റർമാർ നിരാശപ്പെടുത്തി. അവസാന 10 ഓവറിൽ 67 റൺസ് മാത്രമാണ് കൊൽക്കത്തയ്ക്ക് നേടാനായത്.
إرسال تعليق