(www.kl14onlinenews.com)
(08-Mar-2025)
ബെംഗളൂരു: ഹംപിയില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ലൈംഗികാതിക്രമം. ഇസ്രയേലി വിനോദ സഞ്ചാരിയെയും ഹോം സ്‌റ്റേ ഓപ്പറേറ്ററെയും കൂട്ട ബലാത്സംഗത്തിനിരയാക്കി. കൂടെയുണ്ടായിരുന്ന ഒഡീഷ സ്വദേശി ബിബാസിനെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. സ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന ബിബാസിനെ അക്രമി സംഘം കനാലില്‍ തള്ളിയിടുകയായിരുന്നു. തുംഗഭദ്ര നദിയുടെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീകളെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഘത്തിലുണ്ടായിരുന്ന അമേരിക്കന്‍ പൗരന്‍ ഡാനിയലിനും മഹാരാഷ്ട്ര സ്വദേശി പങ്കജിനും പരിക്കേറ്റിട്ടുണ്ട്. സഞ്ചാരികള്‍ ഹംപിയിലെ സനാപൂര്‍ തടാകക്കരയിലിരുന്ന് സംഗീതം ആസ്വദിക്കുമ്പോഴായിരുന്നു ആക്രമണം. മോട്ടോര്‍സൈക്കിളിലെത്തിയ പ്രതികള്‍ ആദ്യം പെട്രോളും പിന്നീട് 100 രൂപയും ആവശ്യപ്പെട്ടു. എന്നാല്‍ സഞ്ചാരികള്‍ ഇത് നൽകാതിരുന്നതിനെ തുടർന്ന് അക്രമാസക്തരാവുകയായിരുന്നു
പ്രതികൾ പുരുഷന്മാരോട് കയര്‍ക്കുകയും സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. ഇതിനിടയിലാണ് ബിബാസിനെ കായലില്‍ തള്ളിയിട്ടത്. ഡാനിയലും പങ്കജും പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. അതേസമയം കൂട്ട ബലാത്സംഗം, കവര്‍ച്ച, വധശ്രമം ഉള്‍പ്പെടെയുള്ള ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി നിരവധി കേസുകള്‍ പ്രതികൾക്ക് മേൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് റാം എല്‍ അരസിദ്ദി പറഞ്ഞു. പ്രതികളെ പിടികൂടാന്‍ ആറ് അംഗങ്ങളടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post a Comment