(www.kl14onlinenews.com)
(28-Mar-2025)
സമരം കടുപ്പിക്കാനൊരുങ്ങി ആശാ വർക്കർമാർ; തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ മുടിമുറിച്ച് പ്രതിഷേധിക്കും
തിരുവനന്തപുരം: ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന്റെ രൂപം മാറുന്നു. സമരത്തിന്റെ അന്‍പതാം ദിവസമായ തിങ്കളാഴ്ച പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം. തിങ്കളാഴ്ച ആശ വര്‍ക്കര്‍മാര്‍ മുടിമുറിച്ച് പ്രതിഷേധിക്കും. സര്‍ക്കാര്‍ പുലര്‍ത്തുന്നത് അങ്ങേയറ്റം ഖേദകരമായ നിലപാടാണെന്ന് ആശ വര്‍ക്കേഴ്സ് സമരസമിതി നേതാവ് എസ് മിനി പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി രണ്ട് ഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടുവെന്നും മന്ത്രി ആദ്യം നിന്നിടത്തുതന്നെയാണ് ഇപ്പോഴും നില്‍ക്കുന്നതെന്നും മിനി പറഞ്ഞു. ചര്‍ച്ചയില്‍ മന്ത്രി മോശമായിട്ടാണ് പെരുമാറിയതെന്നും മിനി ആരോപിച്ചു.
ആവശ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ലേലം വിളിയാണോ എന്നാണ് മന്ത്രി ചോദിച്ചത്. സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാകണമെന്നും മിനി പറഞ്ഞു. സമരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്താന്‍ പാടില്ല എന്നാണ് പറയുന്നത്. സിഐടിയു എത്രയോ തവണ ഇവിടെ സമരം നടത്തിയിട്ടുണ്ട്. ഓണറേറിയത്തിന്റെ മാനദണ്ഡങ്ങള്‍ എടുത്തുമാറ്റിയെന്ന് മന്ത്രി പറയുന്നു. പുതുച്ചേരി സര്‍ക്കാര്‍ ഓണറേറിയം വര്‍ദ്ധിപ്പിച്ചു. ഓണറേറിയം വര്‍ദ്ധിപ്പിക്കേണ്ടത് ആരാണെന്ന് ഇപ്പോള്‍ വ്യക്തമായെന്നും വിരമിക്കല്‍ ആനുകൂല്യം തരേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും മിനി പറഞ്ഞു.
ഇപ്പോഴുള്ള ഉത്തരവ് പിന്‍വലിച്ചാല്‍ ഞങ്ങള്‍ക്ക് പകുതി ആശ്വാസം ലഭിക്കും. സമരം അന്‍പതാം ദിവസത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ ഒരു പൊതുമുതലും ഞങ്ങൾ നശിപ്പിച്ചിട്ടില്ല. എത്രയും വേഗം ഈ സമരം സര്‍ക്കാര്‍ അവസാനിപ്പിക്കണം. കേരള സമൂഹം ആഗ്രഹിക്കുന്ന തരത്തില്‍ ഈ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാരിന്റേത് പ്രതികാര നടപടിയാണെന്നും സമരക്കാര്‍ക്ക് ഫെബ്രുവരിയിലെ ഓണറേറിയവും ഇന്‍സെന്റീവും നൽകിയിട്ടില്ലെന്നും മിനി ആരോപിച്ചു.
إرسال تعليق