(www.kl14onlinenews.com)
(28-Mar-2025)
ഡൽഹി: മ്യാൻമാറിലും അയൽ രാജ്യമായ തായ്‌ലന്‍ഡിലുമുണ്ടായ ശക്തമായ ഭൂചലനത്തിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടതായും വൻ നാശനഷ്ടം സംഭവിച്ചതായും റിപ്പോട്ട്. മ്യാൻമാറിൽ 144 പേർ കൊല്ലപ്പെടുകയും 732 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. തായ്‌ലൻഡിൽ എട്ടു പേർ കൊല്ലപ്പെടുകയും 117 ലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ശക്തമായ ഭൂചലനം അനുഭവപ്പെട്ട ബാങ്കോക്ക് നഗരം ദുരന്ത മേഖലയായി പ്രഖ്യാപിച്ചു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത്, മ്യാൻമറിൽ ഒന്നിലധികം പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. നാശനഷ്ടങ്ങളെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മരണ സംഘ്യ ഇനിയും ഉയരുമെന്നും നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. അതേസമയം, ബാങ്കോക്കിൽ നിർമ്മാണത്തിലിരുന്ന അംബരചുംബിയായ കെട്ടിടം ഭൂകമ്പത്തില്‍ തകര്‍ന്നു തരിപ്പണമായെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ കുറഞ്ഞത് മൂന്ന് പേർ മരിക്കുകയും 90 ലധികം പേരെ കാണാതാവുകയും ചെയ്തതായി തായ് പ്രതിരോധ മന്ത്രി അറിയിച്ചു. തകർന്ന കെട്ടിടത്തിന് സമീപത്തു നിന്ന് ഏഴു പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.
ഭൂചലനത്തിൽ തായ്‌ലൻഡിൽ മൂന്നു പേർ മരിച്ചതായി ബാങ്കോക്ക് ഗവർണർ സ്ഥിരീകരിച്ചു. തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും സ്ഥിതിഗതികൾ ഏറെക്കുറെ നിയന്ത്രണവിധേയമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശവാസികളോട് പരിഭ്രാന്തിവേണ്ടെന്ന് ഗവർണർ അഭ്യർത്ഥിച്ചിട്ടുണ്ട്. നഗരത്തിലുടനീളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 169 റിപ്പോർട്ടുകൾ അധികൃതർക്ക് ലഭിച്ചതായാണ് വിവരം.
പ്രദേശിക സമയം ഉച്ചയ്ക്ക് 11.50 ഓടെയാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്ത ഭൂചലനം മ്യാൻമറിൽ ഉണ്ടായത്. മ്യാന്മാറിലെ മണ്ടാലെ നഗരത്തിൽ നിന്ന് ഏകദേശം 17.2 കിലോമീറ്റർ മാറി ഭൂമിക്കടിയില്‍ പത്തുകിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ഭൗമശാസ്ത്ര കേന്ദ്രം അറിയിച്ചു
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തി. സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി എക്സിലൂടെ അറിയിച്ചു. തായ്‌ലൻഡിൽ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ തുറന്നു. +66 618819218 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു.
إرسال تعليق