ശരീരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു, നടി രന്യ റാവു അറസ്റ്റിൽ

(www.kl14onlinenews.com)
(05-Mar-2025)

ശരീരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു, നടി രന്യ റാവു അറസ്റ്റിൽ

ബെംഗളൂരു: സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ കന്നഡ നടി രന്യ റാവു അറസ്റ്റിൽ. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽവച്ചാണ് നടി പിടിയിലായത്. നടിയുടെ പക്കൽനിന്നും 14.8 കിലോഗ്രാം സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടിച്ചെടുത്തു. ഇടയ്ക്കിടെ വിദേശയാത്രകൾ നടത്തിയിരുന്ന നടി ഏറെ നാളായി ഡിആർഐ നിരീക്ഷണത്തിലായിരുന്നു.

കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ നാല് തവണയാണ് ദുബായിലേക്ക് യാത്ര ചെയ്തത്. ഇന്നലെ രാത്രി ദുബായിൽ നിന്ന് എമിറേറ്റ്‌സ് വിമാനത്തിൽ ബെംഗളൂരുവിലെത്തിയ നടിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയത്. 

കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ റാവു. സ്വർണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്ന് അന്വേഷണം നടക്കുന്നുണ്ട്. വിമാനത്താവളത്തിൽ എത്തുമ്പോൾ താൻ ഡിജിപിയുടെ മകളാണെന്ന് പറയുകയും വീട്ടിലേക്ക് കൊണ്ടുപോകാൻ പൊലീസ് ഉദ്യോഗസ്ഥരെ വിളിക്കുകയും ചെയ്യുമായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥർക്ക് കള്ളക്കടത്ത് സംഘവുമായി എന്തെങ്കിലും പങ്കുണ്ടോയെന്നാണ് ഡിആർഐ അന്വേഷിക്കുന്നത്.

കന്നഡ സൂപ്പർസ്റ്റാർ സുദീപിന്റെ നായികയായി 'മാണിക്യ' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രന്യ മറ്റ് ദക്ഷിണേന്ത്യൻ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. രന്യയെ ബെംഗളൂരുവിലെ ഡിആർഐ ആസ്ഥാനത്തേക്ക് കൊണ്ടുപോയി കൂടുതൽ ചോദ്യം ചെയ്തു. ഇന്ന് ബെംഗളൂരു കോടതിയിൽ ഹാജരാക്കിയേക്കും.

ബ്ലാക്മെയില്‍ ചെയ്താണ് സ്വര്‍ണം കടത്തിച്ചത്; അന്വേഷണ സംഘത്തിന് മൊഴി നല്‍കി രന്യ റാവു

ബെംഗളൂരു: ബ്ലാക്മെയില്‍ ചെയ്താണ് തന്നെ കൊണ്ട് സ്വര്‍ണം കടത്തിച്ചതെന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കി കന്നഡ നടി രന്യ റാവു. ഇന്നലെയാണ് സ്വര്‍ണക്കടത്തുകേസില്‍ നടി അറസ്റ്റിലായത്. 14 കിലോ വരുന്ന സ്വര്‍ണക്കട്ടികള്‍ ബെല്‍റ്റില്‍ ഒളിപ്പിപ്പിച്ചും 800 ഗ്രാം ആഭരണങ്ങള്‍ അണിഞ്ഞുമായിരുന്നു രന്യ റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലാകുന്നത്. നിലവില്‍ നടിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

രന്യ റാവുവിന്റെ വീട്ടില്‍ നിന്ന് അനധികൃത പണവും സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്. 2.5 കോടി രൂപയും 2.06 കോടിയുടെ സ്വര്‍ണവുമാണ് റവന്യു ഇന്റലിജന്‍സ് കണ്ടെടുത്തത്. ബെംഗളൂരുവിലെ ലവല്ലേ റോഡിലെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല് തവണ ദുബായ് സന്ദര്‍ശനം നടത്തിയതോടെയാണ് നടി ഡി ആര്‍ ഐയുടെ നിരീക്ഷണത്തിലായത്. 15 ദിവസത്തിനിടെ നാല് ദുബായ് യാത്രകളാണ് രന്യ നടത്തിയിരുന്നത്. ഈ യാത്രകളിലെല്ലാം ഒരേ വസ്ത്രം ധരിച്ചതും സംശയങ്ങള്‍ വര്‍ധിപ്പിച്ചു.

സ്വര്‍ണം ഒളിപ്പിച്ച ബെല്‍റ്റ് മറയ്ക്കുന്നതിനാണ് ഒരേ വസ്ത്രം തിരഞ്ഞെടുത്തതെന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ സംശയം. ഇതിനിടെ വിമാനത്തവളത്തിലെത്തുമ്പോള്‍ ലഭിച്ച പ്രോട്ടോക്കോള്‍ സംരക്ഷണവും ഇവര്‍ സ്വര്‍ണക്കടത്തിന് മറയാക്കിയെന്നാണ് വിവരം. ബസവരാജു എന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ടെര്‍മിനലില്‍ രന്യയെ കാണാറുണ്ടായിരുന്നു. രന്യയെ അനുഗമിച്ച് പുറത്തേക്ക് കൊണ്ടുപോയി സര്‍ക്കാര്‍ വാഹനത്തില്‍ കയറ്റിവിടുന്നത് ഈ ഉദ്യോഗസ്ഥനാണ്. വിമാനത്താവളത്തിലെ സാധാരണ പരിശോധനകള്‍ ഒഴിവാക്കിയായിരുന്നു ഈ നീക്കങ്ങള്‍. ഇയാളേയും ഡിആര്‍ഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post