വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെ ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ ഉടൻ തീരുമാനം

(www.kl14onlinenews.com)
(04-Mar-2025)

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെ ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ ഉടൻ തീരുമാനം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ ഉടൻ തീരുമാനം. ജനറൽ മെഡിസിൻ ഡോക്ടർ അനുമതി നൽകിയാൽ ഉടൻ അഫാനെ ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റും. ജയിലേക്ക് മാറ്റിയ ശേഷമായിരിക്കും പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക. നിലവിൽ അഫാന് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. അഫാന് മാനസിക പ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ.

അതേസമയം, കടബാധ്യതയാണ് കൂട്ടക്കൊലപാതകത്തിലേക്ക് അഫാനെ കൊണ്ടെത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കടം നൽകിയ ബന്ധുക്കളുടെയും വായ്പയെടുത്തിരുന്ന ധനകാര്യസ്ഥാപനങ്ങളിലുള്ളവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കടബാധ്യത മൂലമാണ് കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചത്. കേസിൽ 90 ദിവസത്തിനകം കുറ്റപത്രം നൽകാനാണ് പൊലീസ് നീക്കം. 

അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച ശേഷം അഫാൻ ചെയ്തത് തുടർച്ചയായ അഞ്ച് കൊലപാതങ്ങളാണ്. കടബാധ്യതയെ തുടർന്ന് ബന്ധുക്കളിൽ നിന്നുമുണ്ടായ അവഹേളനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അഫാന്റെ മൊഴി. അഫാൻ മറ്റ് രണ്ട് കൊലപാതകങ്ങൾ കൂടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. അമ്മയുടെ രണ്ട് ബന്ധുക്കളെ കൂടികൊല്ലാനുള്ള പദ്ധതി അവസാന നിമിഷം ഒഴിവാക്കുകയായിരുന്നുവെന്നാണ് അഫാന്റെ മൊഴി. 

തിരുവനന്തപുരം തട്ടത്തുമലയിൽ താമസിക്കുന്ന അടുത്ത ബന്ധുക്കളായ അമ്മയെയും മകളെയും കൊല്ലാനാണ് അഹാൻ പദ്ധതിയിട്ടിരുന്നത്. ഇവരോട് നേരത്തെ അഞ്ച് ലക്ഷം രൂപ കടമായി ചോദിച്ചിരുന്നു. എന്നാൽ പണം അവർ നൽകിയില്ല. ഇതുകാരണം ഇവരോട് പ്രതികാരം തോന്നിയെന്നും അഫാൻ മാനസികാരോഗ്യ വിദഗ്ധനോട് വെളിപ്പെടുത്തിയെന്നാണ് വിവരം

ആദ്യത്തെ കൊലപാതകങ്ങൾക്ക് ശേഷം വീട്ടിലെത്തി അവിടെയുള്ളവരെ കൊലപ്പെടുത്തിയ ശേഷം തട്ടത്തുമലയിൽ എത്തി കൊലപാതകം നടത്താനാണ് അഫാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ അനുജൻ അഫ്‌സാനെ കൊലപ്പെടുത്തിയതോടെ ധൈര്യം ചോർന്നുപോയെന്നും അഫാൻ വെളിപ്പെടുത്തി

Post a Comment

Previous Post Next Post