(www.kl14onlinenews.com)
(02-Mar-2025)
നാഗ്പുര്‍: കേരളത്തിനെതിരായ 37 റണ്‍സിന്റെ ആദ്യ ഇന്നിങ്സ് ലീഡിന്റെ പിൻബലത്തിൽ രഞ്ജി ട്രോഫി തിരിച്ചുപിടിച്ച് വിദർഭ. വിദർഭയുടെ മൂന്നാ രഞ്ജി ട്രോഫി കിരീടമാണിത്. ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ കേരളത്തിന് തലയുയർത്തി മടങ്ങാം. ഫൈനലിൽ മികച്ച പോരാട്ടവീര്യം പുറത്തെടുക്കാൻ കേരളത്തിന് കഴിഞ്ഞു. രണ്ടാം ഇന്നിങ്സിൽ വിദർഭയുടെ 9 വിക്കറ്റുകൾ പിഴുത് മത്സരം പരമാവധി ആവേശകരമാക്കിയെങ്കിലും, പത്താം വിക്കറ്റിൽ വിദർഭയുടെ പ്രതിരോധം ഒരിക്കൽക്കൂടി നീണ്ടുപോയതോടെ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ഇതോടെ കേരളം രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയില്ല. സ്കോർ: വിദർഭ – 379 & 375/9, കേരളം 342
നാലു വിക്കറ്റ് നഷ്ടത്തിൽ 249 റൺസുമായി അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച വിദർഭയ്ക്ക്, ഇന്ന് അഞ്ച് വിക്കറ്റ് കൂടി നഷ്ടമായി. കഴിഞ്ഞദിവസം സെഞ്ചുറിയും കടന്ന് ക്രീസില്‍ നിലയുറപ്പിച്ച കരുണ്‍ നായരുടെ വിക്കറ്റാണ് അഞ്ചാം ദിനം കേരളം ആദ്യം നേടിയത്. സര്‍വാതെയുടെ പന്തിൽ കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ സ്റ്റമ്പുചെയ്ത് പുറത്താക്കുകയായിരുന്നു. 295 പന്തില്‍ പത്ത് ഫോറും രണ്ട് സിക്‌സും സഹിതം 135 റണ്‍സാണ് കരുണ്‍ നേടിയത്. നേരത്തേ മൂന്നാംവിക്കറ്റില്‍ ഡാനിഷ് മാലേവറുമായി ചേര്‍ന്ന് 182 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത് കേരളത്തിന്റെ പ്രതീക്ഷകളെ തല്ലെക്കെടുത്തിയിരുന്നു. ക്യാപ്റ്റൻ അക്ഷയ് വദ്കർ (25), ഹർഷ് ദുബെ (4), അക്ഷയ് കർനേവർ (30), നാച്ചികെട്ട് ഭൂട്ടെ (3) എന്നിവരും ഇന്ന് പുറത്തായി. വിദർഭയുടെ മുൻ താരവും മത്സരം നടക്കുന്ന നാഗ്പുർ സ്വദേശിയുമായ സ്പിന്നർ ആദിത്യ സർവാതേയ്ക്കാണ് അതിൽ മൂന്നു വിക്കറ്റുകളും ലഭിച്ചത്.
ഒടുവിൽ പത്താം വിക്കറ്റിൽ ദർശൻ നൽകണ്ഡെ – യഷ് ഠാക്കൂർ സഖ്യത്തിന്റെ പ്രതിരോധം നീണ്ടുപോയതോടെയാണ് കേരളം സമനിലയ്ക്ക് സമ്മതിച്ചത്. അപ്പോഴേക്കും ലീഡ് 412ൽ എത്തിയിരുന്നു. നാൽകണ്ഡെ 51 റൺസോടെയും ഠാക്കൂർ 29 പന്തിൽ എട്ടു റൺസോടെയും പുറത്താകാതെ നിന്നു
നേരത്തേ ടോസ് നേടി വിദര്‍ഭയെ ബാറ്റിങ്ങിനയച്ച കേരളം 379 റണ്‍സിന് പുറത്താക്കിയിരുന്നു. ഡാനിഷ് മാലേവറിന്റെ സെഞ്ചുറിയാണ് വിദര്‍ഭയെ രക്ഷിച്ചത്. മറുപടി ബാറ്റിങ്ങില്‍ കേരളം 342 റണ്‍സിന് പുറത്തായി. 37 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ വിദര്‍ഭ പിന്നീട് ഏഴ് റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയെങ്കിലും കരുണ്‍ നായരും മാലേവറും ചേര്‍ന്ന് കേരളത്തിന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തി.
Post a Comment