വലിയ സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നില്ല; എല്ലാം പൊലീസ് തെളിയിക്കട്ടെയെന്ന് അഫാന്റെ പിതാവ് അബ്ദുൽ റഹീം
തിരുവനന്തപുരം: കുടുംബത്തിൽ വലിയ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുൾ റഹീം. വലിയ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്ന കുടുംബമല്ല തങ്ങളുടേതെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അബ്ദുൾ റഹീം മാധ്യമങ്ങളോട് പറഞ്ഞു.
'സ്ഥിരമായി കുടുംബവുമായി ബന്ധപ്പെടാറുള്ളയാളാണ് താൻ. വീടുവച്ചതുമായി ബന്ധപ്പെട്ട ബാധ്യതകളെല്ലാം തീർത്തതാണ്. കൊലപാതകം നടക്കുന്നതിന് ഒരാഴ്ച മുൻപും കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. എന്താണ് സംഭവിച്ചതെന്ന് പൊലീസ് കണ്ടെത്തട്ടെ'യെന്നും റഹീം പറഞ്ഞു.
അഫാന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയന്ന അമ്മ, ഷെമീനയുടെ ആരോഗ്യം മെച്ചപ്പെട്ടുവരുന്നതായും എല്ലാവരും പ്രാർത്ഥിക്കണമെന്നും റഹീം പറഞ്ഞു. വിദേശത്തായിരുന്ന റഹിം ഏഴുവര്‍ഷത്തിന് ശേഷം മരണ വിവരം അറിഞ്ഞാണ് നാട്ടിലെത്തിയത്.
അതേസമയം, അഫാനെതിരെ മൊഴി നൽകാൻ ഷെമീന വിസമ്മതിച്ചു. കട്ടിലിൽ നിന്ന് വീണാണ് തനിക്ക് പരിക്കേറ്റതെന്നാണ് ഷെമീന മജിസ്‌ട്രേറ്റിന് നൽകിയ മൊഴി. 45 മിനിറ്റാണ് ആശുപത്രിയിൽ വെച്ച് മൊഴി രേഖപ്പെടുത്തിയത്. നേരത്തെ, പൊലീസിന് ഷെമീന നൽകിയതും ഇതേ മൊഴിയായിരുന്നു.
കൂട്ടക്കൊലയിലേക്ക് നയിച്ചത് കടബാധ്യത തന്നെയാണെന്ന് നിഗമനത്തിലാണ് അന്വേഷണ സംഘമെന്നാണ് റിപ്പോർട്ട്. അഫ്‌സാന്റെ അമ്മ ഷെമീന ചിട്ടി നടത്തിയും പണം പോയി. സാമ്പത്തിക ഞെരുക്കം പരിഹരിക്കാൻ വേണ്ടിയാണ് ഷെമീന ചിട്ടി നടത്തിയത്. കൊല്ലപ്പെട്ട ലത്തീഫിന്റെ ഭാര്യ ഷാഹിദക്ക് ചിട്ടി കിട്ടി. പക്ഷെ പണം നൽകിയില്ല. ഇതേ ചൊല്ലി ലത്തീഫും അഫാനും തമ്മിൽ തർക്കമുണ്ടായി. അഫാൻ മോശമായി സംസാരിച്ചതായി ലത്തീഫ് അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തിയെന്നാണ് വിവരം.
Post a Comment