(www.kl14onlinenews.com)
(03-Mar-2025)
കോഴിക്കോട്: താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നെന്ന് കോഴിക്കോട് റൂറൽ എസ്പി കെഇ ബൈജു. കുട്ടികൾ എന്ന നിലയിലായിരുന്നില്ല മർദിച്ചവരുടെ ആലോചന. കൊലപാതകത്തിൽ ഉൾപ്പെട്ടവരെല്ലാം പിടിയിലായിട്ടുണ്ടെന്നും ഗൂഡാലോചനയിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും കെഇ ബൈജു പറഞ്ഞു.
കൊലപാതകം നടന്നത് കൃത്യമായ ആസൂത്രണത്തോടെയാണ്. കുട്ടികളുടെ വാട്‌സ്ആപ്പ് സന്ദേശങ്ങൾ ഇതിന് തെളിവാണ്. കുട്ടികളിൽ ഒരാളുടെ അച്ഛന് ക്രിമിനൽ പശ്ചാത്തലമുണ്ട്. കൊലപാതകത്തിൽ ഉൾപ്പെട്ടവരെല്ലാം പിടിയിലായിട്ടുണ്ട്. ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ്. കൊലപാതകത്തിൽ മുതിർന്നവർക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
അതേസമയം,ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്കാണ് പൊലീസ് കണ്ടെത്തിയത്. പ്രതികളുടെ വീട്ടിൽ ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് ആയുധം കണ്ടെത്തിയത്. തെളിവുകളായ ഫോണുകളും ലാപ് ടോപ്പും കണ്ടെത്തിയിട്ടുണ്ട്.വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞാണ് പൊലീസ് ഒരേസമയം പ്രതികളായ വിദ്യാർത്ഥികളുടെ വീടുകളിൽ പരിശോധന നടത്തിയത്. ആക്രമണവുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് വോയിസ് ക്ലിപ്പുകൾ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ പരിശോധനകൾക്കാണ് ഫോണുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചത്.
റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരം അഞ്ച് എസ്ഐമാരുടെ നേതൃത്വത്തിൽ നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. പ്രതികളായ കുട്ടികളുടെ മാതാപിതാക്കളുടെ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Post a Comment