കണ്ടെത്തുന്നവർക്ക് 5001രൂപ ഇനാം; പി.സി ജോർജിന്റെ അറസ്റ്റ് വൈകുന്നതിൽ 'പൊലീസിനെ ട്രോളി' യൂത്ത് ലീഗ്

(www.kl14onlinenews.com)
(22-Feb-2025)

കണ്ടെത്തുന്നവർക്ക് 5001രൂപ ഇനാം; പി.സി ജോർജിന്റെ അറസ്റ്റ് വൈകുന്നതിൽ 'പൊലീസിനെ ട്രോളി' യൂത്ത് ലീഗ്

തിരുവനന്തപുരം :
വിദ്വേഷ പരാമർശക്കേസിൽ പി.സി ജോർജിൻ്റെ അറസ്റ്റ് വൈകുന്നതിൽ പൊലീസിനെ ട്രോളി യൂത്ത് ലീഗ്. ജോർജിനെ കണ്ടെത്തുന്നവർക്ക് യൂത്ത് ലീഗ് ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റി 5001രൂപ ഇനാം പ്രഖ്യാപിച്ചു. അറസ്റ്റ് വൈകിപ്പിച്ച പൊലീസ് ജോർജിന് ഒളിവിൽ പോകാൻ അവസരമൊരുക്കിയെന്നും യൂത്ത് ലീഗ് വിമർശിച്ചു. ചാനൽ ചർച്ചയിലെ വിദേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി.സി ജോർജ് ഒളിവിലാണ്.

മതവിദ്വേഷ പരാമര്‍ശം: രണ്ടു തവണ പൊലീസ് വീട്ടിലെത്തിയിട്ടും പി.സി. ജോർജിനെ കാണാനില്ല

കോട്ടയം: മതവിദ്വേഷ പരാമര്‍ശം നടത്തിയെന്ന കുറ്റത്തില്‍ മുന്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ പി.സി. ജോർജ് തിങ്കളാഴ്ച പൊലീസിന് മുന്നില്‍ ഹാജരാകും. പി.സി. ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തേ ഹൈകോടതി തള്ളിയിരുന്നു. പിന്നാലെ ഇന്ന് രണ്ടു തവണ പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ എത്തിയിട്ടും പൊലീസിന് നോട്ടീസ് കൈമാറാനായില്ല.

ഈരാറ്റുപേട്ട പൊലീസ് എടുത്ത കേസില്‍ നേരത്തെ കോട്ടയം ജില്ല സെഷന്‍സ് കോടതിയും പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതേസമയം, ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പി.സി. ജോര്‍ജ് പൊലീസിന് അപേക്ഷ നല്‍കി. ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമര്‍ശം നടത്തിയത് അബദ്ധത്തില്‍ പറ്റിപ്പോയ പിഴവെന്നായിരുന്നു പി.സി. ജോര്‍ജിന്റെ വാദം

ഇന്നലെയായിരുന്നു ഹൈകോടതി മുന്‍കൂര്‍ ജാമ്യ ഹരജി തള്ളിയത്. പി.സി. ജോര്‍ജ്ജിന്റെ പരാമര്‍ശത്തില്‍ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു.

ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. 

പി.സി ജോർജിന് രാഷ്ട്രീയത്തിൽ തുടരാൻ അർഹതയില്ല! മതവിദ്വേഷ പരാമർശത്തിൽ ഹൈക്കോടതി

കൊച്ചി :
മുപ്പതുവര്‍ഷത്തോളം എം.എല്‍.എയായിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി. ചാനല്‍ച്ചര്‍ച്ചയില്‍ മുസ്ലീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഈരാറ്റുപേട്ട പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

രാഷ്ട്രീയനേതാവ് സമൂഹത്തിന്റെ റോള്‍മോഡലാകണം. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനതത്ത്വമാണ്. മതവിദ്വേഷപരാമര്‍ശം ആവര്‍ത്തിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് സാമനസ്വഭാവമുള്ള മുന്‍കേസുകളില്‍ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുന്‍കൂര്‍ജാമ്യം നിഷേധിച്ചതെന്നും കോടതി വ്യക്തമാക്കി.

മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിദ്വേഷപ്രസ്താവന മുളയിലേ നുള്ളണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പി.സി. ജോര്‍ജ് മുന്‍പ് നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങളും ഉത്തരവില്‍ ഉള്‍പ്പെടുത്തി. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും ഹര്‍ജിക്കാരന് മുന്‍കൂര്‍ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്നും കോടതി പറഞ്ഞു.

നിരന്തരം അബദ്ധമാണ് പിസി ജോര്‍ജ്ജിൻ്റെതെന്നും ഹൈക്കോടതിയുടെ വിമര്‍ശിച്ചിരുന്നു. അബദ്ധമാണ് പറ്റിയതെന്ന പിസി ജോര്‍ജ്ജിന്റെ അഭിഭാഷകന്റെ വാദത്തിനായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. മതവിദ്വേഷം വളര്‍ത്തുന്ന പ്രസ്താവന നടത്തിയതിന് നാല് കുറ്റകൃത്യങ്ങള്‍ പിസി ജോര്‍ജ്ജിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചത്. പ്രകോപനപരമായ പരാമര്‍ശമാണ് പിസി ജോര്‍ജ്ജ് നടത്തിയതെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം

Post a Comment

Previous Post Next Post