(www.kl14onlinenews.com)
(18-Feb-2025)
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലിൽ കേരളത്തിന്റെ മുഹമ്മദ് അസ്ഹറുദീന് സെഞ്ചുറി. 14 ഫോർ അടക്കം 125 റൺസുമായി അസ്ഹറുദീൻ ക്രീസിലുണ്ട്. 158 ഓവർ പിന്നിടുമ്പോൾ കേരളം 6 വിക്കറ്റ് നഷ്ടത്തിൽ 377 റൺസെടുത്തിട്ടുണ്ട്.
രണ്ടാം ദിനത്തിൽ കളി തുടങ്ങി ഉടൻ തന്നെ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ വിക്കറ്റ് നഷ്ടമായത് കേരളത്തിന് തിരിച്ചടിയായിരുന്നു. എന്നാൽ പിന്നാലെ എത്തിയ വിക്കറ്റ് കീപ്പർ അസ്ഹറുദീൻ, സൽമാൻ നിസാറിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി കേരളത്തിന്റെ സ്കോർ ഉയർത്തുകയായിരുന്നു. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 110 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
രണ്ടാം ദിനത്തിൽ ഒരു റൺസ് പോലും നേടാതെയാണ് സച്ചിൻ ബേബി പുറത്തായത്. നാഗ്വാസ്വാലയുടെ ബോളിൽ ആര്യ ദേശായി കേരള ക്യാപ്റ്റനെ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. 69 റൺസാണ് സച്ചിൻ നേടിയത്.
രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്തുക എന്ന സ്വപ്നം ലക്ഷ്യമിട്ടാണ് കേരളം സെമി ഫൈനലിൽ ഇറങ്ങിയത്. ആദ്യ ദിനത്തിൽ ഗുജറാത്തിനെതിരെ നാല് വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് എന്ന നിലയിലായിരുന്നു കേരളം. ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കരുതലോടെ ബാറ്റ് വീശിയ ഓപ്പണർമാർ കേരളത്തിന് മികച്ച തുടക്കമാണ് നൽകിയത്.
രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേർന്ന് ആദ്യ വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും നിലയുറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തിലാണ് അക്ഷയ് റണ്ണൌട്ടായത്. തൊട്ടു പിറകെ രവി ബിഷ്ണോയിയുടെ പന്തിൽ എൽബിഡബ്ല്യു ആയി രോഹൻ കുന്നുമ്മലും മടങ്ങി. ഇരുവരും 30 റൺസ് വീതം നേടി. രണ്ട് ഓപ്പണർമാരും മടങ്ങിയതിന് ശേഷം വൺഡൌണായി വന്ന വരുൺ നായനാർക്കും അധികം പിടിച്ചു നിൽക്കാനായില്ല. പ്രിയജിത് സിങ് ജഡേജയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഉർവ്വിൽ പട്ടേലിന് ക്യാച്ച് നൽകിയാണ് പത്ത് റൺസെടുത്ത് വരുൺ പുറത്തായത്.
Post a Comment