(www.kl14onlinenews.com)
(04-Feb-2025)
റെയില്‍വേ വികസനത്തിനായി കേരളത്തിന് 3042 കോടി; 200 വന്ദേഭാരത്, 100 അമൃത് ഭാരത് ട്രെയിനുകൾ,32 സ്റ്റേഷനുകൾ നവീകരിക്കും
ഡൽഹി: കേരളത്തിനുള്ള റെയിൽവേ വിഹിതമായി 3,042 കോടി വകയിരുത്തിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. യുപിഎ സർക്കാരിന്റെ ഭരണ കാലത്ത് അനുവദിച്ച തുകയുടെ ഇരട്ടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ 32 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുമെന്നും രാജ്യത്തുടനീളം 200 വന്ദേഭാരത് ട്രെയിനുകൾ കൂടി ഏർപ്പെടുത്തുമെന്നും ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, അശ്വനി വൈഷ്ണവ് പറഞ്ഞു.
വന്ദേ ഭാരത് ട്രെയിനുകൾക്ക് പുറമെ 100 അമൃത് ഭാരത് ട്രെയിനുകളും 50 നമോ ഭാരത് റാപ്പിഡ് ട്രെയിനുകളും, 17,500 ജനറൽ എസി കോച്ചുകൾ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. റെയിൽവേ സുരക്ഷയ്ക്കായി 1.16 ലക്ഷം കോടി രൂപ വകയിരുത്തിയതായും 2025-26 അവസാനത്തോടെ റെയിൽവേ നൂറു ശതമാനം വൈദ്യുതീകരണം കൈവരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റെയിൽവേ സുരക്ഷ ക്രമീകരണങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, ട്രാക്കുകളുടെയും സിഗ്നൽ സംവിധാനങ്ങളുടെയും നവീകരണം, മേൽപ്പാലങ്ങളുടെയും അടിപ്പാതകളുടെയും നിർമാണം, കവാച് സുരക്ഷാ സംവിധാനങ്ങളുടെ നവീകരണം എന്നിവ നടപ്പാക്കും. ഇതിനു പുറമെ 40,000 പരമ്പരാഗത കോച്ചുകൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് മാറ്റുമെന്നും പ്രഖ്യാപനമുണ്ട്.
നിലവിൽ കേരളത്തിലോടുന്ന 2 വന്ദേ ഭാരത് ട്രെയിനുകളും ലാഭത്തിലാണെന്ന് മന്ത്രി അറിയിച്ചു. കേരളത്തിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും നിരവധി പദ്ധതികൾ പുരോഗമിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Post a Comment