(www.kl14onlinenews.com)
(27-Feb-2025)
✍️ഹാരിസ് ഖിലാഡി ബെദിര
മയക്ക് ഉപയോഗിക്കുവരെയും വില്പന ചെയ്യുന്നവരെയും ഒരു ദയാദാക്ഷിണ്യവും കാണിക്കാതെ തൂക്കിലേറ്റിയാൽ മാത്രമെ ഒരു പരിധി വരെയെങ്കിലും മയക്ക് മരുന്നു വ്യാപനം തടയാൻ കഴിയുള്ളു.
മയക്കുമരുന്ന് വ്യാപനം കൊണ്ട് പട്ടണങ്ങളിൽ മാത്രമല്ല, ഗ്രാമാഗ്രാമാന്തരങ്ങളിലെ കൊച്ചു കുടിലിലേക്കുപോലും ഇതിൻ്റെ പ്രത്യാഘാതങ്ങൾ കടന്നു കയറി കൊലപാതകങ്ങളിലേക്കും അസ്വാസ്ഥ്യമായ ജീവിത സാഹചര്യങ്ങളിലേക്കും എത്തിചേർന്നിരിക്കുകയാണ്.
പത്താം ക്ലാസിൽ പഠിക്കുന്ന പിഞ്ചു കുട്ടികളെയാണ് മയക്ക്മരുന്ന് വ്യാപാരികൾ ചില്ലറകൾ നൽകി വ്യാമോഹിപ്പിച്ച് കാരിയർ ആക്കി ഉപഭോക്താക്കൾക്ക് മയക്ക്മരുന്നു എത്തിക്കുന്നത്.
മയക്ക്മരുന്ന് വിൽപനക്കാർ സ്വയം നശിക്കുക മാത്രമല്ല ഇവർ മറ്റുള്ളവരെ കൂടി നശിപ്പിച്ച് കൊണ്ടിരിക്കയാണ്. മയക്ക്മരുന്ന് കേസിൽ അകപ്പെട്ട് കഴിഞ്ഞാൽ അവർക്കെതിരെ ശക്തമായ നിയമ നടപടികളൊ ശിക്ഷാവിധികളൊ ഇല്ലാതാകുന്നതാണ് നമ്മുടെ രാജ്യത്ത് മയക്ക്മരുന്ന് മാഫിയ വ്യാപകമാകാൻ കാരണം സ്വന്തം മാതാവിനെയും പിതാവിനെയും ഒരു കാരുണ്യവും കാണിക്കാതെ തലക്കടിച്ച് കൊല്ലുന്ന ദാരുണ സംഭവങ്ങൾ നിരന്തരമുണ്ടായിട്ടും ഭരണകൂടവും ജൂഡിഷ്യറിയും ഒന്നും കാണാതെ പോലെയുള്ള മൗനം സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കാൻ പോകുന്നത്.
നൂറ്റാണ്ടുകൾക്ക് മുമ്പ് റസൂൽ സ :അ : പറഞ്ഞതുപോലെ "കൊല്ലുന്നവന് ഞാൻ എന്തിനാണ് കൊല്ലുന്നതെന്നോ, കൊല്ലപ്പെടുന്നവന് ഞാൻ എന്തിനാണ് കൊല്ലപ്പെടുന്നതെന്നൊ അറിയാത്ത ഒരു കാലം വരും" എന്നു പറഞ്ഞ കാലഘട്ടം സംജാതമായി കഴിഞ്ഞിരിക്കുന്നു. ഇത്തരം കുറ്റ കൃത്യങ്ങൾ നമ്മുടെ നാട്ടിൽ വരുന്നതിന് മുമ്പ് നമ്മൾ ഇത്തിനെതിരെ ശക്തമായ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്, നമുക്ക് നമ്മുടെ ഗ്രാമം സുരക്ഷിതമാക്കാൻ നാം ഓരോരുത്തരും മുന്നോട്ട് വരിക തന്നെ വേണം അതിനാകട്ടെ ഈ പരിശുദ്ധ മാസത്തിലെ നമ്മുടെ ശ്രമങ്ങൾ!
✍️ഹാരിസ് ഖിലാഡി ബെദിര.
ഉത്തരം അതെ എന്നു തന്നെ പറയേണ്ടി വരും. സമീപകാലങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത് അങ്ങനെയാണ്. മയക്ക് മരുന്നിന്റെ അതിപ്രസരവും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ഇപ്പോള്‍ തുടര്‍ക്കഥയായിരിക്കുകയാണ്
എന്താണ് മയക്കു മരുന്നിന്റെ ആകര്‍ഷണം…. മനുഷ്യന്‍ ഒരു വികാരജീവിയാണ്. കാമം, ക്രോധം അസൂയ, പേടി തുടങ്ങിയ വികാരങ്ങളാല്‍ സമ്പന്നമാണ് ഒരു വ്യക്തിയുടെ സ്വഭാവം. അതിനാല്‍ തന്നെ ഇവയെ നിയന്ത്രിക്കുകയും ശ്രമകരമാണ്. മനസമാധാനം തേടി അനന്തമായ യാത്രയിലാണ് നമ്മള്‍. മനസ് ശാന്തമായി ഇരിക്കുക. വികാരങ്ങള്‍ മനസിനെ ബാധിക്കാതിരിക്കുക. പലരും മയക്കുമരുന്നുകളെ ആശ്രയിക്കുന്നത് ഇതിനാണ്.
ഒരു പഞ്ഞിക്കെട്ടു പോലെ ഒഴുകി നടക്കാം… നിര്‍വികാരമായി…ഒരു പുക എടുത്താല്‍ മതി. യാതൊരു സമ്മര്‍ദ്ദവും ഇല്ല. ചുറ്റുപാടുകള്‍ ബാധിക്കുകയുമില്ല. ഹൈലൈറ്റ് ഇതാണ്. നെഗറ്റീവ് വികാരങ്ങള്‍ക്ക് താല്‍ക്കാലിക ശമനം
മയക്കു മരുന്നുകളെ സേഫ് സോണില്‍ നിറുത്തുന്നത് ഉപയോഗിച്ചിട്ടുണ്ടെന്ന് മറ്റുള്ളവര്‍ക്ക് മനസിലാകുകയില്ല എന്നത് തന്നെയാണ്. മദ്യത്തിന്റേത് പോലെ വാസനകളോ പെട്ടെന്നുള്ള പരിശോധനയില്‍ (ഊതി കണ്ടുപിടിക്കാനോ) തെളിയിക്കാനോ സാധിക്കില്ല. മറ്റൊരു ലോകത്തില്‍ വേറിട്ട ചിന്തകളില്‍ ജീവിതത്തിന്റെ അര്‍ത്ഥങ്ങള്‍ തേടി അലയാം. വിഭാവനം ചെയ്യുന്ന മായികലോകം സാക്ഷാത്കരിക്കപ്പെടുന്നു.
എന്നാല്‍, ലഹരിമരുന്നുകള്‍ വെല്ലുവിളിയാകുന്നത് ഇതിന് അടിമപ്പെടുമ്പോഴാണ്. അടിമപ്പെട്ടുപോയാല്‍ ഒരിക്കലും പുറത്ത് കടക്കാനാകാത്തവിധം ചക്രവ്യൂഹത്തിലാകുന്നു. വീണ്ടും വീണ്ടും വേണമെന്ന് ശരീരം ആവശ്യപ്പെടുന്നു. വിദ്യാര്‍ത്ഥികളാണ് ഇതില്‍ അടിമപ്പെട്ടുപോകുന്നവരില്‍ ഏറെയും. മാഫിയകളുടെ ടാര്‍ജറ്റും ഇവര്‍ തന്നെ. കുട്ടികളുടെ തിരിച്ചറിവില്ലായ്മയെ ഇക്കൂട്ടര്‍ ചൂഷണം ചെയ്യുന്നു. ഭീഷണിപ്പെടുത്തിയാല്‍ പുറത്ത് പറയുകയുമില്ല. നല്ല കാശും കിട്ടും. മരുന്നുകള്‍ ലഭിക്കാന്‍ എന്തുതെറ്റും ചെയ്യുമെന്ന അവസ്ഥയും ഇക്കൂട്ടര്‍ മുതലെടുക്കുന്നു. പലതരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിദ്യാര്‍ത്ഥികളെ വിധേയരാക്കുന്നു.
ഒരു തമാശയ്‌ക്കായിരിക്കും പലപ്പോഴും പലരും ഉത്തേജകങ്ങള്‍ ഉപയോഗിച്ച് തുടങ്ങുന്നത്. പതുക്കെ പതുക്കെ ഒഴിവാക്കാനാകാതെ ആസക്തിയിലേയ്‌ക്ക് വഴിമാറുന്നു. മയക്കുമരുന്നുകളുടെ ആസക്തി ഗുരുതരമായ മാനസിക, ശാരീരിക, വ്യക്തിത്വ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ആസകതനായ വ്യക്തി അയാള്‍ വിചാരിച്ചാലും അതില്‍ നിന്നും അനായാസമായി പിന്‍മാറാന്‍ കഴിയില്ല. തലച്ചോറിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാക്കുകയോ മന്ദീഭവിക്കുകയോ ചെയ്യും. കാരണം മയക്കു മരുന്നുകള്‍ തലച്ചോറിലെ ഞരമ്പുകളിലൂടെ സംരേക്ഷണത്തിന് സഹായിക്കുന്ന അമിനോ രാസവസ്തു ഡോപോമിന്‍ന്റെ പ്രവര്‍ത്തനത്തെയാണ് ബാധിക്കുന്നത്. തലച്ചോറിന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്‌ക്ക് സന്ദേശം അയയ്‌ക്കാനുള്ള കഴിവിനെ ഇത് സ്വാധീനിക്കും.
മയക്കുമരുന്നുകളുടെ വിപണിയിലെ സാധ്യതകളും സാമ്പത്തിക നേട്ടങ്ങളും കൃത്യമായി വിലയിരുത്തുന്നവരാണ് മാഫിയകള്‍. മരുന്നു കമ്പനികളുടെ മറവിലാണ് ഇക്കൂട്ടര്‍ കച്ചവടം കൊഴുപ്പിക്കുന്നത്. ചുമയുടെ സിറപ്പുകള്‍ മുതല്‍ വേദനസംഹാരികള്‍ വരെ ഉത്തേജകങ്ങളായി ഉപയോഗിക്കുന്നു. ചികിത്സയ്‌ക്ക് ആവശ്യമുള്ള മരുന്നുകളുടെ ലൈസന്‍സിന്റെ മറവില്‍ ലഹരി ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനുള്ള സാധ്യതകള്‍ ഇവര്‍ മുതലെടുക്കുന്നു.
മയക്കു മരുന്നുകള്‍ ആരോഗ്യവാനായ വ്യക്തികളില്‍ വിപരീത ഫലങ്ങള്‍ സൃഷ്ടിക്കുമെങ്കിലും ചികിത്സാരംഗത്ത് പല ഉത്തേജക മരുന്നുകളും ഒരു അനുഗ്രഹമാണ്. ശരീരവേദനകളെ തിരിച്ചറിയാതിരിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പല മരുന്നുകളും ചികിത്സാരംഗത്ത് പ്രസക്തമാണ്. വേദനസംഹാരികളായ പല മരുന്നുകളും മുറിവേല്‍ക്കുന്നവര്‍ക്ക് മുതല്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് വരെ ഒരനുഗ്രഹമാണ്.
പലകാലങ്ങളിലായി വിവാദമായി നില നില്‍ക്കുന്ന ലഹരി മരുന്നുകളെക്കുറിച്ചുള്ള ഒരു മറുപക്ഷം ഇവിടെ പരാമര്‍ശിക്കാതെ വയ്യ. ഉത്തേജകങ്ങള്‍ ഏകാഗ്രത വര്‍ദ്ധിപ്പിക്കുമെന്നതാണ് ഇവിടെ വാദപ്രതിവാദങ്ങള്‍ക്ക് കാരണമാകുന്നത്. മിക്കവാറുമുള്ള ബുജികള്‍ ലഹരി മരുന്നുകള്‍ ഉപയോഗിക്കുമെന്നത് തന്നെയാണ് ഇത്തരം ഒരു വാദത്തിന് കാരണം. കഥയും കവിതകളുമുള്‍പ്പെടെയുള്ള നിത്യ ഹരിത സൃഷ്ടികള്‍ക്ക് പിന്നില്‍ ഉത്തേജകങ്ങളുടെ കറുത്ത കരങ്ങള്‍ ഉണ്ടെന്ന് തന്നെയാണ് കരുതപ്പെടുന്നത്. ഈ വാദത്തെ ശാസ്ത്രീയമായി പരിശോധിച്ചാല്‍ ഒരു വിഷയത്തില്‍ തന്നെ ഏകാഗ്രത പുലര്‍ത്തുന്നതിനാലാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്ന് വിലയിരുത്താം. സാധാരണ അവസ്ഥയില്‍ ഒരു വ്യക്തിക്ക് മനസിനെ ഏകാഗ്രമാക്കി വെയ്‌ക്കുക എന്നത് ശ്രമകരമാണ്. അനന്തമായി സഞ്ചരിക്കുന്ന മനസിന്റെ കടിഞ്ഞാണ്‍ മയക്ക് മരുന്നുകള്‍ ഏറ്റെടുക്കുന്നതിലൂടെയാണ് ഇത്തരത്തില്‍ സാധിക്കുന്നത് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
പലതരത്തിലുള്ള ലഹരിമരുന്നുകള്‍ വിപണിയില്‍ ലഭിക്കുന്നുണ്ട്. കേരളത്തില്‍ പ്രാദേശികമായി കൃഷി ചെയ്യപ്പെടുന്നതും സംസ്‌കരിച്ച് പലരൂപത്തില്‍ വീര്യം കൂട്ടിയതുമായ കഞ്ചാവിനാണ് ആവശ്യക്കാരേറെ. ഇന്ത്യയില്‍ തന്നെ കഞ്ചാവ് കൃഷിക്ക് പേര് കേട്ട സംസ്ഥാനമായി മാറിയിരിക്കുകയാണ് ഇന്ന് നമ്മുടെ കൊച്ചു കേരളം. കഞ്ചാവില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഇനങ്ങളാണ് ഹാഷിഷ്, മജൂന്‍, ഭാംഗ് തുടങ്ങിയവ. ഹാഷിഷ് ഉണ്ടാക്കുന്നത് കഞ്ചാവിന്റെ പൂവിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്ന കറയില്‍ നിന്നാണ്. ഈ കറ ഉണക്കി പൊടിച്ച് പുകയിലയില്‍ ചേര്‍ത്താണ് ഉപയോഗിക്കുന്നത്.
എന്നാല്‍, കാലത്തിന്റെ ഒഴുക്കില്‍ മയക്കുമരുന്നുകളിലും ആധുനികത കൈവന്നു. ഇന്ന് മയക്ക് മരുന്ന് വിപണിയില്‍ ഏറ്റവും ഡിമാന്‍ഡ് എല്‍എസ്ഡിക്കാണ്. മായാ ദൃശ്യങ്ങളെ പ്രാദാനം ചെയ്യുന്നു അതാണ്എല്‍എസ്ഡി. ലഹരിമരുന്നുകളുടെ രാജാവ്. സാധാരണ ലഹരിമരുന്നിനെക്കാള്‍ 4000 ഇരട്ടി തീവ്രതയാണ് എല്‍എസ്ഡിക്ക്. സ്റ്റാമ്പ് രൂപത്തില്‍ ലഭിക്കുന്ന ഇവ നാക്കിന്റെ അടിയില്‍ ഒട്ടിക്കുകയാണ് ചെയ്യുന്നത്. 3 മുതല്‍ 4 ദിവസം വരെ ഇതിന്റെ കിക്ക് ഉണ്ടാകുമെന്നതാണ് ഇതിനെ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് പ്രയങ്കരമാകുന്നത്.
ആഗോളജനസംഘ്യയുടെ 2.8 ശതമാനം മുതല്‍ 4.5 ശതമാനം വരെ മയക്ക് മരുന്നിന് അടിമപ്പെട്ടവരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ പറയുന്നത്.
കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത് കേരളത്തിൽ
രാജ്യത്ത് ഏറ്റവും കൂടുതൽ മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തത് കേരളത്തിൽ. ആറ് വർഷത്തിനിടെ 1,11,540 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. യു.പി, മധ്യപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും അരലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ ഏതാണ്ടെല്ലാ കേസുകളും രജിസ്റ്റർ ചെയ്യുന്നതു കൊണ്ടാണ് ഈ വർധന. മറ്റു സംസ്ഥാനങ്ങളിൽ പൂർണമായും രജിസ്റ്റർ ചെയ്യുന്നില്ല.
Post a Comment