(www.kl14onlinenews.com)
(23-Feb-2025)
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം വൈകുന്നു; ദുരന്ത ബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം
കൽപറ്റ: ചൂരൽമലയിൽ ദുരന്ത ബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം. ദുരന്തഭൂമിയിൽ കുടിൽകെട്ടി സമരം നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞതോടെ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പുനരധിവാസം വൈകുന്നുവെന്നതടക്കം ആരോപിച്ചാണ് ദുരന്ത ബാധിതർ പ്രതിഷേധിക്കുന്നത്. ബെയ്ലി പാലം കടക്കാൻ ഇവരെ അനുവദിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ തങ്ങളുടെ പേരിലുള്ള സ്ഥലത്തേയ്ക്ക് പോകണമെന്ന വാദത്തിലാണ് സമരക്കാർ.
നിരാഹാരസമരമടക്കമുള്ള പ്രതിഷേധങ്ങൾ ഉടനുണ്ടാകുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. എല്ലാ ഘട്ടത്തിലും ഉറപ്പുകൾ മാത്രമാണ് സർക്കാർ നൽകിയത്. ഉരുളെടുത്ത തങ്ങളുടെ ഭൂമിയിൽ തന്നെ സമരം ചെയ്യും. കളക്ടറേറ്റിൽ കുടുംബസമേതം പോയി സമരം ചെയ്യുമെന്നും സമരക്കാർ പ്രതികരിച്ചു.
ജനശബ്ദം ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ചൂരൽമല സ്കൂൾ റോഡിൽ കുടിൽ കെട്ടിയും കഞ്ഞിവെച്ചും പ്രതിഷേധിക്കാനായിരുന്നു നീക്കം. ചൂരൽമല ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ കലക്ടറെറ്റിനു മുന്നിൽ ദുരന്തബാധിതരുടെ ഉപവാസവും നടക്കും.
പുനരധിവാസത്തിനുള്ള പൂർണ ഉപഭോക്തൃ പട്ടിക പുറത്തു വിട്ട് വീടു നിർമാണം ഉടൻ ആരംഭിക്കുക, ഓരോ കുടുംബങ്ങൾക്കും പത്തുസെന്റ് ഭൂമി വീതം നൽകുക, ദുരന്ത ബാധിതർക്ക് ജോലി നൽകുക, തുടർചികിൽസ ലഭ്യമാക്കുക എന്നിവയാണ് ആവശ്യങ്ങൾ. ആക്ഷൻ കമ്മിറ്റികളുടെ പ്രതിഷേധത്തിന് യു. ഡി. എഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, എല്ലാത്തിനും പ്രതിഷേധിക്കുന്നത് ശരിയല്ലെന്ന് മന്ത്രി ഒ.ആര്‍.കേളു പറഞ്ഞു ദുരന്തബാധിതരുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. പ്രശ്നങ്ങള്‍ പറഞ്ഞ് ആരും തന്നെ വന്ന് കണ്ടിട്ടില്ല; ആരും എന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി കേളു പറഞ്ഞു.
Post a Comment