ദുബായില്‍ ഇന്ന് സൂപ്പര്‍ സൺ‌ഡേ!ചാംപ്യന്‍സ് ട്രോഫിയിൽ ഇന്ത്യ-പാക്കിസ്ഥാന്‍ ത്രില്ലര്‍

(www.kl14onlinenews.com)
(23-Feb-2025)

ദുബായില്‍ ഇന്ന് സൂപ്പര്‍ സൺ‌ഡേ!ചാംപ്യന്‍സ് ട്രോഫിയിൽ ഇന്ത്യ-പാക്കിസ്ഥാന്‍ ത്രില്ലര്‍
ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ- പാകിസ്ഥാൻ സൂപ്പര്‍ പോരാട്ടം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് വമ്പൻ പോരാട്ടത്തിന് തുടക്കമാവുക. ഇന്നലത്തെ ഇംഗ്ലണ്ട്-ഓസീസ് ത്രില്ലര്‍ പോലെ അതിസുന്ദരമായ പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വിജയ പ്രതീക്ഷയിലാവും രോഹിത് ശര്‍മ്മയും സംഘവും കളത്തിലിറങ്ങുക.

സമ്മര്‍ദം പാകിസ്ഥാന്‍ ടീമിന്
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ തോൽപിക്കുന്നതാണ് യഥാർഥ വെല്ലുവിളിയെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്‍റെ വാക്കുകളിലുണ്ട് ഇന്നത്തെ പോരാട്ടത്തിന്‍റെ ചൂടും ചൂരും. രോഹിത് ശർമ്മയെയും സംഘത്തേയും നേരിടാനിറങ്ങുമ്പോൾ സമ്മർദം കൂടുതൽ മുഹമ്മദ് റിസ്‌വാന്‍ നയിക്കുന്ന പാകിസ്ഥാന് ടീമിനാണ്. ന്യൂസിലൻഡിനോട് തോറ്റ പാകിസ്ഥാന് സെമി പ്രതീക്ഷ നിലനിർത്താൻ ഇന്ത്യക്കെതിരെ ജയം അനിവാര്യം. ഇന്ത്യയോടും മുട്ടുകുത്തിയാൽ 29 വർഷത്തിനിടെ ആദ്യമായി ഐസിസി ടൂർണമെന്‍റിന് വേദിയാവുന്ന പാകിസ്ഥാന് കാഴ്ചക്കാരുടെ റോളിലേക്ക് മാറേണ്ടിവരും. 

ബംഗ്ലാദേശിനെ തോൽപിച്ച ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യതയില്ല. നായകന്‍ രോഹിത് ശർമ്മയും കിംഗ് വിരാട് കോലിയും കൂടി യഥാർഥ ഫോമിലേക്ക് എത്തിയാൽ ടീം ഇന്ത്യയുടെ സ്കോർ ബോർഡ് സുരക്ഷിതമാവും. ഐസിസി ടൂർണമെന്‍റുകളിലെ മുഹമ്മദ് ഷമിയുടെ വിക്കറ്റ് വേട്ടയും പ്രതീക്ഷ കൂട്ടുന്നു. മധ്യ ഓവറുകളിൽ ബൗളിംഗ് മൂർച്ച കുറയുന്നത് പരിഹരിക്കണം ടീം ഇന്ത്യക്ക്. അതേസമയം പരിക്കേറ്റ് പുറത്തായ ഫഖർ സമാന് പകരം പാക് നിരയില്‍ ഇമാമുൽ ഹഖ് ടീമിലെത്തും. ബാബർ അസം, സൗദ് ഷക്കീൽ മുഹമ്മദ് റിസ്‌വാൻ, സൽമാൻ ആഘ എന്നിവർ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെങ്കിൽ പാകിസ്ഥാന് കാര്യങ്ങൾ കടുപ്പമാവും

പ്രത്യേക പരിശീലനവുമായി കോലി

ദുബായിലെ വേഗം കുറഞ്ഞ വിക്കറ്റിൽ സ്പിൻ ബൗളർമാർ കളിയുടെ ഗതിനിശ്ചയിക്കും. ഇത് മുന്നിൽ കണ്ടാണ് വിരാട് കോലി ഇന്നലെ മണിക്കൂറുകളോളം നെറ്റ്സിൽ സ്പിൻ ബൗളർമാരെ നേരിട്ടത്. മധ്യ ഓവറുകളിലെ ബാറ്റിംഗും ബൗളിംഗും നിർണായകമാവും. പാകിസ്ഥാനെതിരെ അവസാനം കളിച്ച പതിനൊന്ന് ഏകദിനത്തിൽ ഒൻപതിലും ജയം ഇന്ത്യക്കായിരുന്നു. എന്നാൽ ചാമ്പ്യൻസ് ട്രോഫിയിലെ നേർക്കുനേർ കണക്കിൽ നേരിയ മുൻതൂക്കം പാകിസ്ഥാനുണ്ട്. അഞ്ച് കളിയിൽ 2017ലെ ഫൈനൽ ഉൾപ്പടെ പാകിസ്ഥാന്‍ മൂന്ന് വട്ടം ജയിച്ചു.

മറുവശത്ത് 321 റണ്‍സ്  പിന്തുടരുമ്പോള്‍ 90 പന്തില്‍ 64 റണ്‍സ് നേടിയ ബാബര്‍ അസമിനെ ആരാധകര്‍ ക്രൂശിലേറ്റിക്കഴിഞ്ഞു. പരുക്കേറ്റ ഫകര്‍ സമാന്‍ പുറത്തായതും പാക്കിസ്ഥാന് കനത്ത തിരിച്ചടിയായി. ആദ്യ മല്‍സരത്തില്‍ നിന്ന ആകെ പോസിറ്റീവ് 69 റണ്‍സെടുത്ത മധ്യനിര ബാറ്റര്‍ ഖുഷ്ദില്‍ ഷാ.  പാക്കിസ്ഥാനെതിരെ എന്നും മിന്നിച്ചിട്ടുള്ള വിരാട് കോലി കൂടി റണ്‍സ് കണ്ടെത്തണമെന്നേ ഇന്ത്യന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുള്ളു. അഞ്ചുവിക്കറ്റുമായി മുഹമ്മദ് ഷമിയും കൂടെനിന്ന ഹര്‍ഷിദ് റാണയും ബംഗ്ലദേശിനെതിരെ ബുമ്രയുടെ കുറവറിയിച്ചില്ല. മറുവശത്ത് തല്ലുവാങ്ങിക്കൂട്ടിയാണ് ഷഹീന്‍ അഫ്രീദി നയിക്കുന്ന പാക്ക് പേസ് നിര വരുന്നത്.

കഴിഞ്ഞ അഞ്ച് ഏകദിനങ്ങൾ എടുത്താൽ പാക്കിസ്ഥാൻ മൂന്ന് കളിയിൽ തോറ്റപ്പോൾ ജയിച്ചത് രണ്ട് മത്സരങ്ങളിൽ. ഇന്ത്യ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നാലെണ്ണത്തിലും ജയിച്ചപ്പോൾ തോറ്റത് ഒരെണ്ണത്തിൽ

നോക്കി വയ്ക്കേണ്ട താരങ്ങൾ ഇവർ

വിരാട് കോഹ്ലി

കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ലെഗ് സ്പിന്നർക്ക് വിക്കറ്റ് നൽകിയാണ് കോഹ്ലി മടങ്ങിയത്. ഏകദിനത്തിൽ കഴിഞ്ഞ കളികളിലായി 46 പന്തുകൾ കോഹ്ല നേരിട്ടപ്പോൾ നേടിയത് 21 റൺസ്. പുറത്തായത് അഞ്ച് വട്ടം. എന്നാൽ പാക്കിസ്ഥാൻ നിരയിൽ ഇപ്പോൾ ഒരു ക്ലാസിക് ലെഗ് സ്പിന്നർ ഇല്ല. എന്നാൽ അബ്രാർ അഹ്മദിന് രണ്ട് വശത്തേക്കും ലെഗ് സ്പിന്നറെ പോലെ പന്ത് ടേൺ ചെയ്യിക്കാൻ സാധിക്കും.

ഫ്ലാറ്റ് ട്രാക്കുകളിൽ ബിഗ് ഹിറ്റുകൾക്ക് ഭൂരിഭാഗം ബാറ്റർമാർക്കും സാധിക്കും. എന്നാൽ റിസ്ക് എടുക്കാതെ സിംഗിൾസ് എടുക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. പാക്കിസ്ഥാന് എതിരെ ഇന്ത്യക്ക് അത് പ്രയാസമാവും എന്ന് കരുതാനാവില്ല. ഇവിടെ കോഹ്ലിക്ക് അവസരത്തിനൊത്ത് ഉയരാനാവും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഏകദിനത്തിൽ വേഗത്തിൽ 14000 റൺസ് തികയ്ക്കുന്ന താരമാവാൻ കോഹ്ലക്ക് ഇനി 15 റൺസ് കൂടി മതി. 

സൽമാൻ അഘ

പാക്കിസ്ഥാൻ ക്രിക്കറ്റിനെ കഴിഞ്ഞ കുറച്ച് നാളുകളിലായി തോളിലേറ്റുകയാണ് സൽമാൻ അഘ. 2024 മുതലുള്ള കണക്കെടുത്താൽ മധ്യ ഓവറുകളിൽ പാക്കിസ്ഥാനായി ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ രണ്ടാമത് സൽമാനാണ്, 325 റൺസ്. ബാറ്റിങ് ശരാശരി 65. സ്ട്രൈക്ക്റേറ്റ് 88.07.

ടീം ന്യൂസ് 

ഓപ്പണർ ഫഖർ സമന് പരുക്കേറ്റതോടെ ഇമാം ഉൾ ഹഖ് പകരക്കാരനായി പ്ലേയിങ് ഇലവനിലേക്ക് എത്തുന്നു. ഉസ്മാൻ ഖാൻ ആണ് അവരുടെ റിസർവ് ബാറ്റർ. ഉസ്മാൻ ഖാൻ ഏകദിനത്തിൽ ഇന്ത്യക്കെതിരെ അരങ്ങേറ്റം കുറിച്ചാൽ തനിക്ക് പരിചിതമല്ലാത്ത റോളിലാവും ഉസ്മാൻ ഖാന് ഇറങ്ങേണ്ടി വരിക. ലിസ്റ്റ് എ ക്രിക്കറ്റിൽ നാലാമതാണ് ഉസ്മാൻ ഖാൻ ബാറ്റ് ചെയ്യുന്നത്. 

പാക്കിസ്ഥാൻ സാധ്യത ഇലവൻ:

ഇമാം ഉൾ ഹഖ്, ബാബർ അസം, സൗദ് ഷക്കീൽ, മുഹമ്മദ് റിസ്വാൻ, സൽമാൻ അഘ, തയ്യബ് തഹിർ, ഖുഷ്ദിൽ ഷാ, ഷഹീൻ ഷാ അഫ്രിദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാർ അഹ്മദ്

ബംഗ്ലാദേശിന് എതിരെ ഇറങ്ങിയ ഇലവനെ തന്നെയാവും പാക്കിസ്ഥാന് എതിരേയും ഇന്ത്യ ഇറക്കാൻ സാധ്യത. 

ഇന്ത്യയുടെ സാധ്യത ഇലവൻ:

രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ഹർഷിത് റാണ,മുഹമ്മദ് ഷമി, കുൽദീപ് യാദവ്

പിച്ചും സാഹചര്യങ്ങളും

ബംഗ്ലാദേശിന് എതിരെ ദുബായിൽ ആദ്യം ഫീൽഡ് ചെയ്യാനാണ് ഇന്ത്യ താത്പര്യപ്പെട്ടിരുന്നത്. എന്നാൽ പിച്ചിന്റെ വേഗം കുറഞ്ഞ വിധവും മഞ്ഞിന്റെ സ്വാധീനം ഇല്ലാതിരുന്നതും നോക്കുമ്പോൾ ഇന്ത്യയുടെ തീരുമാനം പാക്കിസ്ഥാന് എതിരെ മാറിയേക്കും. പവർപ്ലേയിൽ കൂടുതൽ റൺസ് കണ്ടെത്താനാവും രണ്ട് ടീമും ശ്രമിക്കുക. 

പാക്കിസ്ഥാനെതിരെ ഇന്ത്യൻ ആധിപത്യം 

പാക്കിസ്ഥാനെതിരെ കളിച്ച കഴിഞ്ഞ 11 ഏകദിനങ്ങളി ഒൻപതിലും ജയിച്ചത് ഇന്ത്യയാണ്. ലോകകപ്പിലേയും ചാംപ്യൻസ് ട്രോഫഇയിലേയും ഏഷ്യാ കപ്പിലേയും മത്സരങ്ങളിലാണ് ഇത്. ചാംപ്യൻസ് ട്രോഫിയിൽ 2017ലെ ഫൈനലിൽ ഉൾപ്പെടെ അഞ്ചിൽ മൂന്ന് കളിയിൽ ഇന്ത്യയെ തോൽപ്പിക്കാൻ പാക്കിസ്ഥാന് സാധിച്ചിരുന്നു

Post a Comment

Previous Post Next Post