ഉറ്റവൻ ജീവനെടുത്തവർക്ക് നാടിന്റെ യാത്രാമൊഴി

(www.kl14onlinenews.com)
(25-Feb-2025)

ഉറ്റവൻ ജീവനെടുത്തവർക്ക് നാടിന്റെ യാത്രാമൊഴി

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടില്‍ കൂട്ടക്കൊലയ്ക്ക് ഇരയായവര്‍ക്ക് യാത്രാമൊഴിയേകി നാട്. അഫാൻ എന്ന 23 കാരൻ ജീവനെടുത്ത ഉറ്റവരുടെ സംസ്കാരം പൂർത്തിയായി. പ്രതിയുടെ സഹോദരൻ അഫ്സാൻ, മുത്തശ്ശി സൽമബീവി, ബന്ധുക്കളായ ലത്തീഫ്, ഷാഹിദ, പെൺസുഹൃത്ത് ഫർസാന എന്നിവരുടെ സംസാരമാണ് നടത്തിയത്. മരണപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധി ആളുകളാണ് എത്തിയത്. 

ഫർസാനയുടെ സംസ്കാരം ചിറയൻകീഴ് കാട്ടുമുറാക്കൽ ജുമാ മസ്ജിദിൽ നടന്നു. ഇതിനു ശേഷം അഫ്സാൻ, സൽമബീവി, ലത്തീഫ്, ഷാഹിദ എന്നിവരുടെ ഖബറടക്കം താഴേ പാങ്ങോട് മുസ്ലീം ജുമാ മസ്ജിദിൽ നടന്നു. പൊതുദർശനത്തിനു ശേഷമായിരുന്നു സംസ്കര ചടങ്ങുകൾ നടന്നത്.

അതേസമയം, അഫാന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മ ഷമി ആശുപത്രിയിൽ തുടരുകയാണ്. ഷമിയുടെ കണ്ണിന്റെ താഴെ രണ്ടു ഭാഗത്തും എല്ലിനു പൊട്ടലുണ്ടെന്നാണ് വിവരം. തലയ്ക്ക് പിന്നിലായി 13 സ്റ്റിച്ചുണ്ട്. അഫ്സാന്റെ മരണ വിവരം ഷമിയെ അറിയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോൾ ഇളയ മകനെ കുറിച്ച് ഷമി ആശുപത്രിയിലുണ്ടായിരുന്നവരോട് തിരക്കി. തന്റെ അരികിലേക്ക്​ അവനെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം.

ചുറ്റിക കൊണ്ടാണ് പ്രതി അഞ്ചു പേരെയും ആക്രമിച്ചത്. തിങ്കളാഴ്ച, രാവിലെ പത്തിനും വൈകിട്ട് ആറിനും ഇടയിൽ മൂന്നു വീടുകളിലായാണ് പ്രതി 5 കൊലപാതകങ്ങൾ നടത്തിയത്. പേരുമലയിലെ അഫാന്റെ വീട്ടിൽ നിന്ന് 25 കിലോമീറ്റർ അകലെ താമസിക്കുന്ന മുത്തശി സൽമാബീവിയെയാണ് അഫാൻ ആദ്യം കൊലപ്പെടുത്തിയത്. തുടർന്ന് പേരുമലയിലെ വീട്ടിൽ നിന്ന് 9 കിലോമീറ്റർ അകലെ പിതൃസഹോദരൻ അബ്ദുൽ ലത്തീഫ്, ഭാര്യ സജിതാബീവി എന്നിവരെ കൊലപ്പെടുത്തി

ഇതിനു ശേഷം സ്വന്തം വീട്ടിലെത്തി സഹോദരൻ അഹ്സാനെയും ഫർസാനയെയും കൊലപ്പെടുത്തി. അമ്മ ഷമിയെ തലയ്ക്കടിച്ചു ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തു. കൊലപാതക ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. 

കാമുകി ഫർസാനയെ കൊലപ്പെടുത്തിയത്, അവർ തനിച്ചാകുമെന്ന് കരുതിയാണെന്ന് ആണ് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. ചുറ്റിക കൊണ്ട് തലയ്ക്ക് തുടച്ചയായി അടിച്ച് അതിക്രൂരമായാണ് ഫർസാനയെ അഫാൻ കൊലപ്പെടുത്തിയത്. ഫർസാനയുടെ മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. മുഖം വികൃതമായ നിലയിലായിരുന്നു ഫർസാനയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.

Post a Comment

Previous Post Next Post