പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു; നടന്നത് അതിക്രൂരമെന്ന് പോലീസ്

(www.kl14onlinenews.com)
(25-Feb-2025)

പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു; നടന്നത് അതിക്രൂരമെന്ന് പോലീസ്

തിരുവനന്തപുരം :
വെഞ്ഞാറമൂട്ടിൽ നടന്ന കൂട്ടക്കൊലയിൽ കൂടുതൽ വെളിപ്പെടുത്തലുമായി പോലീസ്. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചതിന് തെളിവുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. അതിക്രൂരമായി ഇയാളെ കൊലപാതകത്തിലേയ്ക്ക് നയിച്ചത് മയക്കുമരുന്നിൻ്റെ ഉപയോഗമായേക്കാം എന്നും നിഗമനങ്ങളുണ്ട്. 

പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, "മയക്കുമരുന്ന് ഉപയോഗിച്ചതിന് തെളിവുകളുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ മയക്കുമരുന്നിന്റെ കൃത്യമായ സ്വഭാവം കണ്ടെത്താൻ കഴിയൂ" എന്ന് ഉദ്യോഗസ്ഥൻ മറുപടി നൽകി. പോലീസ് പറയുന്നതനുസരിച്ച്, ആറ് പേരെ കൊലപ്പെടുത്തിയതായി പ്രതിയായ അഫാൻ അവകാശപ്പെട്ടു. 

അഫാൻ്റെ മുത്തശ്ശി, സഹോദരൻ, അമ്മാവൻ, അമ്മായി എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം കുടുംബത്തിന് കൈമാറി. ബന്ധുക്കൾക്കും അയൽക്കാർക്കും അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി പ്രതിയുടെ മുത്തശ്ശിയുടെ പാങ്ങോടെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. സുഹൃത്തുക്കൾ, ബന്ധുക്കൾ, അയൽക്കാർ എന്നിവരുൾപ്പെടെ നൂറുകണക്കിന് ആളുകൾ ഇരകളുടെ മൃതദേഹം അവസാനമായി കാണാൻ എത്തി. തുടർന്ന്, മരിച്ചവരുടെ മൃതദേഹം വൈകുന്നേരം പാങ്ങോട് ജുമാ മസ്ജിദിൽ സംസ്കരിച്ചു.

അഫാൻ്റെ കാമുകി ഫർസാനയുടെ സംസ്കാര ചടങ്ങുകൾ അവരുടെ വീട്ടിലാണ് നടത്തിയത്. തുടർന്ന് വൈകുന്നേരം ചിറയിൻകീഴിലെ കാട്ടുമുറക്കൽ ജുമാ മസ്ജിദിൽ സംസ്കരിച്ചു. അഫാൻ്റെ  പിതൃസഹോദരൻ്റെ വീട്ടിലെ അലമാരകൾ തുറക്കാൻ ശ്രമിച്ചതായി തോന്നുന്നു, പക്ഷേ എന്തെങ്കിലും നഷ്ടപ്പെട്ടോ എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

കൊലപാതകത്തിന് പിന്നിലെ ലക്ഷ്യവും കൊലപാതകം നടത്താൻ ഉപയോഗിച്ച ആയുധവും ഉൾപ്പെടെയുള്ള കേസിന്റെ വിശദാംശങ്ങൾ പോലീസ് ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകങ്ങൾക്ക് പിന്നിലെ കാരണമെന്നും കൊലപാതകം നടത്താൻ അഫാൻ ചുറ്റിക ഉപയോഗിച്ചതായും ചില വാർത്താ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. തിങ്കളാഴ്ച വൈകുന്നേരം അഫാൻ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ ഹാജരായി കൊലപാതകം നടത്തിയതായി സമ്മതിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്

വെഞ്ഞാറമൂട് കൂട്ടക്കൊല; ഉമ്മയുടെ മുഖത്ത് ചുറ്റികകൊണ്ട് അഫാൻ‌ അടിച്ചത് 13 തവണ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാൻ മാതാവ് ഷെമിയെ ചുറ്റികകൊണ്ട് മുഖത്തടിച്ചത് 13 തവണ. എന്നാൽ കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് ആരോഗ്യനില വീണ്ടെടുക്കുന്ന ഷെമി ഡോക്ടറോട് പറഞ്ഞത്. മകന്റെ ഉൾപ്പെടെ കുടുംബത്തിൽ നടന്ന കൊലപാതക പരമ്പരകൾ ഒന്നും തന്നെ ഷെമി അറിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് മകനെ രക്ഷിക്കാൻ ഷെമി ഇങ്ങനെ പറഞ്ഞതെന്നാണ് വിലയിരുത്തൽ

മർദനത്തിൽ ഷെമിയുടെ തലയോട്ടിക്ക് പൊട്ടലേറ്റെങ്കിലും വേർപെടാത്തത് കാരണം ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഷെമി ആരോഗ്യനില വീണ്ടെടുക്കുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്. 13കാരനായ സഹോദരൻ അഫ്സാനെയാണ് അഫാൻ ക്രൂരമായി ആക്രമിച്ചത്. അഫ്സാന്റെ മുഖം പൂർണമായും അടിച്ചുതകർ‌ത്ത നിലയിലായിരുന്നു.

അതേസമയം ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാൻ്റെ മൊഴി പൊലീസ് എത്തി രേഖപ്പെടുത്തി. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് മെഡിക്കൽ കോളേജിൽ എത്തിയത്.

ബോധം തെളിഞ്ഞപ്പോള്‍ ആദ്യം ചോദിച്ചത് ഇളയമകൻ അഫ്സാനെക്കുറിച്ച്

തിരുവനന്തപുരം: അഫാന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മാതാവ് ഷെമി ബോധം തെളിഞ്ഞപ്പോള്‍ ആദ്യം അന്വേഷിച്ചത് ഇളയമകൻ അഫ്സാനെക്കുറിച്ച്. ഇളയമകനും ഉറ്റവർക്കുമുണ്ടായ ദുര്‍ഗതിയെ കുറിച്ച് അവർ അറിഞ്ഞിട്ടില്ല. ഇളയമകനെ കാണണമെന്നാണ് ബന്ധുക്കളോട് അവർ ആദ്യം ആവശ്യപ്പെട്ടത്. അഫ്സാനെ മൂത്തമകൻ അഫാൻ ക്രൂരമായി കൊലപ്പെടുത്തിയെന്ന വിവരം മാതാവിനോട് എങ്ങനെ പറയുമെന്ന ധർമസങ്കടത്തിലാണ് ബന്ധുക്കൾ

ഷമിയുടെ തലയ്ക്ക് പിറകിൽ 13 സ്റ്റിച്ചുണ്ട്. കണ്ണിന്റെ താഴെ രണ്ടുഭാഗത്തും എല്ലിന് പൊട്ടലുണ്ട്. വായ പൂര്‍ണമായി തുറക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. അടുത്ത ബന്ധുവിനെ കണ്ടപ്പോള്‍ തന്നെ ഇളയ മകന്‍ അഫ്സാനെക്കുറിച്ചാണ് ചോദിച്ചത്. അവനെന്തെങ്കിലും പറ്റിയോ എന്നു കരഞ്ഞുകൊണ്ടു ചോദിച്ചു. അവനെ തന്റെ അടുത്തേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞു. അഫാനെക്കുറിച്ച് അവര്‍ ഒന്നും ചോദിച്ചില്ലെന്നും ഷെമിയെ സന്ദര്‍ശിച്ച ബന്ധു പറയുന്നു.

അഫാന്‍ ആദ്യം ആക്രമിച്ചത് കാന്‍സര്‍ രോഗിയായ സ്വന്തം മാതാവ് ഷെമിയെ ആണെന്ന നിഗമനത്തിലാണ് പൊലീസ്. ആദ്യം കൊന്നതു മുത്തശ്ശി സല്‍മാ ബീവിയെ ആണെന്ന അഫാന്റെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. രാവിലെ പണം നല്‍കാത്തതിനെ ചൊല്ലി അമ്മയെ ആക്രമിച്ച അഫാന്‍ ഷാള്‍ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു കൊല്ലാനാണ് ശ്രമിച്ചത്. ഇതു വിജയിക്കാതെ വന്നതോടെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ചോരയില്‍ കുളിച്ചുകിടന്ന അമ്മ മരിച്ചുവെന്ന ധാരണയില്‍ മുറിയും വീടും പൂട്ടിയ ശേഷം അമ്മയുടെ ഫോണും എടുത്താണ് അഫാന്‍ പാങ്ങോടുള്ള മുത്തശ്ശിയുടെ വീട്ടിലേക്കു പോയത്.

കാമുകിയെ കൊലപ്പെടുത്തിയത് തനിച്ചാകുമെന്ന് കരുതിയെന്ന് പ്രതി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഉറ്റവരായ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിൽ വിചിത്രമായ വെളിപ്പെടുത്തലുകളുമായി പ്രതി അഫാൻ. കാമുകി ഫർസാനയെ കൊലപ്പെടുത്തിയത്, അവർ തനിച്ചാകുമെന്ന് കരുതിയാണെന്ന് പ്രതി പൊലീസിന് മൊഴി നൽകിയതായി റിപ്പോർട്ട്. ചുറ്റിക കൊണ്ട് തലയ്ക്ക് തുടച്ചയായി അടിച്ച് അതിക്രൂരമായാണ് ഫർസാനയെ അഫാൻ കൊലപ്പെടുത്തിയത്.

ഫർസാനയുടെ മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. മുഖം വികൃതമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ട്യൂഷൻ എടുക്കാൻ പോകുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞാണ് സംഭവം നടന്ന ദിവസം ഫർസാന വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇരുവരും കഴിഞ്ഞ ദിവസം ഒരുമിച്ച് ബൈക്കിൽ യാത്ര ചെയ്യുന്നതായി അഫാന്റെ ബന്ധു കണ്ടിരുന്നു.

അഞ്ചൽ സെൻ്റ് ജോൺസ് കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് 22 കാരിയായ ഫർസാന. വെഞ്ഞാറമൂടിലെ സ്കൂൾ പഠനകാലത്താണ് അഫാനും ഫർസാനയും പരിചയത്തിലാകുന്നത്. ഇരുവരുടെയും ബന്ധം വീട്ടുകാർ അറിഞ്ഞിരുന്നെന്നും അതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച, രാവിലെ പത്തിനും വൈകിട്ട് ആറിനും ഇടയിൽ മൂന്നു വീടുകളിലായാണ് പ്രതി 5 കൊലപാതകങ്ങൾ നടത്തിയത്. പേരുമലയിലെ അഫാന്റെ വീട്ടിൽ നിന്ന് 25 കിലോമീറ്റർ അകലെ താമസിക്കുന്ന മുത്തശി സൽമാബീവിയെയാണ് അഫാൻ ആദ്യം കൊലപ്പെടുത്തിയത്.

തുടർന്നാണ് പേരുമലയിലെ വീട്ടിൽ നിന്ന് 9 കിലോമീറ്റർ അകലെ പിതൃസഹോദരൻ അബ്ദുൽ ലത്തീഫ്, ഭാര്യ സജിതാബീവി എന്നിവരെ കൊലപ്പെടുത്തിയത്. പിന്നാലെ സ്വന്തം വീട്ടിലെത്തി സഹോദരൻ അഹ്സാനെയും ഫർസാനയെയും കൊലപ്പെടുത്തി. അമ്മ ഷമിയെ തലയ്ക്കടിച്ചു ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തു. കൊലപാതക ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.

Post a Comment

Previous Post Next Post