(www.kl14onlinenews.com)
(16-Feb-2025)
മുംബൈ :
ആദ്യ കൊമ്പുകോർക്കൽ കൊൽക്കത്തയും ആർസിബിയുമായി; ഐപിഎൽ ഷെഡ്യൂൾ പ്രഖ്യാപിച്ചു
കാത്തിരിപ്പിനൊടുവിൽ ഐപിഎൽ മത്സര ക്രമങ്ങൾ പ്രഖ്യാപിച്ചു. മാർച്ച് 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഈഡൻ ഗാർഡൻസിൽ പുതിയ ക്യാപ്റ്റൻ രജത് പാടീദാറിന് കീഴിൽ ഇറങ്ങുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. മാർച്ച് 23ന് രണ്ട് മത്സരങ്ങളാണ് ഉള്ളത്. ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് സൺറൈസേഴ്സ് ഹൈദരാബാദിന് മുൻപിലെത്തും. പിന്നാലെ ആരാധകർ കാത്തിരിക്കുന്ന സൂപ്പർ പോരാട്ടം. മുംബൈ ഇന്ത്യൻസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിന്റെ മുൻപിലെത്തും. മെയ് 25നാണ് ഫൈനൽ.
23ന് മുംബൈ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുമ്പോൾ ചെന്നൈയിലാണ് മത്സരം. 13 വേദികളിലായി 65 ദിവസത്തിനുള്ളിൽ 74 മത്സരങ്ങളാണ് കളിക്കുന്നത്. കോഹ്ലിയും ധോണിയും ഏറ്റുമുട്ടുന്ന രണ്ട് പോരാട്ടങ്ങളിൽ ആദ്യത്തേത് മാർച്ച് 28നാണ്. ചെന്നൈയിലാണ് ഇത്. മെയ് മൂന്നിന് ബെംഗളൂരുവിന്റെ തട്ടകത്തിലാണ് ചെന്നൈ സൂപ്പർ കിങ്സ്-റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു രണ്ടാമത്തെ മത്സരം.
മുംബൈ ഇന്ത്യൻസ് ബാംഗ്ലൂരിന് എതിരെ ഒരു മത്സരം മാത്രമാണ് കളിക്കുന്നത്. ഏപ്രിൽ ഏഴിന് മുംബൈയിലാണ് ഇത്. മാർച്ച് 23ന് ചെന്നൈ സൂപ്പർ കിങ്സിനെ നേരിട്ടു കഴിഞ്ഞാൽ പിന്നെ മുംബൈയും ചെന്നൈയും നേർക്കുനേർ വരുന്നത് ഏപ്രിൽ 20ന് ആണ്.
Post a Comment