(www.kl14onlinenews.com)
(17-Feb-2025)
ചാലക്കുടി: പോട്ട ഫെഡറൽ ബാങ്കിൽനിന്ന് 15 ലക്ഷം രൂപ കൊള്ളയടിച്ച പ്രതി റിജോയുടെ മൊഴിയിലെ വിശദാംശങ്ങൾ പുറത്ത്. ബാങ്ക് മാനേജർ മരമണ്ടനെന്നും കത്തി കാട്ടിയ ഉടൻ മാനേജർ മാറിത്തന്നെന്നും റിജോ പോലീസിനോട് പറഞ്ഞു. ജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ മോഷണത്തിൽനിന്ന് പിന്മാറിയിരുന്നേനെ. ബാങ്കിലെ പണം മുഴുവനായി എടുക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. തനിക്ക് ആവശ്യമുള്ള പണം എടുത്തശേഷമാണ് പോയതെന്നും പ്രതി പൊലീസിന് മൊഴി നൽകി.
ഇന്ന് പ്രതി റിജോയുമായി പൊലീസ് ബാങ്കിൽ തെളിവെടുപ്പ് നടത്തി. ബാങ്കിൽനിന്ന് മോഷ്ടിച്ച 15 ലക്ഷത്തിലെ 12 ലക്ഷം രൂപ റിജോയുടെ വീട്ടിലെ കിടപ്പുമുറിയിലെ ഷെൽഫിൽനിന്ന് പൊലീസ് കണ്ടെത്തി. റിജോ സുഹൃത്തിന് കടം വീട്ടിയ 2.9 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദിയാക്കാൻ ഉപയോഗിച്ച കത്തിയും മോഷണ സമയത്ത് റിജോ ധരിച്ചിരുന്ന വസ്ത്രവും ഇയാളുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കവർച്ച പ്രതി നേരത്തെ ആസൂത്രണം ചെയ്തിരുന്നതായാണ് പൊലീസ് പറയുന്നത്. പോട്ട ശാഖയിൽ പലവിധ ആവശ്യത്തിനായി വന്നു പോയി. കവർച്ചയ്ക്ക് 4 ദിവസം മുൻപും ബാങ്കിലെത്തി. ഈ സമയത്താണ് ഉച്ചയ്ക്ക് ബാങ്കിൽ ജീവനക്കാർ കുറവാണെന്നും ആ സമയം കവർച്ചയ്ക്കായി തിരഞ്ഞെടുക്കാമെന്നും തീരുമാനിച്ചത്. കവർച്ചയ്ക്കുശേഷം സഞ്ചരിക്കാനായി കൃത്യമായ റൂട്ട് മാപ്പ് പ്രതി തയ്യാറാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.
ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ കവർച്ച നടത്തി കടന്നു കളഞ്ഞ മോഷ്ടാവ് റിജോ ആന്റണി ഇന്നലെയാണ് പൊലീസ് പിടിയിലായത്. മോഷണം നടന്ന് മൂന്നാം ദിവസമാണ് പ്രതി പൊലീസിന്റെ പിടിയിലായത്. സ്വന്തം വീട്ടിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കടം വീട്ടാനായാണ് പ്രതി മോഷണം നടത്തിയത്.
ചാലക്കുടിയിലെ പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ, വെള്ളിയാഴ്ച ഉച്ചയോടെയാണ് മോഷണം നടന്നത്. ബൈക്കിലെത്തിയ മോഷ്ടാവ് കൗണ്ടറിൽ ജീവനക്കാരെ എത്തി കാട്ടി ഭീഷണിപ്പെടുത്തി മോഷണം നടത്തി കടന്നു കളയുകയായിരുന്നു. 15 ലക്ഷം രൂപയാണ് പ്രതി കൗണ്ടറിൽ നിന്ന് കൈക്കലാക്കിയത്.
Post a Comment