ഇനി കേസ് കൊടുക്കുമ്പോൾ കീശ നോക്കണം; സംസ്ഥാനത്ത് കോടതി ഫീസ് കുത്തനെ കൂട്ടി

(www.kl14onlinenews.com)
(07-Feb-2025)

ഇനി കേസ് കൊടുക്കുമ്പോൾ കീശ നോക്കണം; സംസ്ഥാനത്ത് കോടതി ഫീസ് കുത്തനെ കൂട്ടി

തിരുവനന്തപുരം: ബജറ്റിൽ സംസ്ഥാനത്തെ കോടതി ഫീസുകൾ വർധിപ്പിച്ചു.വിഭവസമാഹരണത്തിന്റെ ഭാഗമായാണ് കോടതി ഫീസുകൾ വർധിപ്പിച്ചതെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ  വ്യക്തമാക്കി

ചെക്ക് കേസുകളിൽ കുത്തനെ വർധനവ്

സംസ്ഥാനത്തെ ചെക്ക് കേസുകൾക്കായുള്ള കോടതി ഫീസ് നിലവിൽ 10 രൂപയാണ്. ഇത് ചെക്കിലെ തുക അനുസരിച്ച് വർധിപ്പിച്ചു. നിരസിക്കപ്പെടുന്ന ചെക്കിന്റെ തുക 10,000 രൂപ വരെയാണെങ്കിൽ 250 രൂപയാകും കോടതി ഫീസ്. 10,000 രൂപ മുതൽ മൂന്ന് ലക്ഷം വരെയാണെങ്കിൽ ചെക്കിലെ തുകയുടെ അഞ്ച് ശതമാനമാകും കോടതി ഫീസ്.

ഇത്തരം കേസുകളിൽ അപ്പീൽ നൽകുന്നതിനുള്ള ഫീസും ഉയർത്തിയിട്ടുണ്ട്. കുറ്റാരോപിതൻ സെഷൻസ് കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുമ്പോൾ 1,000 രൂപയാണ് ഫീസ് നൽകേണ്ടിവരിക. പരാതിക്കാരൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയാണെങ്കിൽ വിചാരണക്കോടതിയിൽ നൽകിയ ഫീസിന്റെ പകുതി തുകയും ഫീസായി നൽകേണ്ടിവരും. 

ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷനാണ് ഫയൽ ചെയ്യുന്നതെങ്കിൽ പരാതിക്കാരൻ ചെക്ക് തുകയുടെ 10 ശതമാനം കോടതി ഫീസായി അടയ്ക്കണം. ശിക്ഷാവിധിക്കെതിരെ കുറ്റാരോപിതൻ ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്യുമ്പോൾ നൽകേണ്ട കോടതി ഫീസ് 1,500 രൂപയായും ഉയർത്തിയിട്ടുണ്ട്.

കുടുംബകോടതികളിലും വർധനവ്

കുടുംബകോടതികളിൽ ഫയൽ ചെയ്യുന്ന വസ്തുസംബന്ധമായ കേസുകളുടെ കോടതി ഫീസും വർധിപ്പിച്ചിട്ടുണ്ട്. ഒരുലക്ഷം രൂപ വരെയുള്ള കേസുകളിൽ കോടതി ഫീസ് 200 രൂപയായും ഒരുലക്ഷം മുതൽ അഞ്ചുലക്ഷം രൂപ വരെയുള്ള കേസുകളിൽ അവകാശപ്പെടുന്ന തുകയുടെ അര ശതമാനമായുമാണ് വർധിപ്പിച്ചത്. 

അഞ്ചുലക്ഷത്തിന് മുകളിലുള്ള കേസുകളിൽ പരമാവധി  രണ്ട് ലക്ഷം രൂപ എന്ന വ്യവസ്ഥയിൽ, അവകാശപ്പെടുന്ന തുകയുടെ ഒരു ശതമാനമാകും കോടതി ഫീസ്. ഇത്തരം കേസുകളിൽ ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെടുന്ന അപ്പീലുകൾക്കും ഇതേ ഫീസുകളാകും ഈടാക്കുക. 

ജാമ്യാപേക്ഷ തുകയും വർധിപ്പിച്ചു

ജാമ്യാപേക്ഷയ്ക്കുള്ള തുകയും ബജറ്റിൽ വർധിപ്പിച്ചു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ, ജാമ്യാപേക്ഷ എന്നിവയ്ക്കുള്ള ഫീസ് 500 രൂപയായി വർധിപ്പിച്ചു.

സെക്ഷൻ കോടതികളിൽ മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള ഫീസ് 250 രൂപയും ജാമ്യാപേക്ഷയ്ക്കുള്ള തുക 200 രൂപയായും വർധിപ്പിച്ചു. തുടർന്നുള്ള ഓരോ ഹർജികൾക്കും അതാതിന്റെ പകുതി ഫീസും ഇവയല്ലാതെയുള്ള മറ്റ് കോടതികളിൽ ഓരോ ഹർജിക്കാരനും 50 രൂപ എന്നതിന്് വിധേയമായി പരമാവധി 250 രൂപയും ഫീസായി ഏർപ്പെടുത്തും.

മുൻ ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയുടെ ശുപാർശകൾ സ്വീകരിച്ചുകൊണ്ട് സംസ്ഥാനത്തെ കോർട്ട് ഫീസ് ആൻഡ് സ്യൂട്ട് വാല്യുവേഷൻ ആക്ടിൽ ഉചിതമായ മാറ്റം കൊണ്ടുവരുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സമിതിയുടെ അന്തിമ റിപ്പോർട്ടിൽ ശുപാർശ ചെയ്തതനുസരിച്ച് മറ്റുമേഖലകളിലും ഫീസ് വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവഴി 50 കോടി രൂപയുടെ അധിക വരുമാനമാണ്. സർക്കാർ പ്രതീക്ഷിക്കുന്നത്.

ഭൂനികുതിയും  കുത്തനെ കൂട്ടി

സംസ്ഥാനത്ത് ഭൂനികുതി വർധിപ്പിച്ചു. ഭൂമിയിൽ നിന്ന് സർക്കാരിന് ലഭിക്കേണ്ട വരുമാനം മെച്ചപ്പെടുത്തുന്നതിനായി നിലവിലുള്ള നികുതി സ്ലാബുകളിലെ നിരക്കുകൾ 50 ശതമാനം വർധിപ്പിക്കുന്നതായി ധനമന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തെ തുടർന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭൂമിയുടെ വരുമാന സാധ്യതകളും മൂല്യവും പതിന്മടങ്ങ് വർധിച്ചു. എന്നാൽ ഈടാക്കുന്നത് അടിസ്ഥാന ഭൂനികുതി നാമമാത്രമാണ്. ഭൂമിയിൽ നിന്ന് സർക്കാരിന് ലഭിക്കേണ്ട വരുമാനം മെച്ചപ്പെടുത്തുന്നതിനായി നിലവിലുള്ള നികുതി സ്ലാബുകളിലെ നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു

Post a Comment

Previous Post Next Post