സംസ്ഥാന ബജറ്റ് ; ഗതാഗത വികസനത്തിന് വമ്പൻ പദ്ധതികൾ

(www.kl14onlinenews.com)
(07-Feb-2025)

സംസ്ഥാന ബജറ്റ് ; ഗതാഗത വികസനത്തിന് വമ്പൻ പദ്ധതികൾ

തിരുവനന്തപുരം:സംസ്ഥാന ബജറ്റിൽ ഗതാഗത വികസനത്തിനായി  വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കുമെന്നും കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ വികസനം കൊണ്ടു വരുമെന്നും ധനമന്ത്രി പറഞ്ഞു. വിഴിഞ്ഞം-കൊല്ലം-പുനലൂർ വികസന ഇടനാഴിക്കായി 1000 കോടി രൂപ നീക്കിവച്ചു. തീരദേശ ഹൈവേ വികസനം ഉറപ്പാക്കുമെന്നും ബജറ്റിൽ പറയുന്നു

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വികസനത്തിന് മെട്രോപൊളിറ്റൻ പ്ലാൻ നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഉൾനാടൻ ജലഗതാഗതത്തിന് 500 കോടി വകയിരുത്തി. കോവളം- നീലേശ്വരം ജയപതാകയ്ക്കായി ബജറ്റിൽ തുക അനുവദിച്ചു. തീരദേശ പാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും. പാതയോരത്ത് ഇവി ചാർജിങ് സ്റ്റേഷനുകൾ, സൈക്ലിങ് പാർക്കുകൾ, നടപ്പാതകൾ തുടങ്ങിയവ സ്ഥാപിക്കും. കോവളത്തിനും ബേക്കലിനും ഇടയിലുളള ഉൾനാടൻ ജലപാതയുടെ സമ്പൂർണമായ പുനരുജ്ജീവനം ഉറപ്പാക്കും.

സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. അതിവേഗ റെയിൽ പാത നടപ്പിലാക്കാനുള്ള ശ്രമം ഇനിയും തുടരുമെന്ന് മന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു.

സംസ്ഥാനം തീക്ഷ്ണമായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു എന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനം പരിശോധിക്കുന്ന ആർക്കും സാമ്പത്തിക മുന്നേറ്റത്തിന് ടേക് ഓഫിന് ഒരുങ്ങി നിൽക്കുന്നുവെന്ന് കാണാനാവും ധനമന്ത്രി പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളർച്ചയുടെ ഘട്ടത്തിലാണ് ഇപ്പോൾ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്.

കേരള ബജറ്റ് ; വനം – വന്യജീവി സംരക്ഷണത്തിന് 305.61കോടി

തിരുവനന്തപുരം: വനം – വന്യജീവി സംരക്ഷണത്തിന് 305.61കോടി വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ആർ ആർ ടി സംഘത്തിൻ്റെ എണ്ണം 28 ആയി വർധിപ്പിച്ചു. കോട്ടൂർ ആന സംരക്ഷണ കേന്ദ്രത്തിന് 2 കോടി രൂപ അനുവദിച്ചെന്നും ധനമന്ത്രി.

വനമേഖലയിലെ വന്യമൃഗ ശല്യം നിയന്ത്രിക്കാനും വന മേഖലയിലെ ജനങ്ങളെ സംരക്ഷിക്കാനും പ്രത്യേക പാക്കേജിന് പ്ലാനിൽ അനുവദിച്ചിട്ടുള്ള തുകയ്ക്ക് പുറമെ 50 കോടി രൂപ കൂടി അധികമായി അനുവദിക്കുമെന്നും ബജറ്റിൽ പറയുന്നു.

സംസ്ഥാന ബജറ്റ്; കെഎസ്ആർടിസി വികസനത്തിന് 178.98 കോടി

തിരുവനന്തപുരം: കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപ അനുവദിച്ച് സംസ്ഥാന ബജറ്റ്. പുതിയ ഡീസൽ ബസ് വാങ്ങാൻ 107 കോടി രൂപ നീക്കിവച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

ഹൈദരാബാദിൽ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടി രൂപയും ചാമ്പ്യൻസ് ബോട്ട് ലീ​ഗിന് 8.96 കോടി രൂപയും പൊൻമുടിയിൽ റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപയും നീക്കി വച്ചതായി ധനമന്ത്രി പറഞ്ഞു

Post a Comment

Previous Post Next Post