വെഞ്ഞാറമൂട്ടിലെ അരുംകൊല; ഞെട്ടൽ മാറാതെ കേരളം; പ്രതി അഫാൻ ലഹരിക്കടിമയെന്ന ഡിവൈഎസ്‍പി

(www.kl14onlinenews.com)
(25-Feb-2025)

വെഞ്ഞാറമൂട്ടിലെ അരുംകൊല; ഞെട്ടൽ മാറാതെ കേരളം; പ്രതി അഫാൻ ലഹരിക്കടിമയെന്ന ഡിവൈഎസ്‍പി

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ അഞ്ച് പേരെ കൂട്ടക്കൊല ചെയ്ത പ്രതി അഫാൻ ലഹരിക്കടിമയെന്ന ഡിവൈഎസ്‍പി. ലഹരി ഉപയോഗത്തിൽ കൂടുതൽ പരിശോധന നടത്തും. കൊലപാതകങ്ങൾക്ക് പിന്നിൽ പല കാരണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതി ലഹരി ഉപയോഗിച്ചോ എന്നറിയാൻ രക്തസാമ്പിൾ പരിശോധനക്ക് അയച്ചിരുന്നു.

സാമ്പത്തിക ബാധ്യതയെന്ന് പ്രതി അഫാൻ മൊഴി നൽകിയെങ്കിലും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പിതാവിന്‍റെ സാമ്പത്തിക ബാധ്യതയിൽ മകൻ എന്തിന് കൊലപാതകം നടത്തിയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

അഫാന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാവ് ഷെമി , ഗോകുലം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഷെമിക്ക് ബോധം വന്നെങ്കിലും പറയുന്ന കാര്യങ്ങളിൽ അവ്യക്തതയുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ ഇവരുടെ മൊഴിയെടുക്കും. എലിവിഷം കഴിച്ച അഫാന്‍റെ ആരോഗ്യനില തൃപ്തികരമാണ്. ലഹരി ഉപയോഗിച്ചോയെന്നറിയാൻ രക്തം പരിശോധനക്ക് അയച്ചു. കൊല്ലപ്പെട്ട ലത്തീഫിന്‍റെയും ഷാഹിദയുടേയും ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. സൽമാ ബീവിയുടെ മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ഉടൻ മെഡിക്കൽ കോളജിലേക്ക് മാറ്റും .പോസ്റ്റ്മോർട്ടത്തിന് ശേഷം അഞ്ച് മൃതദേഹങ്ങളും ഇന്ന് സംസ്കരിക്കും.

പാങ്ങോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നിടങ്ങളിയി ഇന്നലെയാണ് നാടിനെ ഞെട്ടിച്ച കൊലപാതക പരമ്പര അരങ്ങേറിയത്. പ്രതി അഫാന്‍റെ സഹോദരൻ 8-ാം ക്ലാസ് വിദ്യാർഥി അഫ്സാൻ (13), പെൺസുഹൃത്ത് ഫർസാന (23), പിതൃസഹോദരൻ എസ്.എൻ പുരം ആലമുക്ക് ലത്തീഫ് (66), ഭാര്യ ഷാഹിദ (59), പിതൃമാതാവ് സൽമാബീവി (88) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഓട്ടോയില്‍ എത്തിയ യുവാവ് പറഞ്ഞത് വിശ്വസിക്കാതെ പൊലീസ്; ഞെട്ടിക്കുന്ന ക്രൂരഹത്യ

തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന ക്രൂരഹത്യയുടെ നടുക്കം ഇതുവരെ മാറിയിട്ടില്ല. ‘പാങ്ങോടും പുല്ലമ്പാറയിലും പേരുമലയിലുമായി അഞ്ചാറുപേരെ തട്ടിയിട്ടുണ്ട്. എല്ലാവരും മരിച്ചു കാണും’ സ്റ്റേഷനിലെത്തിയ ചെറുപ്പക്കാരന്‍ ഒരു ഭാവവ്യത്യാസമില്ലാതെ പറഞ്ഞപ്പോള്‍ പൊലീസുകാര്‍ക്ക് ആദ്യം വിശ്വാസമായില്ല. മനോദൗര്‍ബല്യമുള്ള യുവാവെന്നും ലഹരിക്ക് അടിമയെന്നുമെല്ലാമാണ് പൊലീസുകാര്‍ ആദ്യം വിചാരിച്ചത്. എന്നാല്‍ തിരുവനന്തപുരത്ത് കൂട്ടക്കൊലപാതകം നടത്തിയ അഫാന്‍ പറഞ്ഞ വീടുകളില്‍ പോയി പൊലീസുകാര്‍ അന്വേഷിച്ചപ്പോഴാണ് യുവാവ് പറഞ്ഞത് സത്യമാണെന്ന കാര്യം ബോധ്യമായത്.

വീടുകളിലേക്ക് തിരക്കിയെത്തിയ പൊലീസിന് കാണാന്‍ കഴിഞ്ഞത് നിരന്നു കിടക്കുന്ന മൃതദേഹങ്ങളാണ്. പറഞ്ഞതിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ പൊലീസ് ഇറങ്ങുമ്പോള്‍, സ്റ്റേഷനില്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു അഫാന്‍. പേരുമലയിലെ അവസാനത്തെ കൊലപാതകങ്ങള്‍ക്കുശേഷം നാല് കിലോമീറ്റര്‍ അകലെയുള്ള വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനു മുന്‍പില്‍ വൈകീട്ട് ആറോടെയാണ് അഫാന്‍ ഓട്ടോയിലെത്തിയത്. സ്റ്റേഷനിലേക്കു കയറിയപ്പോള്‍ ആദ്യം കണ്ട പൊലീസുകാരനോടു വിവരം പറഞ്ഞു: ‘പാങ്ങോടും പുല്ലമ്പാറയിലും പേരുമലയിലുമായി അഞ്ചാറുപേരെ തട്ടിയിട്ടുണ്ട്. എല്ലാവരും മരിച്ചു കാണും’- ഇതു കേട്ടപ്പോള്‍ മനോദൗര്‍ബല്യമുള്ള യുവാവെന്നും ലഹരിക്ക് അടിമയെന്നുമാണ് പൊലീസ് ആദ്യം കരുതിയത്.

അഫാനെ അകത്തേക്കു വിളിച്ചിരുത്തിയ പൊലീസുകാര്‍ കാര്യങ്ങള്‍ ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും മറുപടിയില്‍ വ്യക്തതയുണ്ടായില്ല. ഇതോടെ പൊലീസ് സംഘം പേരുമലയിലെ വീട്ടിലേക്കു തിരിച്ചു. തന്നില്‍നിന്നു പൊലീസിന്റെ ശ്രദ്ധ മാറിയെന്നു മനസ്സിലായതോടെ കയ്യില്‍ കരുതിയ എലിവിഷമെടുത്തു കഴിക്കാൻ അഫാൻ ശ്രമിച്ചു. പിന്നാലെ കുഴഞ്ഞുവീണു. പേരുമലയിലെ വീട്ടിലെത്തിയ പൊലീസിനു കാണാനായതു രണ്ടു മൃതദേഹങ്ങള്‍. അഫാന്റെ അനുജനും സുഹൃത്തും. ശ്വാസമുണ്ടെന്നു തിരിച്ചറിഞ്ഞതോടെ ഉമ്മ ഷമിയെ പൊലീസ് ആശുപത്രിയിലേക്കു മാറ്റി. ഇതിനുശേഷമാണ് പാങ്ങോട്ടും പുല്ലമ്പാറയിലും മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.

ആറു പേരും കൊല്ലപ്പെട്ടുവെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അഫാന്‍. കയ്യില്‍ എലിവിഷം കരുതി പൊലീസ് സ്റ്റേഷനിലെത്തിയത് അതുകൊണ്ടാണ്. എല്ലാവരുടെയും തലയ്ക്കാണ് അടിയേറ്റത്. പേരുമലയിലെ വീട്ടില്‍ ഉമ്മയെയും അനുജനെയും സുഹൃത്തിനെയും തലയ്ക്ക് അടിച്ച ശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്നു വിട്ടതും ആരും രക്ഷപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു. രാത്രിയില്‍ വീട്ടിലെത്തുന്ന പൊലീസോ, അയല്‍ക്കാരോ തീപ്പെട്ടിയുരച്ചാല്‍ വീടുള്‍പ്പെടെ കത്തുമെന്നായിരുന്നു യുവാവിന്റെ കണക്കുകൂട്ടല്‍ എന്നും പൊലീസ് പറയുന്നു.

Post a Comment

Previous Post Next Post