(www.kl14onlinenews.com)
(17-Feb-2025)
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ വ്യവസായ നയങ്ങളെ പ്രശംസിച്ച ശശി തരൂരിനെ വിമർശിച്ച് കെ.മുരളീധരൻ. പാർട്ടിയുടെ നയത്തിനെ തള്ളിക്കൊണ്ട് നേതാക്കൾക്ക് എല്ലാ കാര്യത്തിലും വ്യക്തിപരമായ അഭിപ്രായം പറയാനാകില്ല. തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണ്. ഹൈക്കമാൻഡ് ആണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. നാലു തവണ ജയിപ്പിച്ച പാവപ്പെട്ട പാർട്ടി പ്രവർത്തകരെ തരൂർ മറന്നുവെന്നും മുരളീധരൻ പറഞ്ഞു.
ശശി തരൂർ കേരളത്തിലെ വ്യവസായ മേഖലയെക്കുറിച്ചെഴുതിയ ലേഖനമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വ്യവസായ മേഖലയിലെ പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ടായിരുന്നു ലേഖനം. 2024-ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാർട്ടപ്പ് മൂല്യം ആഗോള ശരാശരിയേക്കാൾ അഞ്ചിരട്ടി അധികമാണെന്നാണ് ശശി തരൂരിന്റെ ലേഖനത്തിൽ പറയുന്നത്.
ലേഖനത്തെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തെത്തിയിരുന്നു. ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശശി തരൂർ അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്ന് സതീശൻ പറഞ്ഞു. രമേശ് ചെന്നിത്തലയും ശശി തരൂരിന്റെ നിലപാട് തള്ളി രംഗത്തെത്തിയിരുന്നു. വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും നല്ലത് കണ്ടാൽ നല്ലതാണെന്ന് തന്നെ പറയുമെന്നും ശശി തരൂർ പ്രതികരിച്ചിരുന്നു. അതേസമയം, പാർട്ടിയെ വെല്ലുവിളിക്കുന്ന ശശി തരൂരിനോടുള്ള നേതൃത്വത്തിന്‍റെ നിലപാടിൽ സംസ്ഥാന കോൺഗ്രസിൽ ഭിന്നത രൂക്ഷമായിട്ടുണ്ട്.
Post a Comment