(www.kl14onlinenews.com)
(12-Feb-2025)
തിരുവനന്തപുരം: എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനം പിസി ചാക്കോ രാജിവെച്ചു. പാർട്ടിക്കുള്ളിലെ ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് പിസി ചാക്കോയുടെ രാജി. എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിന് രാജിക്കത്ത് കൈമാറി.
സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേരത്തേ നേതാക്കളോട് പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞിരുന്നു.അതേസമയം, ചാക്കോ എൻസിപി ദേശീയ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരും.
ശശീന്ദ്രനുമായി തർക്കത്തിനൊടുവിൽ രാജി
മന്ത്രിമാറ്റത്തില്‍ പി സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിസമ്മതിക്കുകയായിരുന്നു.
തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് നിലപാടിൽ പിസി ചാക്കോ ഉറച്ചുനിന്നെങ്കിലും അനുകൂല നിലപാട് എൽഡിഎഫിൽ നിന്നും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകത്തിലുള്ള അതൃപ്തി പലതവണ ചാക്കോ പ്രകടിപ്പിച്ചിരുന്നു. തോമസ് കെ തോമസിനെ മന്ത്രിയാക്കിയില്ലെങ്കിൽ എൻസിപിക്ക് മന്ത്രി വേണ്ടായെന്ന് നിലപാട് പിസി ചാക്കോ സ്വീകരിച്ചെങ്കിലും ശശീന്ദ്രൻ അതിനെ തള്ളിക്കളയുകയായിരുന്നു. ഇതോടെയാണ് എൻസിപിയിൽ ഭിന്നത രൂക്ഷമായത്.
പരസ്യ ഏറ്റുമുട്ടലിലേക്ക്
ആറാം തീയതി നടന്ന എൻസിപി സംസ്ഥാന ഭാരവാഹിയോഗത്തില്‍ എകെ ശശീന്ദ്രന്‍ വിഭാഗം പങ്കെടുത്തിരുന്നില്ല. പിസി ചാക്കോയുടെ നേതൃത്വം അംഗീകരിക്കാനാകില്ലെന്ന് ശശീന്ദ്രന്‍ വിഭാഗം നിലപാട് എടുത്തിരുന്നു.കൂടാതെ പിസി ചാക്കോക്കെതിരെ രൂക്ഷ വിമർശനവുമായി ശശീന്ദ്രൻ അനുകൂല പക്ഷം രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം പിസി ചാക്കോ നിയോഗിച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ചുമതലയേല്‍ക്കാന്‍ ഓഫീസില്‍ എത്തിയപ്പോള്‍ എതിര്‍വിഭാഗം തടഞ്ഞിരുന്നു. സ്ഥാനമൊഴിയില്ലെന്ന നിലപാട് പ്രസിഡന്റ് ആട്ടുകാല്‍ അജി സ്വീകരിച്ചതോടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് കസേരകള്‍ ഉള്‍പ്പെടെ എടുത്ത് തമ്മിലടിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്.2021ലാണ് പിസി ചാക്കോ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് എന്‍സിപിയില്‍ ചേര്‍ന്നത്.
Post a Comment