പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം ആയുധ കച്ചവടത്തിന്: മുഖ്യമന്ത്രി പിണറായി വിജയൻ

(www.kl14onlinenews.com)
(11-Feb-2025)

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം ആയുധ കച്ചവടത്തിന്: മുഖ്യമന്ത്രി പിണറായി വിജയൻ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം ആയുധ കച്ചവടം ഉറപ്പിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോദിക്ക് മുൻപ് അമേരിക്ക സന്ദർശിച്ചത്  ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആണെന്നും പിണറായി വിജയൻ പറഞ്ഞു. തൃശൂരിൽ സിപിഎം ജില്ലാ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നെതന്യാഹുവിന്റെ അമേരിക്കൻ സന്ദർശനത്തിനു തൊട്ടുപിന്നാലെ കാണുന്നത് നരേന്ദ്ര മോദിയെ ആണ്. യാദൃശ്ചികം ആകാം എന്നാലും ഒരു പ്രത്യേക പൊരുത്തം ഇത്തരം കാര്യങ്ങളിലെല്ലാം ഉണ്ട്. കൂടുതൽ ആയുധ കച്ചവടം ഉറപ്പിക്കലാണ് നടക്കാൻ പോകുന്നത്. അമേരിക്കയോടുള്ള വിധേയത്വം വർധിപ്പിക്കലാണ് ഈ സന്ദർശനം ഉറപ്പാക്കാൻ പോകുന്നത്,' മുഖ്യമന്ത്രി പറഞ്ഞു.

അമേരിക്കയുടെ തെറ്റായ നടപടികളിൽ പ്രതികരിക്കാൻ പോലും പ്രധാനമന്ത്രി തയ്യാറാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 'നൂറിലധികം ഇന്ത്യക്കാരെ അമേരിക്കയിൽ നിന്ന് കൈകാലുകൾ ബന്ധിച്ച് തിരിച്ചയച്ചു. എന്താണ് ഇങ്ങനെ നിലപാട് സ്വീകരിക്കാൻ കാരണം? അവർ ക്രിമിനലുകൾ ഒന്നും അല്ലല്ലോ? സാധാരണഗതിയിൽ അന്തസായി ജീവിക്കുന്നവരല്ലേ, ഇന്ത്യൻ പൗരന്മാരല്ലേ?'

'ഇന്ത്യയോട് കാണിക്കുന്ന അങ്ങേയറ്റം അനാദരവായാണ് ഇതിനെ കാണേണ്ടത്. പക്ഷെ അങ്ങനെ കാണാൻ നമ്മുടെ രാജ്യത്തെ ഭരണാധികാരികൾക്ക് നട്ടെല്ലില്ലാതെ പോയി. കാരണം അത്തരം ഒരു നിലപാടെടുത്ത് പ്രതികരിച്ചാൽ അമേരിക്കയുടെ നടപടിയെ കുറ്റപ്പെടുത്തേണ്ടി വരും. അമേരിക്കയോടുള്ള വിധേയത്വം നമ്മുടെ ഭരണാധികാരികളെ അതിന് അനുവദിക്കുന്നില്ല. ഇതിനെ ന്യായീകരിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രിതന്നെ രംഗത്തെത്തി. എന്തൊരു ലജ്ജാകരമാണ്,' മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചു കേന്ദ്രമന്ത്രിമാര്‍ നെറികേടിന് കൂട്ടുനിന്നുവെന്ന് മുഖ്യമന്ത്രി


കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ നിലപാട് നെറികേടിന്റെ ഭാഗമാണ്. അവരുടെ ഭാഷ നെറികെട്ടതാണ്. ബജറ്റില്‍ കേരളത്തെ അവഗണിച്ച കേന്ദ്ര നിലപാടിന് കേന്ദ്രമന്ത്രിമാര്‍ കൂട്ടുനിന്നുവെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.

കേരളം എന്നൊരു പേര് പരാമര്‍ശിക്കാത്ത ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തോട് ശത്രുതാപരമായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേന്ദ്രം ഇങ്ങനെ അവഗണിക്കാന്‍ മാത്രം കേരളം എന്ത് കുറ്റം ചെയ്തുവെന്നും മുഖ്യമന്ത്രി ചോദിച്ചു. എയിംസ് ഇല്ലാത്ത ഏക നാടാണ് നമ്മുടെ സംസ്ഥാനം. എയിംസ് അനുവദിക്കണമെന്ന് കേരളം കാലാകാലങ്ങളായി ആവശ്യപ്പെടുന്നു. എന്നാല്‍ ഇതിനോട് അനുകൂല സമീപനമല്ല കേന്ദ്രം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യാത്ത മാധ്യമങ്ങളേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. വിഷയം മാധ്യമങ്ങള്‍ എത്ര കണ്ട് ശരിയായി അവതരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് നിരക്കാത്ത കാര്യങ്ങളെ തുറന്നു കാണിക്കാന്‍ എന്താണ് പ്രയാസമെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു

സ്വകാര്യ സര്‍വകലാശാല വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. സ്വകാര്യ സര്‍വകലാശാലകളില്‍ പൊതു റിസര്‍വേഷന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ സര്‍വകലാശാലകളില്‍ സാമൂഹ്യ നീതി പ്രതിഫലിക്കും. വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. എല്‍ഡിഎഫും സര്‍ക്കാരും ചെയ്യുന്നതിനെ അനാവശ്യമായി വിമര്‍ശിക്കുകയാണ് പ്രതിപക്ഷം. എല്‍ഡിഎഫും സര്‍ക്കാരും ഒരു കാര്യം ചെയ്യുന്നത് സാമൂഹിക നീതി ഉറപ്പാക്കിയിട്ടായിരിക്കും. സ്വകാര്യ സര്‍വകലാശാല തുടങ്ങുന്നത് കച്ചവടത്തിനല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

കേരളത്തിന്റെ വരുമാനം മദ്യം മാത്രമാണെന്നുള്ള പ്രചാരണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളില്‍ മദ്യത്തില്‍ നിന്നുള്ള വരുമാനം വന്‍തോതിലുണ്ട്. വസ്തുതകള്‍ തെറ്റായി ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post