ചാംപ്യന്‍സ് ട്രോഫിയില്‍ സെമി ഉറപ്പിക്കാന്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്നിറങ്ങും

(www.kl14onlinenews.com)
(25-Feb-2025)

ചാംപ്യന്‍സ് ട്രോഫിയില്‍ സെമി ഉറപ്പിക്കാന്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്നിറങ്ങും
റാവല്‍പിണ്ടി: ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും. ആദ്യ മത്സരം ജയിച്ചെത്തുന്ന ഇരു ടീമുകളും ജയം തുടരാനാണ് ഇറങ്ങുക. റാവല്‍പിണ്ടിയില്‍ ഉച്ചയ്ക്ക് 2.30 മുതലാണ് മത്സരം. ആദ്യ മത്സരത്തില്‍ മുന്നൂറിന് മുകളില്‍ സ്‌കോര്‍ ചെയ്ത രണ്ട് ടീമുകളാണ് ഓസ്രേലിയും ദക്ഷിണാഫ്രിക്കയും. ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്‌കോര്‍ മറികടന്നെത്തുന്ന ഓസ്‌ട്രേലിയയും അഫ്ഗാനിസ്ഥാന്റെ അട്ടിമറിമോഹങ്ങള്‍ തകര്‍ത്തെത്തുന്ന ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ക്ലാസിക് പോരാട്ടത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര തോറ്റ് ചാംപ്യന്‍സ് ട്രോഫിക്കെത്തിയ ഓസീസ് ഇംഗ്ലണ്ടിനെതിരെ റെക്കോര്‍ഡ് ചേസ് നടത്തിയാണ് ജയിച്ചു തുടങ്ങിയത്.

നായകന്‍ പാറ്റ് കമിന്‍സും ജോഷ് ഹേസല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും അടക്കം പ്രധാന താരങ്ങളില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് ഇംഗ്ലണ്ടിനെതിരെ നേടിയ വിജയമായിരുന്നു ഓസീസിന്റെ മറുപടി. ട്രാവിസ് ഹെഡും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഫോമിലേക്കെത്തിയാല്‍ ഓസീസിന് മൂന്നോട്ടുള്ള യാത്ര ഈസിയാകും. സര്‍പ്രൈസ് ഹിറ്റടിച്ച ജോഷ് ഇന്‍ഗ്ലിസ് ഫോം തുടരുമെന്നാണ് ആരാധക പ്രതീക്ഷ. പക്ഷേ, മാര്‍ക്കോ യാന്‍സണും റബാഡയും അടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ പേസ് നിരയെ കരുതിയിരിക്കണം ഓസ്‌ട്രേലിയ. പരിയസമ്പത്തില്ലാത്ത പേസ് നിരയാണ് ഓസീസിന്റെ പ്രധാന പ്രശ്‌നം.

സ്‌പെന്‌സര്‍ ജോണ്‍സണും നാഥന്‍ എല്ലിസുമടക്കമുള്ള പേസര്‍മാര്‍ക്ക് റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കേയില്ല. അതിനാല്‍ തന്നെ പാര്‍ട് ടൈം ബോളര്‍മാര്‍ക്ക് പണി കൂടുമെന്നര്‍ഥം. ഇംഗ്ലണ്ടിനെതിരെ ഏഴ് ബോളര്‍മാരെയാണ് ക്യാപ്റ്റന്‍ സ്മിത്ത് പരീക്ഷിച്ചത്. ഇംഗ്ലണ്ടിനേക്കാള്‍ അപകടകാരികളാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍. ഓപ്പണര്‍ റയാന്‍ റെക്കില്‍റ്റണ്‍, വാന്‍ഡര്‍ ദസ്സന്‍, ഏയ്ഡന്‍ മാര്‍ക്രം എന്നിങ്ങനെ വെടിക്കെട്ട് ബാറ്റര്‍മാര്‍ നിരവധി. ആദ്യ മത്സരത്തില്‍ തിളങ്ങാതിരുന്ന ഹെന്റിച്ച് ക്ലാസന്‍ കൂടി തിരികെ എത്തിയാല്‍ ദക്ഷിണാഫ്രിക്ക് തകര്‍ക്കുമെന്നുറപ്പ്. മില്ലറിന്റെ ഫിനിഷിങിന് പഴയ മൂര്‍ച്ചയില്ലാത്തതാണ് ടീം നേരിടുന്ന പ്രധാന പ്രതിസന്ധി. റെക്കോര്‍ഡ് റണ്‍ ചേസ് നടത്തിവരുന്ന ഓസീസിന് മുന്നില്‍ വന്‍ ലക്ഷ്യം ഉയര്‍ത്തണമെങ്കില്‍ കില്ലര്‍ പഴയ കില്ലറായെ പറ്റൂ.

Post a Comment

Previous Post Next Post