(www.kl14onlinenews.com)
(02-Feb-2025)
സർക്കാർ കെട്ടിടങ്ങൾ അനാഥമായി കിടക്കുന്നു; സർക്കാറിൻ്റെ കീഴിലുള്ള വാടക കെട്ടിടങ്ങളിലെ ഓഫിസുകൾ മാറ്റിസ്ഥാപിക്കാൻ ജനകീയ കൂട്ടായ്മ
ഉപ്പള:മംഗൽപാടി പഞ്ചായത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ 10 കെട്ടിടങ്ങൾ അനാഥമായി കിടക്കുന്നു. 8 കെട്ടിടങ്ങൾ പഴയ ഗവർമെന്റ് ഹൈസ്കൂൾ മംഗൽപാടിയിലും, ചിഹ്നമുഗർ, ഷിറിയ എന്നീ ഏകാധ്യാപക വിദ്യാലയങ്ങളും അടക്കമാണ് പത്ത് കെട്ടിടങ്ങൾ. ഇവിടെ ഇപ്പോൾ ജിബി എൽ പി സ്കൂൾ മംഗൽപാടി മാത്രം പ്രവർത്തിക്കുന്നു. ഈ സ്ഥാപനത്തിന് 100 വർഷത്തിലേറെ പഴക്കമുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നു. മംഗൽപാടി ഗവൺമെന്റ് ഹയർസെക്കൻഡറിയുടെ ഭാഗമായ ഹൈസ്കൂളും യുപി സ്കൂളും ഹയർസെക്കൻഡറി സ്ഥിതി ചെയ്യുന്ന ജനപ്രിയ ജംഗ്ഷനിലേക്ക് മാറ്റിയതിനാൽ ആണ് 8 കെട്ടിടങ്ങൾ കാലിയായത്. ഏകാധ്യാപക വിദ്യാലയങ്ങൾ സർക്കാർ നിർത്തലാക്കുകയും അവിടത്തെ അധ്യാപകരെ മറ്റിടങ്ങളിൽ വിന്യസിപ്പിക്കുകയും ചെയ്തതിനാൽ അവയുടെ കെട്ടിടങ്ങൾ ഒഴിഞ്ഞു കിടക്കുന്നു.
സ്കൂൾ മാറിയത് മൂലം ഏറെ ദുരിതത്തിൽ ആയത്, കുക്കാർ, ചെറുകോളി, പെരിങ്കടി, ബെരിക്ക, കടപ്പുറം, മള്ളങ്കെ,ബന്ദിയോട്, അടുക്ക, ബൈദല പ്രദേശങ്ങളിലെ യുപി വിദ്യാർത്ഥികളാണ്.അവർ കിലോമീറ്ററുകൾ താണ്ടി ഷിറിയ ഹയർസെക്കൻഡറി സ്കൂളിലോ പാറക്കട്ട എ.ജെ.ഐ.യു പി സ്കൂളിലോ പോകണം. ഇല്ലെങ്കിൽ പഠനം പാതിവഴിയിൽ നിർത്തി വീട്ടിൽ ഇരിക്കണം. ജി. ബി.എൽ.പി സ്കൂൾ മംഗൽപാടിയെ യുപി സ്കൂൾ ആയി ഉയർത്തുകയും ഹയർസെക്കൻഡറിയിലേക്ക് മാറ്റിയ യുപി ക്ലാസുകൾ തിരിച്ചുകൊണ്ടു വരികയും ചെയ്താൽ മേൽ പ്രദേശങ്ങളിലെ യുപി
വിദ്യാർഥികൾക്ക് ആശ്വാസകരമാ കുന്നതാണ്. പുതിയ ഹെഡ്മാസ്റ്റർ നിയമിക്കേണ്ടതുമില്ല.
കണ്ണൂർ, കോഴിക്കോട്, ചാവക്കാട്, എറണാകുളം, തിരുവനന്തപുരം, എന്നീ സ്ഥലങ്ങളിൽ സ്കൂൾ വളപ്പിൽ ശിക്ഷക്ക് സദനുകൾ പ്രവർത്തിക്കുന്നു.കാസർഗോഡ് ജില്ലയിൽ ശിക്ഷക് സദൻ ഇല്ല. മംഗൽപാടിയിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഒഴിഞ്ഞ കെട്ടിടങ്ങൾ ഉള്ളതിനാൽ സർക്കാരിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയാൽ ചിലവില്ലാതെ ശിക്ഷക്ക് സദൻ സാധ്യമാകുന്നതാണ്. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ റവന്യൂ വകുപ്പിന് കൈമാറിയാൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നിരവധി സർക്കാർ ഓഫീസുകൾ അതിലേക്ക് മാറ്റാനും സാധിക്കുന്നതാണ്.
ഫെബ്രുവരി10ന് സർവ്വ കക്ഷി നേതാക്കളെയും ജനപ്രതിനിധികളെയും വിദ്യാഭ്യാസ പ്രവർത്തകരെയും ക്ഷണിച്ച് പ്രശ്നങ്ങൾ ഗൗരവമായി ചർച്ച ചെയ്യുന്നതിന് വേണ്ടി മഞ്ചേശ്വരം താലൂക്ക് ഭരണഭാഷ വികസന സമിതിയും മംഗൽപാടി ജനകീയവേദിയും ഒരുക്കങ്ങൾ നടത്തിവരികയാണ്.
Post a Comment