(www.kl14onlinenews.com)
(23-Feb-2025)
കൊല്ലം: കുണ്ടറ റെയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ് വച്ച സംഭവത്തിൽ പ്രതികളെ പോലീസ് പിടികൂടി. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.
ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് റെയിൽപാളത്തിൽ പോസ്റ്റ് കണ്ടത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായിരിക്കുന്നത്. പ്രതികൾ മുമ്പും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്നും പോലീസുകാരനെ ആക്രമിച്ച കേസിൽ പ്രതിയാണ് ഒരാളെന്നും പോലീസ് പറഞ്ഞു.
പാലരുവി ട്രെയിൻ കടന്നുപോകുന്നതിന് മുൻപായി രാത്രി രണ്ടു മണിയോടെയാണ് സംഭവം. പ്രദേശവാസി അറിയിച്ചതിനെ തുടർന്ന് ഏഴുകോണ്‍ പൊലീസ് സ്ഥലത്തെത്തി പോസ്റ്റ് പാളത്തിൽ നിന്ന് മാറ്റുകയായിരുന്നു. ഇതിനു ശേഷവും പോസ്റ്റ് പാളത്തിൽ കണ്ടതോടെയാണ് അട്ടിമറിയാകാമെന്ന് സംശയം ശക്തമായത്.
ട്രാക്കിൽ നിന്ന് പോസ്റ്റു മാറ്റി ഏതാനും മണിക്കൂറുകൾക്ക് ശേഷം റെയിൽവേ പൊലീസ് സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് വീണ്ടും പാളത്തിൽ പോസ്റ്റു കണ്ടത്. അട്ടിമറി സാധ്യത കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്
Post a Comment